ഇതാ പിടിച്ചോ പ്രസംഗം, ഇത് ബോബ് ഡിലൈന്‍ സ്‌റ്റൈല്‍

പ്രത്യേകതകള്‍ ഏറെയുണ്ട് ബോബ് ഡിലന്റെ സാഹിത്യ നൊബേല്‍ പ്രസംഗത്തിന്, ഡിലന്‍ അതു നടത്തിയ രീതിക്കും 
ഇതാ പിടിച്ചോ പ്രസംഗം, ഇത് ബോബ് ഡിലൈന്‍ സ്‌റ്റൈല്‍

ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ചുളിഞ്ഞ നെറ്റികള്‍ നിരവധിയാണ്. ഒരു പാട്ടെഴുത്തുകാരന് എങ്ങനെ സാഹിത്യ നൊബേല്‍ കൊടുക്കും എന്നതായിരുന്നു സംശയങ്ങള്‍. അതിനെച്ചൊല്ലി വാദവും വിവാദവും ഒരുപാടുണ്ടായി. കവിതയും പാട്ടും തമ്മിലെന്ത് എന്നു ചര്‍ച്ച നടത്തിയവര്‍ പിരിഞ്ഞുപോയപ്പോഴും ചില നെറ്റികള്‍ പിന്നെയും ചുളിഞ്ഞുതന്നെയിരുന്നു. സ്വീഡിഷ് അക്കാദമിയില്‍ ഉള്ളവരുടേതു തന്നെയായിരുന്നു അവ. 

രണ്ടാഴ്ചയാണ് ബോബ് ഡിലന്‍, ലോകത്തെ ഏറ്റവും ഉന്നതമെന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യ പുരസ്‌കാര പ്രഖ്യാപനത്തോടു മുഖം തിരിച്ചുനിന്നത്. കവിതയെയും പാട്ടിനെയും സാഹിത്യലോകം ഇഴപിരിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ അതില്‍ എവിടെയും പ്രത്യക്ഷപ്പെട്ടില്ല, വരികളെയും ശബ്ദത്തെയും ആഘോഷിക്കുന്ന സംഗീതകാരന്‍. ഡിസംബറില്‍ സ്വീഡിഷ് അക്കാദമി നടത്തിയ പുരസ്‌കാര ദാന ചടങ്ങിനും ഡിലന്‍ എത്തിയില്ല. മാര്‍ച്ചില്‍ സ്വകാര്യമായ ഒരു ചടങ്ങുപോലെയാണ് ബോബ് ഡിലന്‍ സാഹിത്യ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയത്. 

സമ്മാന വിതരണത്തിന് സ്വീഡിഷ് അക്കാദമിക്ക് കൃത്യമായ ചട്ടങ്ങളുണ്ട്. എണ്‍പതു ലക്ഷം സ്വീഡിഷ് ക്രോണയുടെ അവാര്‍ഡ്് സ്വീകരിക്കുന്നയാള്‍ പുരസ്‌കാര പ്രസംഗം നടത്തണം എന്നതാണ് അതിലൊന്ന്. പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ് ആറു മാസത്തിനകം വേണം ഇത്. മാര്‍ച്ചില്‍ സ്വകാര്യമായി വന്ന് പുരസ്‌കാരം വാങ്ങിയ ഡിലന്‍ പ്രസംഗമൊന്നും നടത്തിയിരുന്നില്ല. ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപനത്തിന് ഈ ശനിയാഴ്ച ആറു മാസം തികയുകയാണ്. കാലങ്ങളായുള്ള ചട്ടങ്ങള്‍ തെറ്റുമോയെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ, ഡിലന്റെ പ്രസംഗം അക്കാദമിയിലെത്തി. നാലായിരം വാക്കിലേറെ വരുന്ന പ്രസംഗത്തിന്റെ സ്‌ക്രിപ്റ്റും ഓഡിയോ ടേപ്പും. സമയം തെറ്റുന്നതിനു മുമ്പുതന്നെ അക്കാദമി അത് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു. 

പരമ്പരാഗത രീതി തെറ്റിയൊ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല, ഇതൊരു ബോബ് ഡിലന്‍ സ്റ്റൈല്‍ എന്നേ അക്കാദമി കരുതുന്നുള്ളൂ. പ്രസംഗം നടത്തിക്കഴിഞ്ഞല്ലോ, ഡിലന്‍ സാഹസം ഇതോടെ അവസാനിച്ചിരിക്കുന്നു എന്നാണ് സ്വീഡിഷ് അക്കാദമിയുടെ പെര്‍മെനന്റ് സെക്രട്ടറി സാറാ ഡാനിയസ് ബ്ലോഗില്‍ എഴുതിയത്.

