കഥയമമ.. കഥയമമ.. കൊച്ചിക്കഥകളുമായി ലോഹിത് വീണ്ടും വരുന്നു

ഹ്യൂമന്‍സ് ഓഫ് കൊച്ചി എന്ന പേരില്‍ കൊച്ചിക്കാരുടെ കഥ പറയുന്നൊരു പേജ്
ലോഹിത് ചന്ദ്രന്‍
ലോഹിത് ചന്ദ്രന്‍

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഫേസ്ബുക്ക് പേജ് പൊടിതട്ടിയെടുത്തിരിക്കുകയാണ് ലോഹിത് ചന്ദ്രന്‍ എന്ന കൊച്ചിക്കാരന്‍. ഹ്യൂമന്‍സ് ഓഫ് കൊച്ചി എന്ന പേരില്‍ കൊച്ചിക്കാരുടെ കഥ പറയുന്നൊരു പേജ് 2014ല്‍ തുടങ്ങിയതാണ് ലോഹിത്. അന്ന് വളരെയേറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടെങ്കിലും പല തിരക്കുകള്‍ കൊണ്ടും വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടും പാതിവഴിയില്‍ മുടങ്ങി പോവുകയായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ പുതിയ രൂപത്തിലും ഭാവത്തിലും പേജ് റീഡിസൈന്‍ ചെയ്ത് കൂടുതല്‍ ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ് ലോഹിത്.

നിര്‍ഭയ സംഭവദിവസം ഡല്‍ഹിയിലെ അതേ തിയറ്ററില്‍ സിനിമ കണ്ട കൊച്ചിയിലെ പെണ്‍കുട്ടി, ധാരാളം ഭൂസ്വത്തുണ്ടായിട്ടും ധാനധര്‍മ്മങ്ങള്‍ക്കൊടുവില്‍ ഒന്നുമില്ലാതായ്‌പ്പോയ സ്ത്രീ, സന്തോഷം എന്താണെന്ന് അറിയില്ലെന്ന് പറയുന്ന സ്ത്രീ, 100 ഹാപ്പി ഡേയ്‌സ് എന്ന തീരുമാനം ജീവിത്തതില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നയാള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കൊച്ചിക്കഥകള്‍. ജീവിതം ഓരോരുത്തര്‍ക്കും സമ്മാനിക്കുന്ന കഥകള്‍ ലോഹിതിന്റെ പേജില്‍ ഇടം പിടിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ബ്രാന്‍ഡന്‍ സ്റ്റാന്‍ഡന്റെ ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഹിത് ഹ്യൂമന്‍സ് ഓഫ് കൊച്ചി തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് വഴിയില്‍ കണ്ട ആളുകളുടെ ചിത്രങ്ങളെടുക്കുകയും അവരുടെ ചെറിയ അഭിമുഖങ്ങളെടുത്ത് അവര്‍ക്ക് പറയാനുള്ളത് ഫോട്ടോയ്ക്ക് താഴെ പോസ്റ്റ് ചെയ്യുകയും ചെയ്തു. 10000 ആളുകളുടെ ജീവിതകഥ ബ്രാന്‍ഡന്‍ ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ന്യൂയോര്‍ക്കിലെ ജീവിതം തൊട്ടറിഞ്ഞ ഈ പേജിന് ലഭിച്ചത് 8.2 ദശലക്ഷം ലൈക്കുകളാണ്. 

