ഉദ്യോഗസ്ഥയുടെ ദിനങ്ങള്‍

സാമൂഹിക മാറ്റങ്ങളിലൂടെയും രാഷ്ട്രീയ കൊടുങ്കാറ്റുകളിലൂടെയും കുടുംബജീവിതത്തിലൂടെയും മിനി ആന്റണി എന്ന ഉദ്യോഗസ്ഥ കടന്നുപോയ വിധം
മിനി ആന്റണി
മിനി ആന്റണി

അറിഞ്ഞു വളര്‍ന്ന ചുറ്റുപാടുകളില്‍നിന്ന് വിസി ആന്റണിയുടെ മകള്‍ മിനി സ്വന്തമായി ഒരു നയം രൂപപ്പെടുത്തിയിട്ടുണ്ട്. വാക്കിലും നോക്കിലും, ചെയ്യുന്ന കാര്യങ്ങളോരോന്നിലും നടപ്പാക്കുന്ന നയം. അതിന്റെ ഒരു ഭാഗം മിനി ആന്റണി ഇങ്ങനെ വ്യക്തമാക്കും: ''സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ ഞാന്‍ ഒരു പൊതുസംവിധാനത്തിന്റെ ഭാഗമാണ്. സര്‍ക്കാരിനു നയവും പദ്ധതികളുമുണ്ട്. പക്ഷേ, ആ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എന്റെ ആത്മാര്‍ത്ഥതയുടെ അളവ്, നമ്മുടേതായ ഇടപെടല്‍, സാഹചര്യങ്ങള്‍ അറിഞ്ഞ് സര്‍ക്കാരിന്റെകൂടെ നിന്നു പ്രവര്‍ത്തിക്കല്‍, അര്‍ഹരായ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള സ്ട്രഗിള്‍- ഇതിലൊക്കെ ഒരു സ്വയംസന്നദ്ധത ഉണ്ടാകുന്നതില്‍ ഞാന്‍ കടന്നുവന്ന സാഹചര്യങ്ങള്‍ തന്ന മാര്‍ഗ്ഗദര്‍ശനം പ്രധാനമാണ്.' ഇത് ഔദ്യോഗിക ചുമതലകളുടെ കാര്യത്തില്‍ തീരുമാനിച്ചുറപ്പിച്ച പ്രതിബദ്ധതയുടെ കാര്യം. 

വ്യക്തിജീവിതത്തിലെ സമീപനത്തേക്കുറിച്ച് അല്‍പ്പം നര്‍മ്മം കൂടി ചേര്‍ത്ത് അവര്‍ വെളിപ്പെടുത്തുന്ന വിജയരഹസ്യമുണ്ട്. അതു ഭര്‍ത്താവ് എഡ്വേഡ് ജോര്‍ജ്ജിനു ഭാര്യയോടും തിരിച്ചുമുള്ള സമീപനവുമായി ബന്ധപ്പെട്ടതാണ്. ''പല കാര്യങ്ങളിലും എന്റെ വീക്ഷണം അത്ര പക്വമല്ലെന്നും എനിക്കൊരു കുട്ടിയുടെ ലെവല്‍ മാത്രമേ ഉള്ളു എന്ന തരത്തിലുമാണ് അദ്ദേഹം എന്നെ ട്രീറ്റ് ചെയ്യുന്നത്. ഞാനത് ഒരിക്കലും തിരുത്താന്‍ ശ്രമിച്ചിട്ടില്ല. കാര്യങ്ങള്‍ ചെയ്യാനുള്ള പ്രായോഗിക രീതിയല്ല ഇത് എന്നൊക്കെ പല കാര്യങ്ങളിലും പറയും. ഞാന്‍ തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. എല്ലാ കഴിവുകളും കുടുംബത്തില്‍ത്തന്നെ തെളിയിക്കേണ്ട കാര്യമില്ലല്ലോ. അവിടെയൊന്നിത്തിരി താഴ്ന്നു കൊടുത്താല്‍ ഒരു കുഴപ്പവുമില്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.' എറണാകുളം സ്വദേശിയായ എഡ്വേഡ് മെക്കാനിക്കല്‍ എന്‍ജിനീയറാണ്. 

അച്ഛന്‍ വിസി ആന്റണി അധ്യാപകനും പൊതുപ്രവര്‍ത്തകനും സമുദായ സംഘടനാ നേതാവുമായിരുന്നു. അമ്മ ലൈസമ്മ. മൂന്നുമക്കളില്‍ മൂത്തത്. അധ്യാപകരായ ജോസും ഡെന്നിയും സഹോദരന്മാര്‍. ''ഇപ്പോഴും ഒരു നല്ല ചോക്കലേറ്റ് കിട്ടിയാല്‍ അവര്‍ക്കു രണ്ടുപേര്‍ക്കും കൊടുക്കാതെ കഴിക്കാന്‍ വിഷമമാണ്. ഒരു നല്ല പേന കിട്ടിയാല്‍ അവര്‍ക്കു കൊടുക്കണമെന്നു തോന്നും. ഞാനപ്പോള്‍ അവരുടെ ചേച്ചി മാത്രമാകും.'

സ്‌കൂള്‍ പഠനം ആലപ്പുഴയില്‍ത്തന്നെയായിരുന്നു. പ്രീഡിഗ്രി ചങ്ങനാശ്ശേരി അസംപ്ഷനിലും ബിരുദം ആലപ്പുഴ സെന്റ് ജോസഫ്‌സ് വിമന്‍സ് കോളേജിലും ബിരുദാനന്തര ബിരുദം ചങ്ങനാശേ്ശരി എസ്.ബി. കോളേജിലും. അതുകഴിഞ്ഞ് കോട്ടയം മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജില്‍ ബി.എഡ് ചെയ്തു. സിവില്‍ സര്‍വ്വീസ് എക്‌സിക്യുട്ടീവ് പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വ്വീസിലേക്കു വന്നത് 1993-ല്‍, ഇരുപത്തിയാറാം വയസ്സില്‍ ഡെപ്യൂട്ടി കളക്ടറായി. പരിശീലന ജില്ല എറണാകുളമായിരുന്നു. പിന്നെ ആലപ്പുഴ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒ. 2007-ല്‍ കൊച്ചി നഗരസഭാ സെക്രട്ടറിയായി. ആദ്യം കളക്ടറായതു സ്വന്തം നാട്ടില്‍ത്തന്നെ, 2009-ല്‍. പിന്നീട് നാലു വര്‍ഷം കോട്ടയം കളക്ടര്‍. അവിടെനിന്നു തലസ്ഥാനത്തേക്ക്. ഫിഷറീസ്, ലോട്ടറി, വിവര–പൊതുജന സമ്പര്‍ക്ക വകുപ്പുകളില്‍ ഒരേസമയം ഡയറക്ടര്‍. പിന്നീട് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറിയായി. ഇപ്പോള്‍ അതിനൊപ്പം സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും.

ആദ്യമായി കൊച്ചിയിലെ ഒരു തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണസമിതിയുടെ കൂടെ ജോലി ചെയ്ത ഐ.എ.എസ് ഓഫീസര്‍ മിനി ആന്റണിയാണ്. ജവഹര്‍ലാല്‍ നെഹ്‌റു നഗര നവീകരണ പദ്ധതി വന്നപ്പോള്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഐ.എ.എസ് ഉദ്യോഗസ്ഥരെ നഗരസഭാ സെക്രട്ടറിമാരാക്കിയപ്പോഴായിരുന്നു അത്. രണ്ടര വര്‍ഷം. അതിനു മുന്‍പ് മേയറുടെ ചുമതല കൂടി കളക്ടര്‍ വഹിച്ചിരുന്നപ്പോള്‍ കമ്മിഷണര്‍മാരായി ഐ.എ.എസുകാര്‍ ജോലി ചെയ്തിട്ടുണ്ട്.   

