ഫ്രഞ്ചുകാര്‍ക്ക് ചുവപ്പെന്നാല്‍ പച്ചയാണ്, ജപ്പാന്‍കാര്‍ മര്യാദാരാമന്മാരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2017 10:41 AM |
Last Updated: 23rd February 2017 10:48 AM | A+A A- |

ഫ്രഞ്ചുകാര്‍ക്ക് ചുവപ്പെന്നാല്‍ പച്ചയാണ്. റോഡ് ക്രോസ് ചെയ്യുന്ന സമയത്തെ സിഗ്നല്‍ ലൈറ്റുകളോടുള്ള ഫ്രഞ്ചുകാരുടെ പ്രതികരണത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഫ്രാന്‍സിലെ കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതില്‍ അശ്രദ്ധരാണെന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ജപ്പാന്‍കാര്‍ക്കും ഫ്രഞ്ചുകാര്‍ക്കുമിടയില്‍ കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അതില്‍ ജപ്പാന്‍കാരാണ് മര്യാദരാമന്മാരെന്ന് പഠനത്തില്‍ വ്യക്തമായി. സ്ട്രാസ്ബര്‍ഗിലെ മുന്നിടങ്ങളിലായുള്ള ട്രാഫിക് സിഗ്നലിലും ജപ്പാന്‍ നഗരമായ നഗോയായിലെ നാല് സിഗ്നലുകളിലുമാണ് കാല്‍നട യാത്രക്കാരെ പരീക്ഷണവിധേയമാക്കിയത്.
പരീക്ഷണ വിധേയമാക്കിയ പത്തില്‍ നാല് ഫ്രഞ്ചുകാരും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള സിഗ്നല്‍ ചുവപ്പിലെത്തുമ്പോഴും റോഡ് മുറിച്ചുകടക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ പൊതുവെ അച്ചടക്കത്തിന് പേരുകേട്ട ജപ്പാന്‍കാരാകട്ടെ സിഗ്നല്‍ ലൈറ്റുകള്‍ കൃത്യമായി പിന്തുടരുന്നു. ജപ്പാനില്‍ റെഡ് ലൈറ്റിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത് 2.1 ശതമാനം മാത്രമാണ്. എന്നാല്‍ ഫ്രാന്‍സിലിത് 41.9 ശതമാനമാണ്. ഇരു രാജ്യങ്ങളുടേയും സംസ്‌കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്തു വിചാരിക്കും എന്ന ചിന്ത ഫ്രഞ്ചുകാര്‍ക്കിടയില്‍ കുറവായതുകൊണ്ടാണ് നിയമങ്ങള്‍ ലംഘിക്കാന്‍ ഫ്രഞ്ചുകാര്‍ക്ക് മടിയില്ലാത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റുള്ളവര്‍ തങ്ങളെ എങ്ങിനെ വിലയിരുത്തുമെന്ന ചിന്ത ജപ്പാന്‍കാര്‍ക്കിടയില്‍ കൂടുതലായതാണ് അവരെ കൂടുതല്‍ മര്യാദാരാമന്മാരാക്കുന്നത്.