ബഹിരാകാശ നിലയം വരെയെത്തിയൊരു വിവാഹമോചനം

ബഹിരാകാശ നിലയം വരെയെത്തിയൊരു വിവാഹമോചനം

ബഹിരാകാശ നിലയത്തിലേക്കുള്ള ടിക്കറ്റിന്റെ പേരില്‍ വിവാഹ മോചന കേസ്‌

ചെറിയ കാരണങ്ങളായിരിക്കും പലപ്പോഴും പലരേയും വിവാഹ മോചനത്തിലേക്കെത്തിക്കുക. അത്തരം വിവാഹമോചന വാര്‍ത്തകള്‍ കൗതുക വാര്‍ത്തകളായി നമുക്കുമുന്നിലെത്താറുമുണ്ട്. പക്ഷെ കുറച്ചു വലിയൊരു  വിവാഹമോചന വാര്‍ത്തയാണ് ബ്രിട്ടനില്‍ നിന്നും വരുന്നത്. വലുതെന്നുവെച്ചാല്‍ ബഹിരാകാശനിലയം വരെയെത്തിയ വിവാഹമോചന കേസ്. 

ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ ചെലവ് ഭര്‍ത്താവ് വഹിക്കണമെന്ന ആവശ്യവുമായി ഭാര്യ യുകെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ബഹിരാകാശത്തേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കപ്പെടുന്ന ആദ്യ സ്വകാര്യ ഫ്‌ളൈറ്റായ വിര്‍ജിന്‍ ഗാലക്റ്റിക്‌സിലെ ടിക്കറ്റിനാവശ്യമായ പണത്തിന് വേണ്ടിയാണ് മീര മനേകെന്ന മുപ്പത്തിമൂന്നുകാരി കോടതിയെ സമീപിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരാണ് ഇരുവരും. 

ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷത്തിലധികം രൂപയാണ് ഭാവിയിലേക്കായി പദ്ധതിയിടുന്ന ബഹിരാകാശ യാത്രയ്ക്ക് വിര്‍ജിന്‍ ഗാലക്റ്റിക്‌സിലെ ടിക്കറ്റിനായി വേണ്ടിവരുന്നത്. ഇത് ഭര്‍ത്താവായ ആശിഷ് താക്കൂര്‍ നല്‍കണമെന്നാണ് മീര മനേകയുടെ ആവശ്യം. വിര്‍ജിന്‍ ഗാലക്റ്റിക്‌സ് എന്ന ആശയത്തിന്റെ തുടക്കത്തില്‍ തന്നെ ബഹിരാകാശ നിലയത്തിലേക്ക് ആശിഷ് താക്കൂര്‍ തന്റെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ മൂന്നുകോടി എഴുപത്തിയൊന്നു ലക്ഷം രൂപയിലടങ്ങുന്നതാണ് തന്റെ ആസ്തിയെന്നാണ് ആശിഷ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.

ഭാര്‍ത്താവ് ബില്യണയറാണെന്ന് ഭാര്യയും, മൂന്ന് കോടി രൂപയിലൊതുങ്ങുന്നതാണ് തന്റെ സ്വത്തുക്കളെന്ന് ഭര്‍ത്താവും നിലപാടെടുത്തതോടെ ആശിഷിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോടതി. ആശിഷിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷിച്ചതിന് ശേഷമായിരിക്കും ഡിവോഴ്‌സ് സെറ്റില്‍മെന്റായി മീരയ്ക്ക് എത്ര രൂപ നല്‍കണമെന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കു. 

2008ല്‍ വിവാഹിതരായ ഇവര്‍ 2013 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. സണ്‍ഡേ ടൈം മാഗസിന്‍ പുറത്തുവിട്ട ബ്രിട്ടനിലെ സമ്പന്നരുടെ ലിസ്റ്റില്‍ 500 മില്യണ്‍ പൗണ്ടാണ് ആശിഷ് താക്കൂറിന്റെ ആസ്തിയായി പറയുന്നത്. എന്തായാലും ബഹിരാകാശത്തേക്കുള്ള യാത്ര ടിക്കറ്റിന്റെ പണം തനിക്ക് ഭര്‍ത്താവ് നല്‍കണമെന്നാണ് മീര പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com