സൈക്കിള്‍ തോറ്റിട്ടില്ല; ജീവിക്കുന്നു നിങ്ങളിലൂടെ

വട്ടത്തില്‍ ചവിട്ടി നീളത്തില്‍ പോകാന്‍ തുടങ്ങിയിട്ട് ഇരുന്നൂറ് വര്‍ഷം
ഫോട്ടോ: ബോണി പണിക്കര്‍
ഫോട്ടോ: ബോണി പണിക്കര്‍

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളായിരുന്നു താരം. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായിരുന്നു സൈക്കിള്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സൈക്കിള്‍ പാര്‍ട്ടി തോറ്റുപോയി. എന്നാല്‍ സൈക്കിള്‍ തോല്‍ക്കുന്നില്ല; സൈക്കിള്‍ തന്റെ യാത്രായജ്ഞം തുടരുകയാണ്. സൈക്കിള്‍ എന്ന സാധാരണക്കാരന്റെ വാഹനത്തിന് ഇരുന്നൂറ് വയസ്സാവുകയാണ്. മോട്ടോര്‍ സൈക്കിളുകള്‍ ഇടയ്ക്ക് സൈക്കിളിനെ മാറ്റിനിര്‍ത്തിയെങ്കിലും ഗംഭീര തിരിച്ചുവരവാണ് സൈക്കിള്‍ നടത്തിയിരിക്കുന്നത്. സൈക്കിളിന്റെ ഇരുന്നൂറ് വര്‍ഷത്തെക്കുറിച്ച്,

ഫോട്ടോ: ബോണി പണിക്കര്‍
 

വട്ടത്തില്‍ ചവിട്ടി നീളത്തില്‍ പോകാന്‍ തുടങ്ങിയിട്ട് ഇരുന്നൂറ് വര്‍ഷം
സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ മിക്കവാറും എല്ലാവര്‍ക്കും സൈക്കിളിലൂടെയായിരിക്കും. മണിക്കൂറിന് ഒരു രൂപ നാണയത്തുട്ട് എന്ന കണക്കിന് സൈക്കിള്‍ വാടകയ്‌ക്കെടുത്ത് ഓടിച്ചു പഠിച്ചിരുന്ന ഒരു കാലം മധ്യവയസ്‌കരായ ഓരോരുത്തര്‍ക്കും ഇപ്പോള്‍ രസമുള്ള ഓര്‍മ്മകളായിരിക്കും. കാലം ഓര്‍മ്മകളായി പിന്നിലേക്കു പോകുമ്പോള്‍ സൈക്കിള്‍ ഓര്‍മ്മയായി മാറി. സൈക്കിള്‍ അതിന്റെ ഇരുന്നൂറു വര്‍ഷം പിന്നിടുന്ന ഈ കാലയളവില്‍, പ്രതാപം തിരിച്ചുപിടിക്കുകയാണ്.
കേരളത്തില്‍ എല്ലാ ജില്ലകളിലും, സൈക്കിള്‍ ക്ലബ്ബുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. ഞായറാഴ്ചകളും അവധിദിനങ്ങളും സൈക്കിള്‍യാത്രകളുടെ ദിവസമായി മാറ്റിക്കൊണ്ട് സൈക്കിള്‍ സംഘങ്ങള്‍ നഗരങ്ങളും നാടും കീഴടക്കാനൊരുങ്ങുകയാണ്.