ഇതേ പരിപാടി കൊച്ചിയില്‍ പ്രാവര്‍ത്തികമാക്കാനാണ് ലോഹിത്  ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ ഓരോ തെരുവിലൂടെയും ഒരു ഫോട്ടോഗ്രാഫറെയും കൊണ്ട് സഞ്ചരിച്ചാണ് ലോഹിത് വൈവിധ്യമുള്ള ജീവിതങ്ങള്‍ തന്റെ പേജിലേക്ക് ഒപ്പിയെടുക്കുന്നത്. കഥ കേള്‍ക്കാനും പറയിപ്പിക്കാനും ഈ യുവാവ് എടുക്കുന്ന ശ്രമം അത്ര ചെറുതൊന്നുമല്ല.. ക്ഷമയോടെ തെരുവിലിറങ്ങി നടന്ന് ആളുകളോട് സംസാരിക്കേണ്ടി വരും. എന്നാല്‍ എല്ലാവരും സഹകരിക്കണമെന്നുമില്ല. പത്തുപേരോടൊക്കെ സംസാരിച്ചാലെ ഒരാള്‍ നമുക്ക് വേണ്ടി കഥപറയാന്‍ ഇരുന്നു തരികയുള്ളൂവെന്ന് ലോഹിത്. 

ആഴ്ചയില്‍ രണ്ടോ മൂന്നോ ആളുകളുടെ കഥകളാണ് ഹ്യൂമന്‍സ് ഓഫ് കൊച്ചിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തിരക്കുകളുണ്ടെങ്കിലും ഇനിയും അതങ്ങനെത്തനെ തുടരാണ് തീരുമാനമെന്ന് ലോഹിത് പറയുന്നു. ഇപ്പോള്‍ മ്യൂസിക് 247 എന്ന് മ്യൂസിക് ലേബലിന്റെ പിആര്‍ഒ ആണ് ലോഹിത് ചന്ദ്രന്‍. സിനിമയുടെ തിരക്കിലകപ്പെട്ടതോടെയാണ് ഇത്രയും കാലം ഹ്യൂമന്‍സ് ഓഫ് കൊച്ചി ജീവനറ്റ് കിടന്നതും. ഇനി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് ലോഹിത്.

ഇങ്ങനെ ക്യാമറാമാന്‍ ആയ സുഹൃത്തിനെയും കൂട്ടി തെരുവിലൂടെ നടക്കുമ്പോഴായിരിക്കും ലോഹിത് ഓരോ കഥാപാത്രങ്ങളെയും കണ്ടുമുട്ടുക. യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ആള്‍ക്കാരുടെ അനുഭവങ്ങള്‍, കാഴ്ചപ്പാടുകല്‍, ഓര്‍മ്മകള്‍, അവര്‍ക്ക് ലോകത്തോട് സംസാരിക്കാനുള്ള കാര്യങ്ങള്‍ എന്നിവയെല്ലാം ഒരു ഫോട്ടോയുടെ പിന്തുണയോടെ ലോഹിത് പേജിലേക്ക് എടുത്ത് വയ്ക്കും. ഇംഗ്ലീഷിലും മലയാളത്തിലും വായിക്കാം. 

ബിടെക് ബിരുദധാരിയായ ലോഹിത് ചന്ദ്രന്‍ കൊച്ചിയിലും മുംബൈയിലും ഐടി ഉദ്യോഗസ്ഥനായും പബ്ലിക് റിലേഷന്‍സ് ഓഫിസറായും ജോലി ചെയ്തിട്ടുണ്ട്. തിരികെ കൊച്ചിയിലേക്ക് തന്നെ വന്നപ്പോള്‍ കൂടെ ഇങ്ങനെയൊരു ആശയവുമുണ്ടായിരുന്നു. എന്തായാലും പേജിനിപ്പോള്‍ 11,440 ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞു. ലോഹിത് വീണ്ടും കൊച്ചിക്കാരുടെ കഥ പറയാന്‍ തുടങ്ങിയതോടെ ലൈക്കുകള്‍ കൂടുകയേയുള്ളൂ. കൊച്ചിയിലെ മനുഷ്യരുടെ വ്യത്യസ്തമായ കഥകള്‍ തേടിയലയുന്ന ഈ മനുഷ്യന്റെ ഉള്ള് കഥകള്‍ കൊണ്ട് നിറയട്ടേ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com