അനുഭവങ്ങളുടെ കരുത്തില്‍ നിറവോടെ ഈ ജീവിതം

കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നളിനി നെറ്റോയെക്കുറിച്ച്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

എല്ലാ ദിവസവും സന്തോഷത്തിന്റേതു മാത്രമായി സ്വീകരിക്കാന്‍ കഴിയുന്ന വിധം മനസിനെ പാകപ്പെടുത്തിയതിന്റെ അനായാസതയുണ്ട് നളിനി നെറ്റോയുടെ വാക്കിലും നോക്കിലും. തൊട്ടുമുമ്പു കഴിഞ്ഞുപോയ നല്ല ദിവസത്തിന്റെ ഊര്‍ജ്ജത്തിലാണ് അടുത്തതിന്റെ തുടക്കം. അതുകൊണ്ട് ഒരു ദിവസവും ചീത്തയായി അനുഭവപ്പെടുന്നുമില്ല. ''നമ്മള്‍ പ്രതീക്ഷിക്കാത്ത വിധം കാര്യങ്ങള്‍ മാറിപ്പോയാല്‍ പിന്നെ ജീവിതം തന്നെ ഇല്ലല്ലോ. അതുകൊണ്ട് ഈ നിമിഷം ജീവിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ് സന്തോഷമായിരിക്കുക. അതാണ് ഞാന്‍ ചെയ്യുന്നത്.'' കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നളിനി നെറ്റോയുടെ ജീവിതരേഖ ആത്മവിശ്വാസത്തിന്റെതാണ്. നളിനി നെറ്റോയെക്കുറിച്ച്:

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി നെറ്റോയുടെ വാക്കുകളില്‍ തത്വചിന്തയുടെ ആഴമുണ്ട്. പക്ഷേ, അവര്‍ അതിനെ ഈശ്വരവിശ്വാസത്തിന്റെ കരുത്തും ജീവിക്കുന്ന മണ്ണില്‍ നാട്യങ്ങളില്ലാതെ ചവിട്ടിനില്‍ക്കുന്നതിന്റെ  സ്വാഭാവികതയുമായാണ് ചേര്‍ത്തു കാണുന്നത്. 'നമ്മള്‍ എന്തു ചെയ്യണം എന്ന തീരുമാനത്തില്‍ നമുക്കും പങ്കുണ്ട് എന്നതു ശരിയാണ്. പക്ഷേ, അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് നമ്മില്‍ നിന്നും ഉപരിയായ ഒരു ശക്തിയാണ്; ഏതു തീരുമാനവും അങ്ങനെതന്നെ. വിശ്വസിക്കാനാകാത്ത വിധം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചായി മാറുന്നു ആ ശക്തിയുടെ തീരുമാനങ്ങള്‍. വിനയമുള്ളവരായി മാറുകയല്ലാതെ മറ്റെന്താണു പിന്നെ മുന്നിലുള്ളത്? ഈഗോയ്ക്ക് ഇത്തിരിപ്പോലും ഇടമില്ലാതെ, നമ്മള്‍ ഇങ്ങനെയൊക്കെയായത് നമ്മുടെ മാത്രം മിടുക്കുകൊണ്ടല്ല എന്ന ഈ തിരിച്ചറിവുതന്നെയാണ് ഈശ്വര വിശ്വാസം. ' നളിനി നെറ്റോയുടെ വാക്കുകള്‍. 'തെറ്റിലേക്കാണു നമ്മള്‍ പോകുന്നതെന്നു വരുത്താനോ അതില്‍ സന്തോഷിക്കാനോ ഉള്ള വല്ലാത്തൊരു മാനസികാവസ്ഥ സമൂഹത്തിനു സ്ഥിരമായുണ്ട്. അതുകൊണ്ട് നമുക്ക് നമ്മേക്കുറിച്ചു കൂടുതല്‍ കരുതല്‍ വേണം.'