കൊച്ചിക്കൊപ്പം വളര്‍ന്ന കാലം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ത്രിതല സംവിധാനം വരുന്നതിനൊപ്പം സഞ്ചരിക്കാന്‍ സാധിച്ചതാണ് തുടക്കത്തില്‍ ലഭിച്ച വലിയ അനുഭവക്കരുത്തായി മിനി ആന്റണി കാണുന്നത്. ഗ്രാമ, ബേ്‌ളാക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നതും കേരളം പ്രതീക്ഷയോടെയും ആവേശത്തോടെയും ആ സംവിധാനത്തിലേക്കു മാറുന്നതും അടുത്തുനിന്നു കണ്ടു. വികേന്ദ്രീകൃത ഭരണ നിര്‍വ്വഹണത്തിന്റെ തുടക്കം തന്നെ 1995-ലെ ആ തദ്ദേശ തെരഞ്ഞെടുപ്പാണ്. ''സര്‍ക്കാരിന്റെ ഭാഗമായിച്ചേരാന്‍ അതൊരു നല്ല സമയമായിരുന്നു എന്നാണ് എനിക്കു തോന്നാറുള്ളത്. കേരളം തന്നെ മാറ്റത്തിലേക്കു പോകുന്ന സമയം. എറണാകുളത്തു പരിശീലന കാലത്ത് ആദ്യം പരിചയപ്പെട്ട രണ്ട് പദ്ധതികളാണ് നെടുമ്പാശേ്ശരി വിമാനത്താവളവും ഗോശ്രീ പദ്ധതിയും. 

വിജെ കുര്യന്‍
വിജെ കുര്യന്‍

വിമാനത്താവളത്തിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക സെല്‍ രൂപീകരിക്കുകയും കളക്ടറായിരുന്ന വി.ജെ. കുര്യന്‍ സാറിനെ അതിന്റ തലപ്പത്തു നിയമിക്കുകയും ചെയ്തു പദ്ധതി തുടങ്ങുന്ന സമയം. ആദ്യമായി സ്ഥലമെടുപ്പ് പരിചയപ്പെടുത്താന്‍ എന്നെ ഒരു സീനിയര്‍ ഓഫീസര്‍ കൊണ്ടുപോയത് ഇന്നത്തെ വിമാനത്താവളം നില്‍ക്കുന്ന സ്ഥലമാണ്. ഗോശ്രീ പദ്ധതിക്കുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ തോമസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നു, ഗോശ്രീ പദ്ധതി തയ്യാറാക്കുന്നു, അതിനുവേണ്ടി ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നു. അതൊക്കെ ഒരു തുടക്കക്കാരിയെ രൂപപ്പെടുത്തിയ അനുഭവങ്ങളാണ്. മൂന്നു പാലങ്ങളിലൂടെ കൊച്ചി നഗരവുമായി അടുത്ത പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി നടക്കുമോ എന്നുതന്നെ തുടക്കത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു. നിയമപരമായ വിവാദങ്ങള്‍ ഒരുവശത്ത്. ഫണ്ട് കണ്ടെത്തുന്നതിനു സ്വീകരിച്ച രീതിപോലും വളരെ വ്യത്യസ്തമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ 25 ഹെക്റ്റര്‍ സ്ഥലം നികത്തിയെടുത്ത് വിറ്റിട്ട് ആ പണം കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തിയത്.' 

ഈ രണ്ട് പദ്ധതികളും കൊച്ചി നഗരത്തിന്റെയും എറണാകുളം ജില്ലയുടെയും കേരളത്തിന്റെ തന്നെയും ഭാവികാല ചരിത്രം മാറ്റിമറിച്ചവയാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എല്‍.എന്‍.ജി പദ്ധതി തുടങ്ങിയതൊക്കെ കൊച്ചിയില്‍ വരാന്‍ ഇടയാക്കിയത് ഗോശ്രീ പാലങ്ങളാണ്. നെടുമ്പാശ്ശേരിയും എത്രയോ വലിയ മാതൃകയാണ്. കൊച്ചിയെ ഭാവിയില്‍ എങ്ങനെ വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ എന്താണെന്നും നിയമപരമായും ജനങ്ങള്‍ക്കിടയിലും മാധ്യമങ്ങളിലുമൊക്കെ ഒരു പദ്ധതി കൊണ്ടുചെന്നു സ്ഥാപിച്ചെടുക്കുന്നത് എങ്ങനെയാണെന്നും അതിന്റെ ബുദ്ധിമുട്ടുകളും ചര്‍ച്ചകളും സംഘര്‍ഷങ്ങളുമൊക്കെ പതിനാല് മാസം പരിശീലനം എന്ന നല്ല സമയംകൊണ്ട് കാണാന്‍ സാധിച്ചു. അതൊരു നല്ല തുടക്കമായാണ് അനുഭവപ്പെട്ടത്. 

വികസനം എന്നത് എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ജോലിയല്ല. ഈ രണ്ട് പദ്ധതികളുടെ ബാക്കിയായാണ്, അവയ്ക്കു പിന്നാലെയാണ് കൊച്ചിയുടെ വികസനമൊക്കെ വന്നത്. അതുകഴിഞ്ഞ് ആലപ്പുഴയിലും മലപ്പുറത്തും ജോലി ചെയ്തിട്ട് വീണ്ടും 1998-ല്‍ കൊച്ചിയില്‍ തിരിച്ചെത്തി. അപ്പോള്‍ അന്താരാഷ്ര്ട വിമാനത്താവളം നിര്‍മ്മാണം പൂര്‍ത്തിയാക്കി അതിന്റെ പ്രവര്‍ത്തനം തുടങ്ങുന്ന സമയമായിരുന്നു. കൊച്ചി നഗരസഭാ സെക്രട്ടറിയായപ്പോഴാണ് പിന്നീട്  ഈ അനുഭവങ്ങള്‍ വലിയ സഹായമായത്. ''തദ്ദേശ സ്വയംഭരണ സ്ഥാപനം വലിയൊരു സേവനദാതാവാണല്ലോ. വലിയൊരു നഗരസഭയുടെ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയൊരു അനുഭവമായിരുന്നു.' 

ആലപ്പുഴയ്ക്കാണെങ്കില്‍ വലിയൊരു രാഷ്ര്ടീയ ചരിത്രവും പഴയ തുറമുഖ നഗരമെന്ന ഖ്യാതിയും ചരിത്രവുമുണ്ട്. കുട്ടനാട് പോലെ വളരെ സങ്കീര്‍ണ്ണമായ ഇക്കോ സിസ്റ്റമുണ്ട്. അവിടെ ജോലി ചെയ്തപ്പോള്‍ നെഹ്‌റു ട്രോഫി വള്ളംകളിയും ചമ്പക്കുളം വള്ളംകളിയുമൊക്കെ നടത്താന്‍ പറ്റി. ഒരു പരിപാടി നടത്താന്‍ പോകുമ്പോള്‍ ആ നാടിനെയും നാട്ടുകാരെയും അവരുടെ ജീവിതരീതികളെയും പഠിക്കും. ആചാരങ്ങള്‍, ഐതിഹ്യങ്ങള്‍ എന്നിവയൊക്കെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും. കുട്ടനാടിനെ ശരിക്ക് അറിയാന്‍ പറ്റിയതു വലിയ കാര്യമായി. പിന്നീട് കിട്ടിയ അനുഭവങ്ങളില്‍ വലുതാണ് മലപ്പുറത്തു നിന്നുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ഇലക്ടറേറ്റാണ്. പ്രത്യേക സാമൂഹിക സാഹചര്യങ്ങള്‍കൊണ്ട് സ്ത്രീ വിദ്യാഭ്യാസം പിന്നോട്ടുപോയ സ്ഥലം. അവിടെ ജോലി ചെയ്ത 1996 മുതല്‍ 1998 വരെയുള്ള സമയം സാക്ഷരതാ യജ്ഞം വളരെ കാര്യമായി നടക്കുന്ന കാലവും സ്ര്തീകള്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു ശരിക്കും വരുന്ന സമയവുമായിരുന്നു. ആലപ്പുഴയില്‍ സി.ഡി.എസ് എന്ന പേരില്‍ ഒരു സാമൂഹിക കൂട്ടായ്മയുണ്ടായിരുന്നു. ഞാന്‍ അവരുമായി സഹകരിച്ചിരുന്നു. അതുപോലെ മലപ്പുറത്ത് സി.ബി.എന്‍.പി എന്ന പേരില്‍ സ്ത്രീകളുടെ ഇടയില്‍ ഇതേ മാതൃകയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയുമുണ്ടായിരുന്നു. ഈ രണ്ട് മാതൃകകളും ചേര്‍ത്താണ് കുടുംബശ്രീ ഉണ്ടാക്കിയത്. 

