അറിയുമോ ബാര്‍ബി ഡോളിന്റെ കഥ

58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ആദ്യ ബാര്‍ബി ഡോള്‍ അമെരിക്കന്‍ ടോയ് ഫെയറില്‍ വീണ്ടും വരുന്നു
അറിയുമോ ബാര്‍ബി ഡോളിന്റെ കഥ

അതുവരെ നിലനിന്നിരുന്ന കുട്ടികളുടെ കളിപ്പാവകളുടെ രൂപഭാവത്തില്‍ നിന്നും മുതിര്‍ന്നവരെ പോലും ആകര്‍ശിക്കുന്ന മാറ്റങ്ങള്‍ക്ക് തുടക്കമിട്ടായിരുന്നു ബാര്‍ബി ഡോളിന്റെ കടന്നുവരവ്. 1959 മാര്‍ച്ച് ഒന്‍പതിനായിരുന്നു കളിപ്പാവകളുടെ ലോകത്തേക്ക് ബാര്‍ബി ഡോളിന്റെ രംഗപ്രവേശം. 

58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി പുറത്തിറക്കിയ തങ്ങളുടെ ബാര്‍ബി ഡോളിനെ അമെരിക്കന്‍ ടോയ് ഫെയറില്‍ വീണ്ടും അവതരിപ്പിക്കുമെന്ന് മറ്റെല്‍ ടോയ് കമ്പനി വ്യക്തമാക്കിയതോടെയാണ് ബാര്‍ബി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 

ബാര്‍ബിയുടെ ജനനം

പാവയെ അണിയിച്ചൊരുക്കുന്ന തന്റെ മകളുടെ കളിയാണ് റൂത്ത് ഹാന്‍ഡ്‌ലര്‍ എന്ന വ്യക്തിയെ ബാര്‍ബി ഡോളെന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. അതുവരെ ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവകളായിരുന്നു വിപണിയില്‍ നിറഞ്ഞിരുന്നത്. തന്റെ മകള്‍ പാവയെ മുതിര്‍ന്നവരുടെ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും,മുതിര്‍ന്നവര്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുപോലെ പാവയെ കളിപ്പിക്കുകയും ചെയ്തതാണ് റൂത്തിനെ മുതിര്‍ന്നൊരു പാവക്കുട്ടിയെ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്. 

ചില മാറ്റങ്ങളോടെ ലില്ലിയെന്ന പാവയുടെ രൂപത്തിലാണ് കമ്പനി ബാര്‍ബി ഡോളിനേയും അണിയിച്ചൊരുക്കിയത്. തന്റെ മകളില്‍ നിന്നും ലഭിച്ച ആശയമായതിനാല്‍ മകളുടെ പേര് തന്നെ റൂത്ത് പുതിയ പാവയ്ക്കുമിട്ടു. അങ്ങനെ റൂത്തിന്റെ മകളായ ബാര്‍ബറയില്‍ നിന്നും ബാര്‍ബി ഡോള്‍ ജനിച്ചു.

ബാര്‍ബിക്കുമുണ്ടൊരു ബോയ്ഫ്രണ്ട്‌ 

ബാര്‍ബറ മിലിസെന്റ് റോബര്‍ട്ടെന്നാണ് ബാര്‍ബി ഡോളിന്റെ മുഴുവന്‍ പേര്. ബാര്‍ബി തനിച്ചായിരുന്നില്ല. നാല് സഹോദരിമാരേയും ഒരു സഹോദരനേയും ബാര്‍ബിക്ക് കൂട്ടായി കമ്പനി അവതരിപ്പിച്ചിരുന്നു. കെന്‍ എന്ന ബോയ്ഫ്രണ്ടായിരുന്നു ബാര്‍ബിയുടെ സുഹൃത്തുക്കളില്‍ ഏറ്റവും പ്രശസ്തന്‍. മിഡ്ജ്, തെരേസ, ക്രിസ്റ്റി,സ്റ്റീവന്‍ എന്നിവരായിരുന്നു ബാര്‍ബിയുടെ മറ്റ് സുഹൃത്തുക്കള്‍. ഡാന്‍സര്‍ എന്ന കുതിരയാണ് ബാര്‍ബിയുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം.

കളിയോടൊപ്പം വിവാദങ്ങളും

വിപണി കീഴടക്കുന്നതോടൊപ്പം വിവാദങ്ങളും ബാര്‍ബിക്കൊപ്പമുണ്ടായിരുന്നു. ഡോക്റ്റര്‍, പൈലറ്റ്,എയര്‍ഹോസ്റ്റസ്,ഒളിംപിക് താരം എന്നിവ മുതല്‍ അമെരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ രൂപത്തില്‍ വരെ ബാര്‍ബി ഡോളുകള്‍ എത്തിയിരുന്നു. 

എന്നാല്‍ ബാര്‍ബിയുടെ രൂപഘടനയായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിരുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് ബാര്‍ബിയുടെ ശരീര ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. സൗദി അറേബ്യയില്‍ ബാര്‍ബി ഡോളിന് നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യവുമുണ്ടായി.

എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഈ വര്‍ഷങ്ങളിലുടനീളം 40 രാജ്യങ്ങളുടെ പ്രതിനിധിയായും ബാര്‍ബിയെത്തിയിട്ടുണ്ട്. ഓരോ മൂന്നു സെക്കന്റിലും ഒരു ബാര്‍ബി ഡോളെങ്കിലും ലോകത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് വിറ്റുപോകുന്നുണ്ടെന്നാണ് കണക്ക. 

ബാര്‍ബി ഡോളിനോട് സാദൃശ്യമുള്ള ഒരു യുവതിയേയും ലോകം കണ്ടെത്തിയിട്ടുണ്ട്. വെലേറിയ ലുക്യാനോവ എന്ന ഉക്രെയിന്‍കാരിയെ ജീവനുള്ള ബാര്‍ബിയെന്നാണ് വിശേഷിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com