കടന്നുവന്ന കാലം നല്‍കിയ ഏറ്റവും സന്തോഷകരമായ അനുഭവം ഏതെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു സ്വന്തം ജീവിത വീക്ഷണത്തിന്റെ കലര്‍പ്പില്ലാത്ത ഈ പങ്കുവയ്ക്കല്‍. ഏറ്റവും വേദനിപ്പിക്കുകയും പിടിച്ചുലയ്്ക്കുകയും ചെയ്ത അനുഭവത്തേക്കുറിച്ചാണ് സ്വാഭാവികമായും പിന്നീടു പറയേണ്ടത്. 'പ്രതീക്ഷിക്കാത്ത ഒരു അനുഭവം എനിക്ക്  ഉണ്ടായി എന്നതു ശരിയാണ്. പക്ഷേ, അതില്‍ നിന്നൊരു കരുത്ത് ഉള്ളില്‍ രൂപപ്പെട്ടു. പിടിച്ചുനില്‍ക്കാന്‍ ദൈവം തരുന്ന ഉള്‍ക്കരുത്താണ് അത്. അന്നത്തെ നിലയില്‍ ഏതുവിധം നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമോ അങ്ങനെ നന്നായിത്തന്നെ ഞാന്‍ ആ അനുഭവത്തിന്റെ തുടര്‍ദിനങ്ങളെ മാറികടന്നു.' നളിനി നെറ്റോയ്ക്കു നേരേ സെക്രട്ടേറിയറ്റിലെ ഓഫീസില്‍വച്ച് സ്വന്തം വകുപ്പുമന്ത്രിയില്‍ നിന്ന് ഉണ്ടായ മോശം പെരുമാറ്റം കേരളം ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. തൊഴില്‍സ്ഥലത്ത് സ്ത്രീക്കു നേരേയുണ്ടാകുന്ന അതിക്രമത്തേക്കുറിച്ച് രാജ്യം ഇന്നത്തെയത്രയൊന്നും ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ലാത്ത കാലം. കേരളം ഇളകിമറിയുകയും മന്ത്രി രാജിവയ്ക്കുകയും ചെയ്തു. അന്തസുള്ള സ്ത്രീയുടെ ഇഛാശക്തിയോടെ പിടിച്ചുനിന്നു പൊരുതുകയും സഹതാപത്തിനു ചുറ്റിലും നോക്കുന്ന നി്സ്സഹായായ ഇരയായി മാറാതെ തല ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടുകയും ചെയ്തു അവര്‍. ഔദ്യോഗിക പദവികളില്‍ മാറ്റങ്ങള്‍ പലത് സംഭവിക്കുകയും ശ്രദ്ധേയമായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ഇടയില്‍ ഒന്നിലേറെ ഉപതരഞ്ഞെടുപ്പുകളും പരാതിയില്ലാതെ നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാവുകയും ചെയ്തു പിന്നീട്. ഇപ്പോഴും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ളത് നല്ല വ്യക്തിബന്ധങ്ങള്‍; കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാന്യമായി ആശയ വിനിമയം നടത്താന്‍ പറ്റുന്നവരാണ് എന്ന അഭിപ്രായമാകട്ടെ അനുഭവത്തില്‍ നിന്നു ബോധ്യപ്പെട്ടതാണുതാനും. ഒരാളല്ലല്ലോ എല്ലാവരും. 