രണ്ടിടത്തും ഈ രണ്ട് കൂട്ടായ്മകളുടെയും ഭാഗമാകാന്‍ വളരെ ചെറുപ്പത്തിലേ എനിക്കു സാധിച്ചു. ഇതിന്റെ രണ്ടിന്റെയും പ്രവര്‍ത്തന മാര്‍ഗ്ഗരേഖകളുടെ മാതൃകയിലാണ് കുടുംബശ്രീ രൂപീകരിച്ചത്. ഞാന്‍ മലപ്പുറത്തുനിന്ന് എറണാകുളത്തേക്കു പോരാന്‍ ചുമതലയൊഴിഞ്ഞു കഴിഞ്ഞും രണ്ടാഴ്ച കഴിഞ്ഞാണ് എന്നെ റിലീവ് ചെയ്തുവിട്ടത്. കാരണം, അപ്പോഴേക്കും മലപ്പുറം കോട്ടക്കുന്നില്‍വച്ച് കുടുംബശ്രീ ഉദ്ഘാടനത്തിനു തീരുമാനമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയായിരുന്നു ഉദ്ഘാടനം. സി.ബി.എന്‍.പിയുടെ അടിത്തറയുള്ളതുകൊണ്ടാണ് കുടുംബശ്രീ ഉദ്ഘാടനം മലപ്പുറത്തു നടത്തിയത്. 

അച്ഛനും അക്ഷരങ്ങളും
അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും എന്നതുപോലെതന്നെ സമുദായ പ്രവര്‍ത്തകനുമായിരുന്നു പിതാവ്. ജീവിതകാലം മുഴുവന്‍ പൊതുപ്രവര്‍ത്തകന്‍. ആലപ്പുഴയിലെ എല്ലാ സ്‌കൂളുകളെയും ഏകോപിപ്പിച്ച് അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകളുടെ ഉന്നതതല സമിതിയായി വിദ്യാലയ പരിപോഷണ സമിതി രൂപീകരിച്ചു. കാല്‍നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച ആ സമിതിയുടെ ചെയര്‍മാന്‍ ആലപ്പുഴ ബിഷപ്പും സെക്രട്ടറി അച്ഛനുമായിരുന്നു. പിന്നീട് വിദ്യാഭ്യാസ വകുപ്പുതന്നെ പി.ടി.എകളുടെ അപ്പെക്‌സ് കൗണ്‍സില്‍ എന്ന ആശയം എടുത്തത് അതില്‍നിന്നാണ്. ഈ സംഘടനയും കൊട്ടാരക്കരയിലുള്ള ഒരു പൊതുപ്രവര്‍ത്തകനും ചേര്‍ന്നു നല്‍കിയ ഹര്‍ജിയിലാണ് രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സ്‌കൂള്‍ പാര്‍ലമെന്റുകള്‍ ഹൈക്കോടതി നിരോധിച്ചത്. ''സ്‌കൂള്‍ വിദ്യാഭ്യാസം മലിനമാകാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അത്. കോളേജിലാകുമ്പോള്‍ കുട്ടികള്‍ കുറേക്കൂടി തിരിച്ചറിവുള്ളവരായി മാറുമല്ലോ' എന്ന് മകള്‍.

ഖുശ്വന്ത് സിങ് 
ഖുശ്വന്ത് സിങ് 

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദ്യമായി ലംപ്‌സംഗ്രാന്റും മറ്റും നേടിയെടുക്കാന്‍ വേണ്ടി പ്രക്ഷോഭം നടത്തിയ പ്രസ്ഥാനമുണ്ട്, ഫാ. പോള്‍ അറയ്ക്കല്‍, ഫാ. തോമസ് കോച്ചേരി തുടങ്ങിയവരൊക്കെ നയിച്ച അതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 2012-ല്‍ മരിച്ചു. അമ്മ എഴുപത്തിയെട്ടാം വയസ്സില്‍ ആരോഗ്യത്തോടെ ഇളയ ആങ്ങളയ്‌ക്കൊപ്പമുണ്ട്. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും അവിടെ പോയി അമ്മയെ കാണും. ഭര്‍ത്താവിനും അച്ഛനില്ല, അമ്മയുണ്ട്. ആ അമ്മയെയും ഇടയ്ക്കിടെ പോയി കാണും. 

കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അപ്പന്റെ സാമൂഹിക ഇടപെടലുകളും അതുമായി ബന്ധപ്പെട്ട വര്‍ത്തമാനങ്ങളും മകളെ നന്നായി സ്വാധീനിച്ചു. ''അധ്യാപകരും കുറേ വൈദികരുമാണ് അക്കാലത്തു മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കേരളം മുഴുവന്‍ പ്രവര്‍ത്തിച്ചിരുന്നത്. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ സംഘടനാ ആസ്ഥാനമൊന്നുമില്ല. അതുകൊണ്ട് ഈ അച്ചന്മാരൊക്കെ അപ്പനെ കാണാനും കമ്മിറ്റി കൂടാനുമൊക്കെയായി വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. മുതിര്‍ന്ന ചില പ്രവര്‍ത്തകരൊക്കെ വരുമ്പോള്‍ അവിടെനിന്നു പിറ്റേന്നു മറ്റൊരു സ്ഥലത്തേക്കു പോകേണ്ടതുണ്ടാകും. അതുകൊണ്ട് രാത്രി വീട്ടില്‍ തങ്ങും. ഇവര്‍ തമ്മിലുള്ള ചര്‍ച്ചകളില്‍നിന്ന് ഓരോ ജില്ലയിലെയും തീരദേശ സമൂഹങ്ങളെയും മറ്റും സാധാരണ ജീവിതത്തിലൂടെത്തന്നെ മനസ്സിലാകുമായിരുന്നു. അതൊരു വലിയ കാര്യം തന്നെയായി. സമൂഹം എങ്ങനെയാണ് ഓരോ സ്ഥലത്തെന്നും തൊഴിലാളിസമൂഹം ഓരോ സ്ഥലത്തും എങ്ങനെയാണെന്നും മനസ്‌സിലാക്കാന്‍ സാധിച്ചു. പിന്നീട് ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതിലൊക്കെ അപ്പനും മറ്റും പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി സെമിനാറുകള്‍ നടത്തുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ഓരോ കാലത്തും സമൂഹത്തിന് എന്താണോ ആവശ്യമുള്ളത് അതനുസരിച്ച് ഫോക്കസിംഗ് മാറ്റുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അതു എന്റെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചു. 

അങ്ങനെയുള്ള ഒരാള്‍ വെറുമൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകില്ല. ആ മിഷന്റെ പിന്നിലൊരു ലക്ഷ്യമുണ്ടെന്നും അത് എത്തിച്ചേരേണ്ട ജനങ്ങള്‍, അവരുടെ പ്രശ്‌നങ്ങള്‍, ജീവിതത്തിന്റെ ശരിയായ അവസ്ഥ എന്നിവയൊക്കെ മനസ്സിലാക്കി പദ്ധതിയുണ്ടാക്കാനും അതു ലക്ഷ്യത്തിലെത്തിക്കാനും തീര്‍ച്ചയായും സാധിക്കും. ഞാന്‍ അവരെപ്പോലെ സ്വയം സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകയോ ആക്റ്റിവിസ്‌റ്റോ അല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ ഒരു പൊതുസംവിധാനത്തിന്റെ ഭാഗമാണ്. സര്‍ക്കാരിനു നയവും പദ്ധതികളുമുണ്ട്. പക്ഷേ, ആ പദ്ധതികള്‍ നടപ്പാക്കാന്‍ ചെല്ലുമ്പോള്‍ അതിലെ ആത്മാര്‍ത്ഥതയുടെ അളവ്, നമുക്ക് അതില്‍ കാണിക്കാന്‍ കഴിയുന്ന നമ്മുടേതായ ഒരു ഇടപെടല്‍, സാഹചര്യങ്ങള്‍ അറിഞ്ഞു സര്‍ക്കാരിന്റെ കൂടെ നില്‍ക്കുക, അര്‍ഹരായ ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുവേണ്ടി സ്ട്രഗിള്‍ ചെയ്യുക എന്നീ കാര്യങ്ങളില്‍ സ്വയം സന്നദ്ധത ഉണ്ടാകുന്നതില്‍ ഞാന്‍ കടന്നുവന്ന സാഹചര്യങ്ങള്‍ പ്രധാനമാണ്. അത് നമ്മുടെയൊരു വിഷന്റെ കൂടി ഭാഗമാണ്.'

