മാഫിയാ തലവന്മാര്‍ ഗോഡ്ഫാദര്‍മാര്‍ ആകേണ്ടെന്ന് ഇറ്റാലിയന്‍ ബിഷപ്പ്

ഗോഡ്ഫാദര്‍ എന്ന വാക്ക് അധോലോകം സഭയില്‍നിന്ന് കടംകൊണ്ടതാണെന്നാണ് പെന്നിസി പറയുന്നത്. നേതാക്കള്‍ക്ക് ബഹുമാന്യതയും ആദരവുമൊക്കെ നേടാന്‍ അവര്‍ സ്വീകരിച്ച തന്ത്രമാണിത്.
മാഫിയാ തലവന്മാര്‍ ഗോഡ്ഫാദര്‍മാര്‍ ആകേണ്ടെന്ന് ഇറ്റാലിയന്‍ ബിഷപ്പ്

ഗോഡ് ഫാദര്‍ എന്നാല്‍ തല തൊട്ടപ്പന്‍. മാമോദിസ ചടങ്ങില്‍ മാത്രമല്ല, പലര്‍ക്കും ജീവിതത്തിന്റെ സമസ്ത മേഖലയിലും കാണും ഗോഡ് ഫാദര്‍മാര്‍. എന്നാല്‍ മര്‍ലണ്‍ ബ്രാന്‍ഡോയുടെ ആ തകര്‍പ്പന്‍ പ്രകടനം കണ്ടവര്‍ക്ക് ഗോഡ്ഫാദര്‍ എന്നാല്‍ മാഫിയാ തലവനാണ്. മരിയോ പുസോയുടെ നോവലിനെ അടിസ്ഥാനമാക്കി ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെടുത്ത സിനിമയാണ് ഗോഡ്ഫാദര്‍. അതില്‍ ഡോണ്‍ കോര്‍ലിയോണ്‍ എന്ന മാഫിയാ തലവനാണ് ബ്രാന്‍ഡോ. ഗോഡ് ഫാദര്‍ എന്ന വാക്ക് അങ്ങനെ മാഫിയാ നേതാക്കളുടെ പര്യായമായി മാറി. എന്നാല്‍ മാഫിയാ തലവന്മാര്‍ അങ്ങനെ ഗോഡ്ഫാദര്‍മാര്‍ ആകേണ്ടെന്നാണ് ഇറ്റലിയിലെ ഒരു ബിഷപ്പിന്റെ പക്ഷം. അങ്ങനെ സ്വയം വെള്ളപൂശാന്‍ അവരെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സഭാശാസനം പുറപ്പെടുവിച്ചിരിക്കുകയാണ് ബിഷപ്പ് മൈക്കല്‍ പെന്നിസി.

ഡോണ്‍ കോര്‍ലിയോണിന്റെ നാട്ടില്‍നിന്നു തന്നെയാണ് ഗോഡ് ഫാദറിന് തിരുത്തു വരുന്നത്. കോര്‍ലിയോണ്‍ ഉള്‍പ്പെട്ട രൂപതയുടെ ബിഷപ്പാണ് പെന്നിസി. ഗോഡ്ഫാദര്‍ എന്ന വാക്ക് അധോലോകം സഭയില്‍നിന്ന് കടംകൊണ്ടതാണെന്നാണ് പെന്നിസി പറയുന്നത്. നേതാക്കള്‍ക്ക് ബഹുമാന്യതയും ആദരവുമൊക്കെ നേടാന്‍ അവര്‍ സ്വീകരിച്ച തന്ത്രമാണിത്. ഒരു തരത്തിലും ബന്ധമില്ലാത്ത രണ്ടു ലോകങ്ങളെ തമ്മില്‍ ഈയൊരു വാക്കുകൊണ്ടുപോലും ഒന്നിക്കാന്‍ അനുവദിക്കരുത്. ഈ ലക്ഷ്യത്തോടെയാണ് പെന്നിസിയുടെ ഉത്തരവ്. മാഫിയാ തലവന്മാരെ പള്ളികളില്‍ നടക്കുന്ന മാമോദിസ ചടങ്ങുകളില്‍ തലതൊട്ടപ്പന്മാരാവാന്‍ അനുവദിക്കരുതെന്നാണ് ബിഷപ്പിന്റെ ഉത്തരവ്. മതചടങ്ങുകളുടെ പേരില്‍ കുറ്റവാളികള്‍ക്ക് പള്ളിയില്‍ കയറിയിറങ്ങാന്‍ അവസരമൊരുക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.

മാമോദിസ ചടങ്ങില്‍ ഗോ്ഡ്ഫാദറാവാന്‍ കുപ്രസിദ്ധ മാഫിയാ തലവനായ ടോട്ടോ റിനയെ അനുവദിച്ച പുരോഹിതനെ വിമര്‍ശിച്ച് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് പെന്നിസി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. ചെയ്ത കുറ്റത്തില്‍ പശ്ചാത്തപിച്ചു വരുന്നവരെ സ്വീകരിക്കാം. എന്നാല്‍ മാമോദിസ ചടങ്ങില്‍ ഞെളിഞ്ഞുനില്‍ക്കുന്നത് അങ്ങനെയല്ലെന്നാണ് ബിഷപ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com