രാഷ്ട്രീയം ഇപ്പോഴുമില്ല, പഠിക്കുന്ന കാലത്ത് തീരെയും ഉണ്ടായിരുന്നില്ല. സാധാരണ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു കുട്ടിക്ക് പഠനംതന്നെയായിരുന്നു പ്രധാനം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലായിരുന്നു അഞ്ചു മുതല്‍ 10 വരെ. പ്രീഡിഗ്രിയും ഡിഗ്രിയും ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍, പിജി യൂണിവേഴ്‌സിറ്റി കോളജില്‍. എംഎസ്സി കെമിസ്ട്രിയായിരുന്നു. മുഴുവന്‍ സമയവും പഠിത്തംതന്നെ പഠിത്തം. രാഷ്ട്രീയത്തിലൊന്നും താല്‍പര്യമെടുക്കുന്നതു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. രാഷ്ട്രീയമായ പക്ഷം പിടിക്കല്‍ ഇല്ല എന്നേയുള്ളു. പക്ഷേ, ആരെ തെരഞ്ഞെടുക്കണം, ആരെ അരുത് എന്ന് കൃത്യമായി ആലോചിച്ചു തീരുമാനിക്കുകതന്നെയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ടു ചെയ്യുന്നുമുണ്ട്. രാഷ്ട്രീയ പക്ഷപാതിത്വം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. നിഷ്പക്ഷരായിരിക്കുന്നതുതന്നെയാണു നല്ലത്. അനുഭവങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചറിഞ്ഞതും അതുതന്നെയാണ്.  പ്രത്യേകിച്ച് ഒരാളെയും മാതൃകയാക്കാനോ അനുകരിക്കാനോ ശ്രമിച്ചിട്ടില്ല. എന്റെ ചുമതലകള്‍ നന്നായി, ഉത്കണ്ഠകള്‍ ഇല്ലാതെ ചെയ്യുന്നു എന്നുറപ്പിക്കുകയും അതിനോടു പരമാവധി നീതി പുലര്‍ത്തുകയുമാണു ചെയ്യുക. 
ശാസ്ത്രജ്ഞയാകാനായിരുന്നു ആഗ്രഹം. പഠനവും ആ വഴിക്കുതന്നെയായിരുന്നു. എംഎസ്സിക്കു പഠിക്കുമ്പോഴാണ് മനസ് മാറിയത്. ശാസ്ത്രജ്ഞ എന്ന നിലയില്‍ വികസിക്കാന്‍ ആവശ്യമായ ഗവേഷണ സൗകര്യങ്ങളൊക്കെ ഇന്നത്തേക്കാള്‍ വളരെ കുറവ്. സാധ്യതകളേക്കാള്‍ പരിമിതികള്‍. 1978-80 കാലഘട്ടമാണ് എന്നോര്‍ക്കണം. പിഎസ്സി പരീക്ഷ എഴുതി കോളജ് അധ്യാപികയായി. ജൂനിയര്‍ ലക്റര്‍ ആയി ജോലി കിട്ടിയത് ഓള്‍ സെയിന്റ്‌സ് കോളജില്‍. ഒരു വര്‍ഷമാണ് അധ്യാപികയായിരുന്നത്. നേരത്തേ പറഞ്ഞതുപോലെ, ആത്യന്തിക തീരുമാനമെടുക്കുന്നത് നമ്മളല്ലാത്തതുകൊണ്ടാകാം ശാസ്ത്രമല്ല സിവില്‍ സര്‍വീസാണ് പിന്നീടു നിയോഗമായി വന്നത്. മദ്രാസ് ഐഐടിയില്‍ നിന്നുള്ള കത്തുവന്നതും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. വഴി ഉറപ്പിച്ചു, മദ്രാസിലേക്കല്ല. ആദ്യ ശ്രമത്തില്‍തന്നെ ഐഎഎസ് കിട്ടി. 1981 ബാച്ച് ഐഎഎസുകാരിയായി. ദൈവാധീനം എപ്പോഴും കൂടെത്തന്നെയുണ്ടായിരുന്നു. ചെയ്ത ഓരോ കാര്യത്തിലും നടന്നുവന്ന ഓരോ വഴികളിലും അതു തൊട്ടറിഞ്ഞിട്ടുണ്ട്, അനുഭവിച്ച് കണ്ണുനിറഞ്ഞ് നിന്നിട്ടുണ്ട്.