മിനി ആന്റണി വായന വിട്ടിട്ടില്ല. ഇപ്പോഴും വായിക്കും, വളരെ കാര്യമായിത്തന്നെ. സ്‌കൂള്‍, കോളേജ് കാലയളവില്‍ മലയാളത്തിലും ഇംഗ്‌ളീഷിലും കവിതകള്‍ എഴുതിയിരുന്നു. പ്രസിദ്ധീകരിച്ചു വരികയും ചെയ്തിട്ടുണ്ട്. കവിതാ രചന മല്‍സരത്തില്‍ സമ്മാനവും നേടി. 

കാണെക്കാണെ പെരുകിവരുന്ന സര്‍ക്കാര്‍ ജോലികളുടെ വല്ലാത്ത ആധിക്യത്തിനിടയിലും വായന കൂടെപ്പോന്നെങ്കിലും എഴുതുന്നതില്‍നിന്നു കുറേ അകന്നുപോയി. എഴുത്തുകാരോടുള്ള ഇഷ്ടവും മാറിമാറി വരുന്നു. പഠിക്കുന്ന കാലത്ത് ചില എഴുത്തുകാരോട് ഉണ്ടാകുന്ന വല്ലാതെ ഇഷ്ടമല്ല പിന്നെയുണ്ടാകുന്നത്. ഇന്ത്യന്‍ എഴുത്തുകാരില്‍ ഖുഷ്വന്ത് സിംഗിന്റെ ശൈലി വലിയ ഇഷ്ടമാണ്. ഒരുപക്ഷേ, ജേര്‍ണലിസത്തിന്റെ ഒരു ചടുലതയും കൂടി ഉള്ളതുകൊണ്ടായിരിക്കാം. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളിലുമുണ്ട് അത്. 

ശശി തരൂര്‍ 
ശശി തരൂര്‍ 

''പിന്നെ, ശശി തരൂര്‍ എം.പി ആയതില്‍ എനിക്കു ചെറിയ ഇഷ്ടക്കേടുണ്ട് എന്നു വേണമെങ്കില്‍ പറയാം. കാരണം, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന വ്യക്തി ഒരു പൊതുപ്രവര്‍ത്തകനായി വിമര്‍ശിക്കപ്പെടുമ്പോള്‍ ഇതു വേണ്ടായിരുന്നു എന്നു തോന്നും. അദ്ദേഹം അതിലും വിജയിച്ചു, അതല്ല ഞാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇഷ്ടമാണ്. 'ബുക്‌ലെസ് ഇന്‍ ബാഗ്ദാദ്' എന്ന പേരില്‍ പുസ്തക വായനയെക്കുറിച്ച് അദ്ദേഹം വളരെ മുന്‍പ് എഴുതിയ ഒരു പുസ്തകമാണ് ആദ്യം വായിച്ചത്. വേറെ ഇന്തോ–ഇംഗ്‌ളീഷ് എഴുത്തുകാരില്‍ മാധവിക്കുട്ടിയുടെ പുസ്തകങ്ങളൊക്കെ ഇഷ്ടമാണ്. മറ്റൊന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധാ മൂര്‍ത്തിയുടെ പുസ്തകങ്ങള്‍. നല്ല പുസ്തകങ്ങളാണ് അവരുടേത്. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളിലെ ലളിതമായ ഇടപെടലുകളാണ്, സാമൂഹിക ഉന്നമനത്തിനുവേണ്ടിയുള്ള ഇടപെടലുകളാണ് കൂടുതലും അതില്‍ വരുന്നത്. അതിലെ ചില മനോഭാവങ്ങളെക്കുറിച്ചു കൃത്യമായി പറയുന്നുണ്ട്. വളരെ ഇഷ്ടമാണെനിക്ക്. നൊബേല്‍ സമ്മാന ജേതാവ് സ്വെറ്റ്‌ലാനയുടെ സെക്കന്റ് ഹാന്‍ഡ് ടൈം ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങളിലുണ്ട്.'

സാമൂഹിക ക്ഷേമത്തിന്റെ വഴിയില്‍
രണ്ട് വലിയ വകുപ്പുകള്‍, അതിന്റെ പ്രവര്‍ത്തനങ്ങള്‍. റേഷന്‍ കാര്‍ഡ് കൊടുക്കുക, ഗുണഭോക്തൃ പട്ടികയുണ്ടാക്കുക, ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുക... അങ്ങനെ അതുമായി ബന്ധപ്പെട്ട നൂറായിരം കാര്യങ്ങളുടെ ബുദ്ധിമുട്ടുകളെല്ലാം ഉള്ളപ്പോഴാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറിയായത്. സെന്‍സിറ്റീവായ വകുപ്പാണ്. എന്നും വിവാദവും മാധ്യമ വാര്‍ത്തകളും നിയമസഭയില്‍ ചോദ്യങ്ങളും. ആ ജോലി അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ചെയ്യേണ്ടിവന്ന കാലഘട്ടം. അതിന്റെകൂടെ സാമൂഹികനീതി വകുപ്പും കൂടി വന്നു. അതും തുല്യനിലയില്‍ സെന്‍സിറ്റീവാണ്. ''ഒരു കുട്ടിക്കെതിരെ ആക്രമണമുണ്ടായാല്‍, ഒരു വയോധികന്‍ ബുദ്ധിമുട്ടിലായാല്‍, അംഗപരിമിതരായ ആരുടെയെങ്കിലും അവകാശം നിഷേധിക്കപ്പെട്ടാല്‍ നമ്മള്‍ മുള്‍മുനയിലാകും നില്‍ക്കുക. അതുകൊണ്ടുതന്നെ രാത്രി എട്ടെട്ടര വരെ ഓഫീസിലിരുന്ന് എനിക്കു വരുന്ന ഒന്നും അവശേഷിപ്പിക്കാതെയാണ് പോവുക. ഒരു പ്രശ്‌നവുമുണ്ടാകരുതല്ലോ. എന്നാല്‍പ്പോലും, എത്ര ക്ഷീണിച്ചാണ് പോകുന്നതെങ്കിലും കുറച്ചു നേരം വായിക്കണം. അല്ലെങ്കില്‍പ്പിന്നെ നമ്മള്‍ കൊണ്ടുപോകുന്ന ഈ സമൂഹവും ഭരണവുമൊക്കെ നമ്മളിലേല്‍പ്പിക്കുന്ന ആഘാതങ്ങളോടുകൂടിയായിരിക്കും ഉറങ്ങാന്‍ പോവുക. വായിക്കുമ്പോള്‍ താല്‍ക്കാലികമായെങ്കിലും അതില്‍നിന്നൊരു മോചനം നേടുന്നുണ്ട്. അത് അതിജീവനത്തിന് ആവശ്യമാണ്. 'കലാകൗമുദി'യൊക്കെ ആദ്യകാലത്തു വീട്ടില്‍ വരുത്തുമ്പോള്‍, കോളേജ് ഹോസ്റ്റലീന്ന് അവധിക്കാലത്തു വീട്ടിലെത്തുന്ന സമയത്ത് അത്രയും കാലത്തെ ഒന്നിച്ചു വായിക്കുമായിരുന്നു. 'മലയാളം' തുടങ്ങിയപ്പോള്‍ ആദ്യകാലം മുതല്‍ വായിച്ചിരുന്നു. രണ്ടിലും പ്രൊഫ. എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലമായിരുന്നു പ്രധാന ആകര്‍ഷണം.'

മിനി ആന്റണി
മിനി ആന്റണി

അധ്യാപികയാകാനായിരുന്നു ആദ്യം ആഗ്രഹം. അതുകൊണ്ടാണ് ബി.എഡ് എടുത്തത്. സെന്റ് ജോസഫ്‌സിലും മൗണ്ട് കാര്‍മലിലും പഠിക്കുമ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്നു. ആ സമയത്ത് സിവില്‍ സര്‍വ്വീസ് നല്ലൊരു മേഖലയാണെന്നു മനസ്‌സിലുണ്ടായി. അല്ലെങ്കില്‍ ബാങ്ക് ഓഫീസറാകാം ഇങ്ങനെ മൂന്നുനാല് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്.