അക്കാമദിയുടെ ചങ്കിടിപ്പ് ഏറ്റിയെങ്കിലും കാമ്പും കനലുമുള്ളതാണ് ബോബ് ഡിലന്റെ പ്രസംഗം എന്നാണ് സാഹിത്യലോകത്തിന്റെ വിലയിരുത്തല്‍. പാട്ടെഴുത്തുകാരന് സാഹിത്യ നൊബേലോ എന്ന സംശയത്തിന് ഒരു ചുളിവും ശേഷിക്കാത്ത വിധം മറുപടി നല്‍കുന്നുണ്ട, പ്രസംഗം. ഏറെ പ്രചോദിപ്പിച്ച റോക്ക് എന്‍ റോള്‍ സംഗീജ്ഞന്‍ ബഡ്ഡി ഹോളിയെ ഓര്‍ത്ത് വൈകാരികമായി തുടങ്ങുന്ന ഡിലന്‍ ഒരു മനുഷ്യനെന്ന നിലയില്‍ തന്നെ നിര്‍മിച്ച മൂന്നു പുസ്തകങ്ങളിലൂടെ കടന്നുപോവുന്നു. മോബിഡിക്, ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്, ഒഡീസി എന്നിവയുടെ സൗന്ദര്യത്തെയും രാഷ്ട്രീയത്തെയും കുറിച്ച് വിശദമായി തന്നെ പറയുന്നുണ്ട് ഡിലന്‍.  ഒടുവിലാണ് ഡിലന്‍ പാട്ടെഴുത്തിനെക്കുറിച്ചു പറയുന്നത്. അത് അവസാനിക്കുന്നത് ഇങ്ങനെ: ഷെക്‌സ്പിയര്‍ നാടകങ്ങളിലെ വാക്കുകള്‍ വേദിയില്‍ അവതരിക്കപ്പെടുന്നതിനുള്ളതാണ്, പാട്ടിലെ വരികള്‍ പാടുന്നതിനു വേണ്ടിയുള്ളത് എന്നതുപോലെ തന്നെ. അവ പുസ്തകത്തില്‍ വായിക്കാനുള്ളല്ല.

ബോബ് ഡിലന്റെ പ്രസംഗത്തില്‍നിന്ന്:

ബഡ്ഡി ഹോളി


ബഡ്ഡിയെ ആദ്യം കേട്ട നിമിഷം മുതല്‍ എനിക്കാരോ ഉണ്ടെന്നു തോന്നി. മുതിര്‍ന്ന ഒരു സഹോദരനെപ്പോലെ ഒരാള്‍. അവനെപ്പോലെ തന്നെയാണ് ഞാന്‍ എന്നെനിക്കു തോന്നി. ഞാന്‍ സ്‌നേഹിച്ച സംഗീതമായിരുന്നു ബഡ്ഡിയുടേത്- ഞാന്‍ വളര്‍ന്ന സംഗീതം. കണ്‍ട്രി, റോക്ക് എന്‍ റോള്‍, റിഥം, ബ്ലൂസ്. സംഗീതത്തിന്റെ മൂന്നു ചരടുകളെ കൂട്ടിപ്പിരിച്ചാണ് അവന്‍ ഒന്നാക്കി മാറ്റിയത്. ഒരൊറ്റ ബ്രാന്‍ഡ്. ബഡ്ഡി പാട്ടുകള്‍ എഴുതി- മനോഹരമായ ഭാവമുള്ള, ഭാവന തുളുമ്പി നില്‍ക്കുന്ന പാട്ടുകള്‍. അവ മഹത്തായ വിധത്തില്‍, പല ശബ്ദങ്ങളില്‍ പാടി. അവനായിരുന്നു എന്റെ ആദിരൂപം. ഞാന്‍ എന്തൊക്കെയാണോ അല്ലാതിരുന്നത്, എന്താവാനാണോ ആഗ്രഹിച്ചിരുന്നത് അങ്ങനെയൊരാള്‍. ഒരു തവണ മാത്രമേ ഞാന്‍ അവനെ കണ്ടിട്ടുള്ളൂ, അവന്റെ മടക്കത്തിന് കുറച്ചു ദിവസം മുമ്പ്. അവന്റെ പാട്ടു കേള്‍ക്കാന്‍ നൂറു മൈലുകള്‍ സഞ്ചരിച്ചാണ് ഞാന്‍ പോയത്. അതില്‍ എനിക്കു നിരാശപ്പെടേണ്ടി വന്നതേയില്ല. 