സൈക്കിള്‍ കാലം
മുട്ടിലിഴയുന്ന കാലം, പിച്ചവെച്ചു തുടങ്ങിയ കാലം... ഇങ്ങനെ കാലത്തെ വേര്‍തിരിക്കുമ്പോള്‍ അടുത്തത് സൈക്കിള്‍ ഓടിച്ചുതുടങ്ങിയ കാലമാണ്. ക്ലാസില്‍ നല്ല മാര്‍ക്കു വാങ്ങിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന ഒരിക്കലും നിറവേറ്റപ്പെടാതിരുന്ന വാഗ്ദാനങ്ങള്‍ കേട്ടുവളര്‍ന്നവരെല്ലാം ഇപ്പോള്‍ മധ്യവയസ്‌കരായിട്ടുണ്ടാവും. ഇപ്പോള്‍ നടന്നു തുടങ്ങുമ്പോഴേക്കുംതന്നെ വീട്ടിലൊരു കുഞ്ഞു സൈക്കിള്‍ എത്തിയിട്ടുണ്ടാകും. സമയക്കണക്കിന് ചില്ലറത്തുട്ടുകള്‍ നല്‍കി വാടകയ്ക്ക് എടുത്ത് പിന്നിലൊരാള്‍ പിടിച്ച് പഠിച്ചിരുന്ന ആ കാലവും കഴിഞ്ഞുപോയി. രണ്ട് കുഞ്ഞു ടയറുകള്‍ പിന്‍ചക്രത്തിനോടൊപ്പം ഘടിപ്പിച്ച് വീഴാതെ സ്വയം പഠിക്കാനുള്ള സൂത്രപ്പണികളൊക്കെ സൈക്കിളുകള്‍ സ്വായത്തമാക്കി. പുതിയ കാലത്ത് മാറ്റങ്ങളുമായി സൈക്കിള്‍ തിരിച്ചുവരുന്നുണ്ടെങ്കിലും തിരിച്ചുവരാതെ ഓര്‍മ്മയില്‍ അസ്തമിച്ചത് സൈക്കിള്‍യജ്ഞം എന്ന നാടന്‍ സര്‍ക്കസാണ്.
നാട്ടിന്‍പുറങ്ങളില്‍ അഞ്ചോ പത്തോ ദിവസത്തേക്ക് എത്തുന്ന സൈക്കിള്‍യജ്ഞക്കാരുടെ ഏറ്റവും പ്രധാന ഇനങ്ങളെല്ലാം സൈക്കിളുമായി ബന്ധപ്പെട്ടതാണ്. ഒറ്റച്ചക്രമുള്ള സൈക്കിളില്‍ കറക്കവും ആയാസപ്പെട്ട സൈക്കിള്‍ യാത്രകളും സൈക്കിള്‍യജ്ഞക്കാരോടൊപ്പം മറഞ്ഞുപോയിരിക്കുന്നു.

ഫോട്ടോ: ബോണി പണിക്കര്‍

ഇരുന്നൂറു വര്‍ഷത്തെ സൈക്കിളിന്റെ ചരിത്രം
ജര്‍മ്മന്‍കാരനായ ബാരന്‍ കാരി ഡ്രെയ്‌സ് 1817ലാണ് ബൈസൈക്കിള്‍ രൂപകല്‍പന ചെയ്തത്. തന്റെ അരുമയായ കുതിര അകാലത്തില്‍ മരണപ്പെട്ടപ്പോള്‍ ദു:ഖിതനായ ഡ്രെയ്‌സ് തന്റെ അരുമയ്ക്കു പകരം മറ്റൊന്നിനെ വാങ്ങുവാന്‍ താല്‍പര്യപ്പെട്ടില്ല. പകരം രണ്ടു ചക്രങ്ങളുള്ള ഒരു യന്ത്രം ഉണ്ടാക്കി. മുന്നിലും പിന്നിലും ചക്രങ്ങളുമായി അതിനെ ബന്ധിപ്പിക്കുന്ന മരത്തണ്ടിന്മേല്‍ കയറിയിരുന്ന് കാലുകള്‍ കൊണ്ട് തുഴഞ്ഞുപോകുന്ന മട്ടിലായിരുന്നു ഡ്രെയ്‌സ് തന്റെ ബൈസൈക്കിള്‍ രൂപപ്പെടുത്തിയത്.