എന്റെ കേരളം 
കേരളത്തിന്റെ അറുപതാം വര്‍ഷത്തില്‍ തനിക്ക് അന്‍പതാവുകയാണെന്ന് മിനി ആന്റണി പറയുന്നത് ഈ നാടിന്റെ വളര്‍ച്ച കാണുകയും അനുഭവിക്കുകയും ചെയ്തത് ഓര്‍മ്മിക്കാനാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജവംശങ്ങള്‍ കേരളത്തിനു ചെയ്ത നല്ല കാര്യങ്ങള്‍ കേരളത്തെ പുറത്തെ കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. ''നമ്മള്‍ മറ്റുള്ളവരേക്കാള്‍ വളരെ മുന്നിലായിരുന്നു. അതുകൊണ്ട് ഇവിടെ വികസനത്തിന്, അല്ലെങ്കില്‍ കേരളത്തിന്റെ രൂപപ്പെടലിന് അനുകൂലമായ സാഹചര്യം നേരത്തേ നിലവിലുണ്ടായിരുന്നു. ഭരിക്കുന്നവരുടെ കൂടെയുണ്ടായിരുന്നവര്‍ എങ്ങനെയായിരുന്നു എന്നതിനു നമുക്കു പല രീതിയില്‍ ചിന്തിക്കാം. പക്ഷേ, ഈ രാജാക്കന്മാര്‍ക്കു ജനതയോടുണ്ടായിരുന്ന അഭിനിവേശം, ദൈവദത്തമാണ് അധികാരം എന്ന തോന്നല്‍, അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ ഒരു മൂല്യബോധം. അതൊക്കെ നിസ്‌സാരമല്ല. മൂല്യങ്ങളുടെ ആകത്തുകയാണല്ലോ ഈശ്വരന്‍. അതുകൊണ്ട് അവര്‍ക്കു മറ്റുള്ളവരേക്കാള്‍ ഒരു നിര്‍മമത കൂടുതലുണ്ടായിരുന്നു. ഞാന്‍ കേട്ടിട്ടുണ്ട്, കൊച്ചി രാജാവ് ഭരണം കൈമാറുന്ന സമയത്തെ ഒരു കാര്യം. വി.പി. മേനോന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി വന്ന് ഇവരോട് ചര്‍ച്ച നടത്തിയപ്പോഴത്തെ കാര്യമാണ്. ഓരോ രാജാക്കന്മാര്‍ക്കും എന്തൊക്കെ നിലനിര്‍ത്തണം, എന്തൊക്കെ വിട്ടുകൊടുക്കാം എന്ന ചര്‍ച്ചയാണ് നടന്നുകൊണ്ടിരുന്നത്. പകരമെന്തു വേണമെന്ന് കൊച്ചി രാജാവിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രേ, പുതിയ കാലത്തും നിങ്ങള്‍ സര്‍ക്കാര്‍ വക പഞ്ചാംഗം ഇറക്കുമായിരിക്കുമല്ലോ, അതിന്റെ രണ്ട് കോപ്പി എത്തിച്ചു തന്നാല്‍ മതി എന്ന്. അധികാരത്തെ എത്ര നിര്‍മമമായി കണ്ടിരുന്നുവെന്ന് അതില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. അതില്‍നിന്നൊക്കെയാണ് കേരളത്തിന്റെ വളര്‍ച്ച തുടങ്ങുന്നത്. 

രണ്ടാമത്തെയൊരു വലിയ ഘടകം, ഇവിടെ ഉണ്ടായിരുന്ന വ്യാപകമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇംഗ്‌ളീഷ് വിദ്യാഭ്യാസത്തിലൂടെ നമുക്കു കിട്ടിയ അവബോധവുമാണ്. മൂന്നാമത്, ഇവിടെ നേരത്തേതന്നെ രൂപപ്പെട്ട നവോത്ഥാന ശ്രമങ്ങള്‍. വിവിധ മതങ്ങളും നവോത്ഥാനവുമായി ബന്ധപ്പെട്ടാണ് നിന്നിരുന്നത്. ക്രിസ്ത്യന്‍ മിഷണറിമാരും അവരുടെ പ്രവര്‍ത്തനങ്ങളും ശ്രീനാരായണഗുരുവിനെപ്പോലുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അതിലൂടെ വന്ന സ്വാതന്ത്ര്യബോധം, സമത്വബോധം, തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുണ്ടായ ബോധം, അങ്ങനെയുണ്ടായ ഇടതുപക്ഷ സര്‍ക്കാരുകള്‍, അതിന്റെ തുടര്‍ച്ചയായി ജനാധിപത്യക്രമത്തില്‍ യു.ഡി.എഫ് എന്ന് ഇപ്പോള്‍ നമ്മള്‍ വിളിക്കുന്ന ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായ കോണ്‍ഗ്രസ് സംസ്‌കാരത്തിലുള്ള ഭരണം. അങ്ങനെ കേരളം നല്ല ഒരു ചാലിലൂടെയാണ് ഇതുവരെ പോയത്.' ആ പോക്കിനിടയില്‍ അടിസ്ഥാന സൗകര്യമേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതിക്ക് ഉണ്ടാകുന്ന ചില കോട്ടങ്ങള്‍ തടയപ്പെടേണ്ടതുണ്ടെന്നും അല്ലെങ്കില്‍ ഈ നാട് ഇതുപോലെ ഉണ്ടാകില്ലെന്നും തിരിച്ചറിയുന്നുമുണ്ട് അവര്‍. അതു മറയില്ലാതെ പറയുകയും ചെയ്യുന്നു.

''നമ്മള്‍ ഒരുപാട് മുന്നോട്ടു പോയെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ എത്താത്ത രണ്ട് ഇടങ്ങളാണ് ആദിവാസി മേഖലയും തീരദേശ മേഖലയും. ഒരുപാട് ശ്രദ്ധ ചെലുത്തുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴും പ്രശ്‌നങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. അതു പ്രത്യേകമായി അഭിമുഖീകരിക്കേണ്ടതുണ്ട്. ആദിവാസി പ്രദേശങ്ങള്‍ പോലെതന്നെ പിന്നാക്കം നില്‍ക്കുന്ന മേഖലകളുണ്ട് തീരദേശത്ത്. ഞങ്ങള്‍തന്നെ 'ജാതക് ജനനി' എന്ന പേരില്‍ യൂനിസെഫുമായിച്ചേര്‍ന്ന് സാമൂഹികനീതി വകുപ്പ് പൈലറ്റ് അടിസ്ഥാനത്തില്‍ ചെയ്തു തുടങ്ങിയപ്പോള്‍ അതിനു തെരഞ്ഞെടുക്കുന്ന രണ്ട് പഞ്ചായത്തുകള്‍ മാനന്തവാടിയിലെ ഇടവകയും അട്ടപ്പാടിയുമാകാം എന്നു വന്നു. പക്ഷേ, എന്തുകൊണ്ട് കരിങ്കുളം എടുക്കുന്നില്ല എന്ന ചോദ്യമാണ് എനിക്കുണ്ടായിരുന്നത്. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ് കരിങ്കുളം പഞ്ചായത്ത്. 

തിരുവനന്തപുരം നഗരത്തോടു ചേര്‍ന്നുകിടക്കുന്ന സ്ഥലം. അവിടെയാണ് തെരുവുനായ കടിച്ച് രണ്ട് മരണമുണ്ടായത്. വീടുകള്‍ ഇത്രയേറെ അടുത്തു നില്‍ക്കുന്ന സ്ഥലമില്ല. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒരു പോക്കറ്റ് എന്നു പറയുമ്പോള്‍ അവിടുത്ത വികസന പ്രശ്‌നങ്ങള്‍ വളരെ വലുതല്ലേ? കാസര്‍ഗോട്ടും മലപ്പുറത്തുമൊക്കെയുണ്ട് തീരദേശത്ത് ഇതുപോലെയുള്ള അവികസിത മേഖലകള്‍. അതുപോലെ ആദിവാസി പ്രശ്‌നം. ഈ പ്രശ്‌നങ്ങളെ കുറച്ചുകൂടി നന്നായി നേരിടാന്‍ പറ്റണം. ആദിവാസി മേഖലയിലെ പോഷകാഹാര വിതരണം മതിയായ അളവിലാണെന്നു ഞങ്ങള്‍ക്ക് അഭിപ്രായമില്ല. ഭക്ഷ്യവകുപ്പ് ഇപ്പോള്‍ പുതിയൊരു പദ്ധതി തുടങ്ങുന്നു. റാഗി, തിന പോലുള്ള ചെറുധാന്യങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്ന നിരവധി ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുണ്ട്. അതിനേക്കുറിച്ച് ഒരു സര്‍വ്വേ നടത്തി. നമ്മുടെ റേഷനരി തന്നെ അവര്‍ക്കു കൊടുത്താല്‍ അവരതു വാങ്ങിക്കുകയോ മറിച്ചുവില്‍ക്കുകയോ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യും. അവര്‍ ഉപയോഗിക്കുന്നതു കൊടുക്കണം. അതിനുള്ള കൃത്യമായ ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ആ പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിന്റെ അന്ത്യഘട്ടത്തിലാണ്. ഇതുപോലെയുള്ള പ്രശ്‌നങ്ങളുണ്ട്. പൊതുവല്‍ക്കരണം എപ്പോഴും അപകടകരമാണ്. കേരളത്തിനു മികച്ച സാക്ഷരതയുണ്ട്, മികച്ച ആരോഗ്യ സൂചകങ്ങളുണ്ട്, ഒരുപാടു പേര് ഗള്‍ഫില്‍ പോകുന്നു, ഒരുപാടു പേര്‍ക്കു വിദ്യാഭ്യാസമുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങളില്ല എന്നു പെട്ടെന്നു കയറി നമ്മളങ്ങ് തീരുമാനിക്കുകയാണ്. അതു ശരിയല്ല.'