സിവില്‍ സര്‍വീസ് പഠനം തന്നെത്താനായായിരുന്നു. കേട്ടാല്‍ ഇപ്പോഴത്തെ കുട്ടികള്‍ വിശ്വസിക്കുകതന്നെയില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ പരിശീലന ക്ലാസിനു ചേര്‍ന്നു. പക്ഷേ, ഒറ്റ ദിവസത്തില്‍ കൂടുതല്‍ പോയില്ല. എന്തോ താല്‍പര്യം തോന്നിയില്ല. പിന്നീട് വീട്ടിലിരുന്നായി പഠനം. തിരുവനന്തപുരത്തെ മൂന്നു ലൈബ്രറികളില്‍ നിന്നും എടുത്ത പുസ്തകങ്ങളിലൂടെയാണ് ലോകത്തെ കണ്ടത്. യൂണിവേഴ്‌സിറ്റി ലൈബ്രറിയും സെന്‍ട്രല്‍ ലൈബ്രറിയും കൂടാതെ അന്ന് ബ്രിട്ടീഷ് ലൈബ്രറിയും ഉണ്ടായിരുന്നല്ലോ. ഒരു പുസ്തകമോ മറ്റോ ആണ് വിലയ്ക്കു വാങ്ങിയിട്ടുള്ളത്. അച്ഛനായിരുന്നു എന്നേക്കാള്‍ അധികം എന്റെ സിവില്‍ സര്‍വീസ് തയ്യാറെടുപ്പില്‍ ശ്രദ്ധവച്ചത്. അച്ഛന്‍ ഇപ്പോഴില്ല. പക്ഷേ, ഓര്‍മകളില്‍ കൂടെത്തന്നെയുണ്ട്. അച്ഛന്‍ കൊണ്ടുവന്നു തന്ന പുസ്തകങ്ങളില്‍ നിന്നു ഞാന്‍ ആവശ്യമുള്ളതു തെരഞ്ഞെടുക്കുകയാണു ചെയ്തിരുന്നത്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അതുവഴിയുള്ള വിവരങ്ങളുടെ കുത്തൊഴുക്കും പോയിട്ട് ഫോട്ടോകോപ്പി എടുക്കാനുള്ള സൗകര്യങ്ങള്‍ പോലും കാര്യമായ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളില്‍ നിന്നു നോട്ട്‌സ് എഴുതിയെടുത്തു പഠിക്കുന്നതായിരുന്നു രീതി. ദി ഹിന്ദു ദിനപത്രവും ആകാശവാണി വാര്‍ത്തകളുമായിരുന്നു ദൈനംദിന വിവരങ്ങള്‍ക്കു വേണ്ടിയുള്ള പ്രധാന ആശ്രയങ്ങള്‍. ആ കാലത്തേക്കുറിച്ച് നമ്മള്‍ ആവേശത്തോടെ പറഞ്ഞാല്‍ ചിലപ്പോള്‍ അത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഇന്നത്തെ കുട്ടികള്‍ തല്ലും- നളിനി നെറ്റോ ചിരിക്കുന്നു.
മാറുന്ന ലോകത്തിന്റെ ചിത്രം അപ്പപ്പോള്‍ നമുക്ക് ലഭ്യമാക്കുന്നു എന്നതാണ് ഇന്‍ഫര്‍മേഷന്‍ വിപ്ലവത്തിന്റെ വലിയ പ്രധാന്യം. പക്ഷേ, വിരല്‍തുമ്പില്‍ വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കൂടുന്തോറും സ്വയം വിവരങ്ങള്‍ ആര്‍ജ്ജിക്കാനുള്ള നമ്മുടെ 'കപ്പാസിറ്റി' കുറഞ്ഞുപോകുന്നുണ്ടോ എന്ന് ആലോചിക്കണം. സിവില്‍ സര്‍വീസ് പരീക്ഷാ രീതികളും ഐഎഎസ് സെലക്ഷനുമൊക്കെ രീതികള്‍ മാറ്റിയിരിക്കുന്നല്ലോ ഇപ്പോള്‍. 