ഫോട്ടോ: ബോണി പണിക്കര്‍

1818ല്‍ ഡ്രെയ്‌സ് ഇതിന് പേറ്റന്റും നേടി. 'ചലിക്കും യന്ത്രം' എന്നൊക്കെ പേരിട്ടെങ്കിലും ആളുകള്‍ അതിനെ 'ഡാന്‍ഡി ഹോഴ്‌സ്' എന്നാണ് വിളിച്ചിരുന്നത്.
ഡ്രെയ്‌സിന്റെ ഡാന്‍ഡി ഹോഴ്‌സിന് ഏറെക്കാലം പ്രചാരം ലഭിച്ചു. 1869ല്‍ 'വെലോസിപ്പേഡ്' എന്ന പരിഷ്‌കൃത സൈക്കിള്‍ രൂപം കൊണ്ടു. ഡ്രെയ്‌സിന്റെ ഡാന്‍ഡി ഹോഴ്‌സില്‍ നിന്നും വ്യത്യസ്തമായി മുന്‍ചക്രത്തില്‍ പെഡല്‍ ഉള്‍പ്പെടുത്തിയെന്നതാണ് വെലോസിപ്പേഡിലുണ്ടായ മാറ്റം. പേര് പുതിയത് വന്നെങ്കിലും ആളുകള്‍ അതിനെയും ഡാന്‍ഡി ഹോഴ്‌സ് എന്നുതന്നെ വിളിച്ചു.
1870ല്‍ പെഡലോടുകൂടിയ മുന്‍ചക്രം വലുതും പിന്‍ചക്രം വളരെ ചെറുതുമായ സൈക്കിള്‍ രൂപകല്‍പന ചെയ്യപ്പെട്ടു. എന്നാല്‍ ഇതിന് ഏറെ പ്രചാരം നേടാന്‍ സാധിച്ചില്ല. അപകട സാധ്യത കൂടുതലാണെന്നതായിരുന്നു കാരണം.

ഇതിനെത്തുടര്‍ന്ന് മൂന്നു ചക്രവും നാലു ചക്രവുമായി 1877ല്‍ സൈക്കിളുകള്‍ ഇറങ്ങിയെങ്കിലും അതിനൊന്നും ഡാന്‍ഡി ഹോഴ്‌സിനോളം ജനകീയമായില്ല.
ഇന്നു കാണുന്ന സൈക്കിളിന്റെ രൂപത്തിലേക്ക് സൈക്കിള്‍ ഡിസൈന്‍ ചെയ്യപ്പെട്ടത് 1886ലാണ്. 1888ല്‍ ബ്രെയ്ക്ക് ഹാന്റിലില്‍ ഘടിപ്പിച്ച് പരിഷ്‌കരിച്ചതോടെ സൈക്കിള്‍ പരിണാമത്തിന്റെ വലിയ ഘട്ടമാണ് കടന്നത്.

പറവൂര്‍ ബൈക്കേഴ്‌സ് ക്ലബ്ബിന്റെ സൈക്കിള്‍യാത്ര വീഡിയോ

1977ല്‍ ഗിയറുകള്‍ ഘടിപ്പിച്ച് കുന്നുകളും മലകളും കയറാനുള്ള പ്രാപ്തി കൈവരിച്ചുകൊണ്ടായിരുന്നു സൈക്കിളിന്റെ മാറ്റം. 1993ല്‍ ഇലക്ട്രിക്കല്‍ സൈക്കിള്‍ വന്നു. പക്ഷെ, വട്ടത്തില്‍ ചവിട്ടി നീളത്തില്‍ പായുന്ന സൈക്കിള്‍ എന്ന സങ്കല്‍പത്തിന് ഇലക്ട്രിക്കല്‍ സൈക്കിള്‍ അപവാദമായിരുന്നു. ഇലക്ട്രിക്കല്‍ സൈക്കിളിനെ സ്‌കൂട്ടറിന്റെ ഗണത്തിലാണ് പരിഗണിക്കപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com