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ കേരളം മൊത്തത്തില്‍ ഏറ്റവും ഗൗരവത്തോടെ ഏറ്റെടുക്കാന്‍ ഇനിയും വൈകരുതെന്നാണ് അവരുടെയും നിലപാട്. ''ആലപ്പുഴയിലും കോട്ടയത്തുമായുള്ള വേമ്പനാട്ട് കായലിനെയെടുക്കുക. വളരെ വ്യത്യസ്തമായ ഒരു ജീവവ്യവസ്ഥയാണത്. അതിലെ മല്‍സ്യങ്ങള്‍, സമീപത്തു ജീവിക്കുന്ന മനുഷ്യര്‍, അതിലെ ദ്വീപ് സമൂഹങ്ങള്‍, വെള്ളമൊഴുക്കിന്റെ ഘടനയും കടല്‍വെളളം കയറുകയും ഇറങ്ങുകയും ചെയ്യുന്നതിന്റെ സവിശേഷതകള്‍.  ഇതിന്‍െയൊക്കെ അടിസ്ഥാനത്തില്‍ നിലനിന്നുപോരുന്ന ഒരുപാട് കാര്യങ്ങളുണ്ട് ആ വലിയ ജീവവ്യവസ്ഥയില്‍. പക്ഷേ, അതിന്റെ അടിത്തട്ട് മുഴുവന്‍ ഇപ്പോള്‍ പ്‌ളാസ്റ്റിക്കാണ്. അതു സാമൂഹിക പ്രശ്‌നമായി അനുഭവപ്പെടുന്നുണ്ടോ എന്നതാണ് എന്റെയൊരു ഉല്‍ക്കണ്ഠ. മാലിന്യപ്രശ്‌നത്തില്‍ കൊച്ചി അങ്ങേയറ്റം മുങ്ങിനില്‍ക്കുമ്പോഴാണ് ഞാന്‍ അവിടെ ജോലി ചെയ്തത്. 1967-ല്‍ രൂപപ്പെട്ടതാണ് കൊച്ചി നഗരസഭ, എന്റെ പ്രായം. പക്ഷേ, 2007-ല്‍ ഞാന്‍ അവിടെച്ചെല്ലുമ്പോള്‍ മാലിന്യ പ്രശ്‌നത്തില്‍ നഗരസഭയെ ഹൈക്കോടതി തൂക്കിപ്പിടിച്ചിരിക്കുകയാണ്. മാലിന്യം കൊണ്ടിടാന്‍ അപ്പോഴും വ്യവസ്ഥാപിതമായ ഒരു സംവിധാനമില്ല. വലിയ മാലിന്യക്കൂമ്പാരമായി, വലിയ പ്രശ്‌നമായി, സര്‍ക്കാരും കോടതിയും മനുഷ്യാവകാശ കമ്മിഷനുമൊക്കെ ഇടപെട്ടു നില്‍ക്കുമ്പോഴാണ് ഒരു പ്‌ളാന്റ് പണിയുന്നതിന് ജെന്റം പദ്ധതിയില്‍ ഒരു പ്രോജക്റ്റ് വയ്ക്കുന്നത്. ബ്രഹ്മപുരത്ത് നൂറേക്കര്‍ സ്ഥലം ലഭ്യമാക്കാനും നടപടി തുടങ്ങി. പക്ഷേ, എനിക്കു മനസ്‌സിലാക്കാന്‍ കഴിഞ്ഞത് ജൈവ മാലിന്യങ്ങളല്ല കേരളത്തിന്റെ പ്രശ്‌നം എന്നാണ്. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്നത് അജൈവ മാലിന്യങ്ങളാണ്. പ്‌ളാസ്റ്റിക്കും കുപ്പികളും നമ്മള്‍ വലിച്ചെറിയുന്ന കണ്ടെയ്‌നറുകളും തുണികളും ബാഗുകളും ഇ വേസ്റ്റും. പക്ഷേ, ഈ രൂക്ഷമായ പ്രശ്‌നത്തെ കേരളം ഇപ്പോഴും വേണ്ടവിധം അഭിമുഖീകരിക്കുന്നില്ല. വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കപ്പെടേണ്ട മേഖലയാണത്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം പോലെ തന്നെയാണ് പരിസ്ഥിതിക്ക് എതിരായ അതിക്രമവും. അതിനെ അതേ തീക്ഷ്ണതയോടെ നേരിടേണ്ട കാലമാണിത്. അല്ലെങ്കില്‍ ഈ ഇക്കോ സിസ്റ്റത്തില്‍ നമ്മളൊഴികെ എല്ലാം നശിച്ചിട്ട് നമ്മള്‍ മാത്രം നിലനില്‍ക്കുമെന്നു പ്രതീക്ഷിക്കാന്‍ പറ്റുമോ. വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ഏകദേശം ആറിഞ്ചോളം പ്‌ളാസ്റ്റിക് അടിഞ്ഞുകൂടിയിരിക്കുന്നു എന്നാണ് മനസ്‌സിലാകുന്നത്. അതുകൊണ്ടുതന്നെ ഒരുപാടിനം മല്‍സ്യങ്ങള്‍ക്കും മറ്റും വംശനാശം സംഭവിക്കുന്ന പേടിപ്പിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ് ഈയൊരു പ്രശ്‌നത്തിന്റെ വ്യാപ്തി. കൊച്ചിയില്‍ ജോലിചെയ്ത കാലത്തു ഞങ്ങളൊരു ഖരലമാലിന്യ സംസ്‌കരണ നിയമാവലിയുണ്ടാക്കി. കൃത്യമായ പിഴ ഈടാക്കല്‍ വ്യവസ്ഥകളുണ്ടായിരുന്നു അതില്‍. കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭ അത്തരമൊരു ഇടപെടല്‍ നടത്തിയത്. രാത്രിയില്‍ നിരീക്ഷണമൊക്കെ ഏര്‍പ്പാട് ചെയ്തു. മാലിന്യം തെരുവില്‍ എറിയുന്നവരെ പിടിച്ച് പിഴ ഈടാക്കാന്‍ തുടങ്ങി. അങ്ങനെ കിട്ടിയ പണംകൊണ്ട് നൈറ്റ് സ്‌ക്വാഡിനുവേണ്ടി ഞങ്ങള്‍ രണ്ട് ബൊലേറോ വാങ്ങി. ''നന്ദി, വീണ്ടും എറിയുക: നഗരസഭാ സെക്രട്ടറി' എന്ന് പറഞ്ഞ് മനോരമ വാര്‍ത്ത കൊടുത്തു. എറിഞ്ഞാല്‍ പിടിക്കാം, പിഴയിടാം, പണം കിട്ടും, അതുകൊണ്ട് നഗരസഭയ്ക്ക് പലതും ചെയ്യാം എന്ന്. ശരിക്കും എല്ലാ ദിവസവും നിരീക്ഷണവും മേല്‍നോട്ടവും വേണം. പിന്നെ നമ്മുടെ ചില ശീലങ്ങളും രീതികളും മാറണം. അടിസ്ഥാനപരമായ പൗരബോധത്തിലേക്കു കൊണ്ടെത്തിക്കുന്നതിനു കടുത്ത നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്ന ഭയത്തോടുകൂടിത്തന്നെ മാലിന്യത്തെ കൈകാര്യം ചെയ്യണം. വീട്ടിലും വിദ്യാലയത്തിലുമെല്ലാം ഇതുണ്ടാകണം. പക്ഷേ, സര്‍ക്കാരിന് ഇതേറ്റെടുത്തു സംസ്ഥാന തലത്തില്‍ നടപ്പാക്കാന്‍ പറ്റില്ല. സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച ചുമതലയാണ് മാലിന്യസംസ്‌കരണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശ പ്രകാരം തയ്യാറാക്കിയ 2006-ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുണ്ട്. വളരെ നല്ല ചട്ടങ്ങളാണ് അവ. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നിയമാവലിയുണ്ടാക്കാം. പക്ഷേ, സര്‍ക്കാരില്‍നിന്നു കിട്ടുന്ന ചെറിയ നികുതി വിഹിതം കൊണ്ടാണ് നഗരസഭ തെരുവുവിളക്കും ശ്മശാനവും മാര്‍ക്കറ്റും റോഡുകളുമെല്ലാം സംരക്ഷിക്കേണ്ടത്. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം അവര്‍ക്ക് ഇതിനു വേണ്ടി കണ്ടെത്താന്‍ കഴിയുന്ന പണവും സ്ഥാപന സൗകര്യങ്ങളുമൊക്കെ പരിമിതമാണ്. അതാണ് തടസ്സം.'