മോബി ഡിക്

എല്ലാം ചേര്‍ത്തുവച്ചിരിക്കുകയാണ്, എല്ലാ പുരാവൃത്തങ്ങളും. ബൈബിള്‍, ഹിന്ദു പുരാണങ്ങള്‍, ബ്രിട്ടിഷ് ഇതിഹാസ കഥകള്‍, സെന്റ് ജോര്‍ജ്, പേഴ്‌സിയൂസ്, ഹെര്‍കുലീസ് എല്ലാം. എല്ലാം തിമിംഗല വേട്ടക്കാരാണ്. ഒരുപാടു കാര്യങ്ങളുണ്ട് ഈ പുസ്തകത്തില്‍. ഭൂമിശാസ്ത്രപരമായ അറിവുകള്‍, തിമിംഗ എണ്ണ അങ്ങനെയങ്ങനെ. തിമിംഗലത്തിന്റെ ചരിത്രം, മസ്തിഷ്‌കശാസ്ത്രം, ക്ലാസിക്കല്‍ ഫിലോസഫി, കപട ശാസ്ത്ര സിദ്ധാന്തങ്ങള്‍, വിവേചനത്തിനുള്ള ന്യായീകരണങ്ങള്‍ എല്ലാം. ഇതൊന്നും യുക്തിഭദ്രമല്ല. ഉയര്‍ന്ന ബൗദ്ധികത, താഴ്ന്ന ബൗദ്ധികത, മിഥ്യാഭ്രമത്തിനു പിന്നാലെയുള്ള പായല്‍, മരണത്തെ പിന്തുടരല്‍, ഹിമക്കരടിയെപ്പോലെ വെളുത്ത വലിയ വെള്ളത്തിമിംഗലങ്ങള്‍, വെള്ളക്കാരനെപ്പോലെ വെളുത്തവ, ചക്രവര്‍ത്തി, ദൈവകോപം, തിന്മയുടെ പ്രതിനിധാനം. വര്‍ഷങ്ങള്‍ക്കു മുമ്പേ കാലു നഷ്ടപ്പെട്ട കിറുക്കു പിടിച്ച ആ ക്യാപ്റ്റന്‍ ബോബിയെ നേരിടുന്നത് ഒരു കത്തികൊണ്ടാണ്. കാര്യങ്ങളുടെ മുകള്‍പ്പരപ്പു മാത്രമാണ് നാം കാണുന്നത്. താഴെയുള്ളവ അനുയോജ്യമായ വിധം നമ്മള്‍ വ്യാഖ്യാനിക്കുന്നു. 

ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്

ബാല്യത്തെ നഷ്ടപ്പെടുത്തുന്ന പുസ്തകമാണിത്. അര്‍ഥമുള്ള ലോകത്തിലുള്ള വിശ്വാസവും വ്യക്തികളെക്കുറിച്ചുള്ള ഉത്കണ്ഠകളും ഈ പുസ്തകം ഇല്ലാതാക്കും. നിങ്ങള്‍ ഒരു പേടിസ്വപ്‌നത്തില്‍ പെട്ടുപോവുകയാണ്. മരണത്തിന്റെയും വേദനയുടെയും ചുഴിയിലേക്കു വലിച്ചെടുക്കപ്പെടുന്നു. അതില്‍നിന്നു പുറത്തുപോവുന്നതിനെ നിങ്ങള്‍ തന്നെ പ്രതിരോധിക്കുന്നു. പിയാനിസ്റ്റ് ആവണമെന്ന വലിയ സ്വപ്‌നവും പേറി ജിവിച്ച നിഷ്‌കളങ്കനായ യുവാവ്, ജീവിതത്തെയും ലോകത്തെയും അതിരറ്റ് സ്‌നേഹിച്ചയാള്‍. ഇപ്പോള്‍ നിങ്ങള്‍ തന്നെ ആ സ്വപ്നത്തെ ചിതറിച്ചുകളയുകയാണ്.

പാട്ടും സാഹിത്യവും


്അഖിലസ് ഒഡിസിയൂസിനോടു പറയും പോലെയാണ് പാട്ടുകള്‍. ജീവലോകത്താണ് അവയ്ക്കു ജീവനുള്ളത്. പക്ഷേ അവ സാഹിത്യത്തെപ്പോലെയല്ല. അവ പാടാന്‍ മാത്രമുളളതാണ്, വായിക്കാനുള്ളതല്ല. ഷെയ്ക്‌സിയറുടെ നാടകത്തിലെ വാക്കുകള്‍ വേദികളില്‍ അവതരിപ്പിക്കപ്പെടാനുള്ളവയാണ് എന്നതു പോലെ തന്നെ. കേള്‍ക്കേണ്ട വിധത്തില്‍ ആ പാട്ടുകള്‍ നിങ്ങളില്‍ ചിലരെങ്കിലും കേട്ടുകാണുമെന്നു തന്നെ ഞാന്‍ കരുതുന്നു. ഞാന്‍ വീണ്ടും ഹോമറിലേക്കു പോവുന്നു, എന്നിലൂടെ പാടുക, അല്ലയോ കാവ്യദേവതേ, എന്നിലൂടെ കഥ പറയുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com