സ്ത്രീജീവിതം
സ്ത്രീസുരക്ഷയില്‍ കേരളം പുറകോട്ടു പോയിട്ടില്ല എന്ന് മിനി ആന്റണി പറയുന്നു. വളരെ സുരക്ഷിതമായ ഇടങ്ങളില്‍നിന്നു പൊതു ഇടങ്ങളിലേക്കു സ്ത്രീകള്‍ കൂടുതലായി വന്നതുകൊണ്ട് അഭിമുഖീകരിക്കേണ്ടിവരുന്ന ചില പ്രശ്‌നങ്ങളുണ്ട്. രാത്രിയില്‍ യാത്ര ചെയ്യേണ്ടിവരുന്നത് ഒരു ഉദാഹരണം. പണ്ടത്തെ സാമൂഹിക സാഹചര്യത്തില്‍ അതു വേണ്ടായിരുന്നല്ലോ. രണ്ടാമത്തേത്, മാധ്യമങ്ങളുടെ ഇടപെടലും സമൂഹത്തിന്റെതന്നെ അവബോധവും കൂടുന്നതുകൊണ്ട് പുറത്തുപറയുന്നതു കൂടുന്നു. ഇതു രണ്ടും ഉണ്ടാകുന്നുണ്ട്. പണ്ട് അടക്കം പറച്ചിലുകളായി നിന്നിരുന്ന കാര്യങ്ങള്‍ ഇന്നു പൊതു ചര്‍ച്ചകളാകുന്നു എന്നൊരു വ്യത്യാസമുണ്ട്. പണ്ട് കുളിക്കടവിലോ അടുക്കള മുറ്റത്തോ ഒക്കെ വച്ച് പറഞ്ഞിരുന്ന പല വീടുകളിലുമുള്ള പല പ്രശ്‌നങ്ങളും, പലരും പീഡിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്ന പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, അന്നത് ആ തലത്തില്‍ ഒതുക്കത്തോടെ കൈകാര്യം ചെയ്തുപോവുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ കുറച്ചുകൂടി പൊതുപ്രശ്‌നമാകുന്നുണ്ട്.

മിനി ആന്റണി
മിനി ആന്റണി

പിന്നെ മറ്റൊന്ന്, കുടുംബം എന്ന അടിസ്ഥാന ഘടകവുമായി ബന്ധപ്പെട്ടതാണ്. അത് എത്ര ശക്തമാണോ അത്രയ്ക്കും ഇത്തരം പ്രശ്‌നങ്ങള്‍ കുറയും എന്നതാണ്. സാമ്പത്തിക വളര്‍ച്ചയുടേതാകാം, നമ്മുടെ ഇന്നത്തെ തൊഴില്‍ സാഹചര്യങ്ങളുടേതാകാം, വിട്ടുവീഴ്ച ചെയ്തുപോകാനുള്ള നമ്മുടെതന്നെ ചില ബുദ്ധിമുട്ടുകള്‍കൊണ്ടാകാം കുടുംബം കുറച്ചു ദുര്‍ബലമാകുന്നുണ്ടോ എന്നൊരു സംശയമുണ്ട്. ലോകചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷന്‍ കുടുംബമാണ്. തര്‍ക്കമില്ലാത്ത കാര്യമാണ്. രാഷ്ര്ടവും പ്രസ്ഥാനങ്ങളുമുണ്ടാകാം. പക്ഷേ, ലോകചരിത്രത്തിലെ ഏറ്റവും സ്വാഭാവികവും ശ്രേഷ്ഠവുമായ സ്ഥാപനം കുടുംബമാണ്. പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം, അന്തസേ്‌സാടെ സ്ത്രീക്കു നിലനില്‍ക്കാന്‍ ഒരു ഇടം ഇതെല്ലാമാണല്ലോ കുടുംബം. ആ ഒരു ഘടനയ്ക്ക് ഇളക്കം തട്ടുമ്പോള്‍ സമൂഹത്തില്‍ ഒരുപാട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായിട്ടും മറ്റും അതു പ്രതിഫലിക്കും. കുടുംബത്തില്‍ അന്തസ്സോടെ ഓരോ ബന്ധത്തെയും കാണുന്ന ഒരാള്‍ക്കു പുറത്തുപോയി ആരെയും പീഡിപ്പിക്കാന്‍ പറ്റില്ല. 

പൊതുമുതലിനോടുള്ള നമ്മുടെ മനോഭാവത്തിലും വീട്ടില്‍നിന്നു കിട്ടുന്ന ഈ ശീലം പ്രധാനമാണ്. ഞങ്ങള്‍ക്കൊക്കെ ചെറുപ്പത്തിലേ പകര്‍ന്നുകിട്ടിയ ഒരു കാര്യമുണ്ട്. നമ്മള്‍ പോകുന്ന റോഡ്, നമ്മള്‍ പോകുന്ന സ്‌കൂള്‍, നമ്മള്‍ പോകുന്ന പള്ളി, നമ്മള്‍ പോകുന്ന വായനശാല ഇതൊന്നും നമ്മളുണ്ടാക്കിയതല്ല. മുന്‍പേ പോയവര്‍ ഉണ്ടാക്കിവച്ചിരിക്കുന്ന അടിസ്ഥാന ഘടനയാണ്. പുതിയതായി എന്തെങ്കിലും അതിനോടു കൂട്ടിച്ചേര്‍ക്കണം. അതു സാധിച്ചില്ലെങ്കില്‍ അതു നശിപ്പിക്കാതെയെങ്കിലും കടന്നുപോകണം. അടിസ്ഥാനപരമായി കിട്ടിയിരുന്ന ഏറ്റവും നല്ല ഒരു ഉപദേശം അതാണ്. 

കുടുംബജീവിതത്തില്‍ സ്ത്രീക്കു കുറേയധികം ഉത്തരവാദിത്ത്വങ്ങള്‍ വന്നുചേരുന്നുണ്ട്, പുരുഷനേക്കാള്‍. ആ ഉത്തരവാദിത്ത്വങ്ങളെ കുറേയെങ്കിലും മാനിച്ചുകൊണ്ടല്ലാതെ അവള്‍ക്കു സ്വന്തം വളര്‍ച്ചയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ ഉണ്ടാകുന്ന ആന്തരസംഘര്‍ഷങ്ങളും പൊട്ടിത്തെറികളും കുടുംബത്തെത്തന്നെ ഛിന്നഭിന്നമാക്കാം. അതുകൊണ്ടാണ് പലപ്പോഴും വിവാഹത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നതും കുടുംബത്തില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതും. കുടുംബവും സമൂഹവും ഉദ്യോഗവും ഏല്‍പ്പിക്കുന്ന ജോലികള്‍ ഒരേപോലെ മെച്ചപ്പെട്ട നിലവാരത്തില്‍ സ്ത്രീ എടുക്കണമെന്നു വിചാരിക്കുന്നതു നന്നേ സംഘര്‍ഷമുണ്ടാക്കുന്ന കാര്യമാണ്. ഒരു ഉദ്യോഗസ്ഥ ഒരു വീട്ടമ്മ കൂടിയാണ്, ചീഫ് സെക്രട്ടറിയാണെങ്കിലും അവര്‍ ഒരു കുടുംബിനിയാണ്. അവിടെ സ്ത്രീ നോക്കേണ്ട പരമ്പരാഗത റോളുകളെക്കുറിച്ചു നമ്മളെ ആരും മുക്തരാക്കി വിടുന്നില്ല. നാല് കറിയും ഊണുമുണ്ടാക്കാന്‍ നില്‍ക്കേണ്ടിവരുന്നില്ലായിരിക്കാം. പക്ഷേ, സ്ത്രീ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബം മുന്നോട്ടു പോകില്ല. 

അവരെല്ലാം കുഴപ്പക്കാരല്ല
ഭരണാധികാരികളെല്ലാം ആത്മാര്‍ത്ഥത ഇല്ലാത്തവരാണ് എന്ന അഭിപ്രായത്തോട് മിനി ആന്റണിക്കു യോജിപ്പില്ല. ''സാധാരണ വ്യക്തിയെന്ന നിലയില്‍ നമ്മള്‍ ഏറ്റെടുക്കുന്ന ചില ദൗത്യങ്ങളുണ്ട്. ആ ദൗത്യങ്ങളോടുള്ള നമ്മുടെ വ്യക്തിപരമായ പ്രതിബദ്ധതകളുണ്ട്. ചെയ്യണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍. പക്ഷേ, നമുക്കു ചില കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ പോകാറില്ലേ. അതുപോലെതന്നെ ഒരു സിസ്റ്റത്തിന്റെ അകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രിക്കുപോലും പരിമിതികള്‍ അനുഭവപ്പെടുന്ന എത്രയോ മേഖലകളുണ്ട്. പക്ഷേ, ഞാന്‍ മനസ്സിലാക്കിയിടത്തോളം അവരുടെ വ്യക്തിഗതമായ വ്യത്യാസങ്ങളും ശൈലികളിലെ വ്യത്യാസങ്ങളുമുണ്ടാകാം. പക്ഷേ, ജനത്തിനു നന്മ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാന്‍ പരിചയപ്പെട്ട മിക്ക ഭരണാധികാരികളും. ആ ഒരു നന്മ അവരിലുണ്ട് എന്ന വിശ്വാസംകൊണ്ടാണല്ലോ എനിക്കും അവരുടെ ദൗത്യങ്ങളോട് ആത്മാര്‍ത്ഥമായി നില്‍ക്കാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ഇവര്‍ പറയുന്നതു ജനത്തെ പറ്റിക്കാനാണ്, ഞാനെന്തിന് ഇത്രയും സ്‌ട്രെയിനെടുക്കണം എന്നു ഞാനും വിചാരിക്കില്ലേ. എനിക്ക് അങ്ങനെ തോന്നിയിട്ടില്ലേ. കെ. കരുണാകരന്‍ സാര്‍ മുഖ്യമന്ത്രിയായത്. ആ കാലം മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവരുടെ കാര്യത്തില്‍, മിക്കവാറും ഞാന്‍ പരിചയപ്പെട്ടിട്ടുള്ള മന്ത്രിമാരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ആത്യന്തികമായി അവര്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അവരുടെയും പരിമിതികളുണ്ട്, സംവിധാനത്തിന്റെ പോരായ്മകളുണ്ട്, നിയമങ്ങളുടെ പരിധികളുണ്ട്, ഞങ്ങള്‍ ഉദ്യോഗസ്ഥ സംവിധാനം നല്‍കുന്ന പിന്തുണയുടെ പോരായ്മയുണ്ട്, ജനംതന്നെ ചില കാര്യങ്ങളില്‍ സഹകരിക്കാത്തതുണ്ട്. മാലിന്യസംസ്‌കരണം തന്നെ ഉദാഹരണം. ആഹ്വാനങ്ങളുടെ കുറവുകൊണ്ടല്ലല്ലോ കേരളം നന്നാകാത്തത്. 

പിന്നെ, പുരോഗതിയുടെ വലിയൊരു ചാട്ടം കഴിയുമ്പോള്‍ ചെറിയ ഇറക്കമുണ്ടാകാം. ഏതൊരു കാര്യത്തിലും അതുണ്ട്, നമ്മളൊരു ദൗത്യത്തെ വളരെ ശക്തമായി ഏറ്റെടുക്കുന്ന ഒരു കാലഘട്ടമുണ്ടാകും. ഉദാഹരണത്തിന്, സാക്ഷരതാ മിഷന്‍. നമ്മള്‍ അതിന്റെ ഏറ്റവും ഉയരത്തിലെത്തി, നേട്ടത്തിന്റെ തലത്തിലെത്തിക്കഴിയുമ്പോള്‍ പിന്നെ വരുന്നൊരു ആലസ്യമുണ്ട്. അതില്‍ കുറേപ്പേര് പിന്നെയും പിന്നോട്ടുപോകും. സാമൂഹിക വിപ്‌ളവങ്ങള്‍ക്കെല്ലാമുള്ള ഒരു സ്വാഭാവിക ഘടനയാണ് അത്. ആ സമയത്ത് പിന്നെയും നമുക്ക് എവിടെനിന്നെങ്കിലും ഒരു ജാഗ്രതാ ആഹ്വാനം കിട്ടും, നിങ്ങളെന്തെങ്കിലും ചെയേ്ത പറ്റുകയുള്ളു എന്ന്. അപ്പോള്‍ നമ്മള്‍ വീണ്ടും മിഷനൊക്കെ ഉണ്ടാക്കി ആ കാര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. അതുകൊണ്ട് കേരളത്തിന്റെ കാര്യത്തില്‍ ചില മേഖലകളില്‍ നമുക്ക് നല്ലതുപോലെ മുന്നേറ്റമുണ്ടായി. 

ഒപ്പം ആ മുന്നേറ്റങ്ങളെ പിന്നോട്ടു വലിക്കുന്ന ചില സാമൂഹിക ശീലങ്ങളിലെ പിന്നാക്കാവസ്ഥ നമുക്കുണ്ട്. ഒരുപാട് വൈചിത്ര്യങ്ങളുണ്ട്. വ്യക്തിശുചിത്വം വളരെ നന്നായിട്ടു നോക്കി, വീടിന്റെ മുറ്റം എന്നും തൂത്ത് വൃത്തിയാക്കി, അവിടെ ഒരു ചവറുപോലും ഇല്ലാതെയാക്കിയിട്ട് ഇത് മുഴുവനും തൊട്ടടുത്ത പറമ്പിലേക്കോ പൊതു നിരത്തിലേക്കോ വലിച്ചെറിയുന്നതിന് ഒരു മടിയുമില്ലാത്ത രീതി. നമ്മുടെ ശുചിത്വശീലങ്ങളിലൊക്കെ ചില സങ്കുചിതത്വങ്ങളുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ മലയാളികള്‍ക്ക് എല്ലാ കാര്യത്തിലും ഇതുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്, ഒരു സമൂഹമെന്ന നിലയില്‍. പക്ഷേ, അത് നമ്മള്‍ തിരുത്തിയെടുക്കേണ്ടതുണ്ട്.'

 സ്വന്തം നാടായ ആലപ്പുഴയിലും തൊട്ടടുത്തുള്ള കോട്ടയത്തും ജില്ലാ ഭരണത്തിന്റെ തലപ്പത്തിരുന്നപ്പോള്‍ മാത്രമല്ല, കേരളത്തില്‍ എവിടെയൊക്കെ ഏതൊക്കെ ജോലികള്‍ ചെയ്തിട്ടുണ്ടോ; അവിടെയൊക്കെയുള്ള ആളുകള്‍ കുറേ കഴിയുമ്പോള്‍ സ്വന്തം വലയം ആയി മാറുന്ന സഹഭാവത്തെക്കുറിച്ചും മിനി ആന്റണിക്കുള്ളത് അഭിമാനം. അങ്ങനെയാകാന്‍ കഴിയുന്നല്ലോ എന്ന സന്തോഷം. ''ഒരുപാട് കുട്ടികളെയും ഒറ്റപ്പെട്ടുപോകുന്നവരെയുമൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്ക് ഞാനൊരു പ്രചോദനമാകുന്ന അവസ്ഥയും പരിഹാരമാര്‍ഗ്ഗമാകുന്ന അവസ്ഥയുമുണ്ട്. അവര്‍ക്ക് നമ്മളെത്ര ഉപകാരപ്പെട്ടു എന്നു പിന്നീടായിരിക്കും നമുക്കു മനസ്സിലാകുന്നത്.' അവര്‍ ഓര്‍മ്മിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com