ആരെയെങ്കിലും പോലെ ആകണം എന്ന് ആഗ്രഹിക്കുകയോ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്തിട്ടില്ല. നല്ല കാര്യങ്ങള്‍ ആരില്‍ നിന്നും പഠിക്കാന്‍ ശ്രമിച്ചു, ശ്രമിക്കുന്നു. അങ്ങനെ ആരുടെയെങ്കിലും ജീവിതം അതേപടി പകര്‍ത്താന്‍ ശ്രമിക്കുന്നതും അബദ്ധമാണ്. നമ്മുടെ ജീവിതം നമുക്ക് ജീവിച്ചു തീര്‍ക്കാനുള്ളതാണ്. അത് യുണീക് ആണ്. നമുക്ക് പിന്നാലെ വരുന്ന തലമുറ നമ്മില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ നന്മകള്‍ അവര്‍ക്കു പകര്‍ന്നുകൊടുക്കുക. അത്രതന്നെ. പല ക്ലാസുകള്‍ക്കും മറ്റും പോകുമ്പോള്‍ കുട്ടികള്‍ ആവേശത്തോടെ പഠനകാലത്തേക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. ഇതൊരു ജോലി മാത്രമായി കാണാനും ജീവിതത്തെ അതിന്റെ പൂര്‍ണതയല്‍ കാണാനും ശ്രമിക്കണം എന്നാണ് ഞാന്‍ പറയാറുള്ളത്. കാല്‍ തറയില്‍ ഊന്നി നില്‍ക്കണം. ഇതുപോലെ ഒന്ന് കിട്ടാത്ത, എന്നാല്‍ അകത്തു കടന്നുകഴിഞ്ഞ നമ്മേക്കാള്‍ ബുദ്ധിയുള്ള എത്രയോ പേര്‍ പുറത്തുണ്ട് എന്ന ഓര്‍മ വേണം. അവര്‍ പുറത്തുനില്‍ക്കുന്നതുകൊണ്ടുകൂടിയാണ് നമ്മളിങ്ങനെ നല്ല രീതിയില്‍ ജീവിക്കുന്നത്്. നമ്മള്‍ എന്ന വ്യക്തിയെ ജനം വിലയിരുത്തുന്നുണ്ട്. അത് ഓര്‍മ വേണം എന്നു മാത്രമല്ല, നമ്മുടെ ഈഗോയിലും ജാഡയിലുമൊന്നും ഒരു കഥയുമില്ല എന്നും അറിയണം. 
എനിക്ക് മാതൃക എന്റെ അനുഭവങ്ങളാണ്. സ്വന്തം പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് മനുഷ്യന്‍ അനുഭവങ്ങളുടെ തീക്ഷ്ണത അറിയുക. ഞാന്‍ എനിക്കു സാധിക്കുന്ന എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നയാളാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഗവണ്‍മെന്റ് എന്ന സംവിധാനത്തെ പുറത്തുനിന്ന് കാണാന്‍ സാധിക്കും. അപ്പോള്‍ മാത്രമാണ്, നമ്മള്‍ അതിനുള്ളിലായിരിക്കുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുത് എന്നും തിരിച്ചറിയാനാകുന്നത്. നമുക്ക് മുന്നില്‍ ഓരോ ആവശ്യങ്ങളുമായി എത്തുന്നവരോട് 'ടോട്ടല്‍ എംപതി' തോന്നണം. അവരുടെ പ്രശ്‌നങ്ങള്‍ എന്റേതുകൂടിയാണ് എന്ന താദാത്മ്യം പ്രാപിക്കല്‍. ഞാനിരിക്കുന്ന ഈ കസേര എനിക്ക് യാദൃശ്ചികമായി കിട്ടിയതാണെന്ന ബോധം വേണം. കസേരയേക്കാള്‍ നമ്മള്‍ വലുതായിരിക്കണം, എപ്പോഴും. പകരം കസേര തന്നേക്കാള്‍ വലുതാകാന്‍ അനുവദിക്കരുത്. ഔദ്യോഗിക ജീവിതത്തില്‍ ഉള്‍പ്പെടെ നാം ഒരു സാധാരണ വ്യക്തി മാത്രമാണെന്ന ബോധം ഉണ്ടെങ്കില്‍ എപ്പോഴെങ്കിലും നഷ്ടബോധമോ നേട്ടങ്ങളേക്കുറിച്ചുള്ള അഹംഭാവമോ ഉണ്ടാകില്ല. നഷ്ടങ്ങളും നേട്ടങ്ങളുംതന്നെ മാറിനില്‍ക്കുകയും നമ്മള്‍ നമ്മളായിരിക്കുകയും ചെയ്യും. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നതില്‍ സംശയമില്ല. മുമ്പത്തേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പുറത്തുവരുന്നുമുണ്ട്. സ്ത്രീകള്‍ക്ക് അനുകൂലമായ നിയമനിര്‍മാണങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ഒരുപാടു മുന്നോട്ടുപായി. പക്ഷേ, അവയുടെ ഗുണഫലങ്ങള്‍ അതേപടി സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോ, അവര്‍ക്ക് അതെത്രത്തോളം ഉപകരിക്കുന്നു എന്നതിലൊക്കെ സംശയമുണ്ട്. ഇരകള്‍ക്ക് എത്രത്തോളം നീതി ലഭിക്കുന്നു എന്നത് ഇപ്പോഴും ചോദ്യചിഹ്നം തന്നെ. മാധ്യമങ്ങള്‍ കുറേയൊക്കെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു എന്നു പറയാനാകില്ല. ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു. തൊഴില്‍സ്ഥലത്തെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ ഇടപെടലുകളില്‍ ആദ്യം വലിയ മുന്നേറ്റമൊക്കെ ഉണ്ടായി. പിന്നീട് അതും നിലയ്ക്കുകയോ സാവധാനത്തിലാവുകയോ ചെയ്തു. കാര്യങ്ങളെല്ലാം പഴയതുപോലെതന്നെ. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ഉള്ളതുകൊണ്ടുമാത്രം കാര്യമില്ല. സ്ത്രീയോട് സമൂഹത്തിനു സഹതാപമുണ്ടോ? എവിടെയാണ് സഹതാപം? നമ്മുടെ സംവിധാനം വളരെ ക്രൂരമാണ്. എന്തുകാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകാമല്ലോ. അതുകൊണ്ട് ജുഡീഷ്യല്‍ ആയും ലീഗല്‍ ആയും വേഗം തീര്‍പ്പുണ്ടാക്കുകയാണ് സ്ത്രീ ഇരയാകുന്ന കേസില്‍ ചെയ്യേണ്ടത്. പകരം സ്ത്രീയെ എല്ലാവിധത്തിലും ചൂഷണം ചെയ്യുന്നു. ഒടുവിലായി പരിശോധിക്കുമ്പോള്‍ എവിടെയാണു നീതി എന്ന ചോദ്യം മാത്രം ബാക്കിയാവുകയും ചെയ്യുന്നു. അത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ഇതിനുള്ള ഉത്തരം. മറ്റൊന്ന് സ്ഥിരമായി സമൂഹം മനസില്‍വയ്‌ക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഒരു ക്രിമിനലും വെറുതേയങ്ങ് ഉണ്ടാകുന്നില്ല. ഓരോരുത്തരും വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ അവരെ സ്വാധീനിക്കും. അതുകൊണ്ട് വീട്ടില്‍ നിന്നു വേണം തുടങ്ങാന്‍. ജീവിതം തുടങ്ങുമ്പോള്‍ ആദ്യം സ്വാധീനിക്കുന്ന കാര്യങ്ങളില്‍തന്നെയാണ് കൂടുതല്‍ ആളുകളും പിന്നീടും ജീവിക്കുന്നത്. സത്യത്തില്‍ നല്ല മനുഷ്യന്‍ ആരാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ. ചീത്ത മാത്രവും നല്ലതുമാത്രവും ഇല്ലല്ലോ. ഗുണദോഷ സമ്മിശ്രമാണ് മനുഷ്യ സ്വഭാവം. ഏറ്റവും നല്ലത് എന്നു ചിലപ്പോള്‍ തോന്നിക്കുന്നത് മറ്റൊരു സന്ദര്‍ഭത്തില്‍ അങ്ങനെയാകണം എന്നില്ല. ഓരോ സമയത്തെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ നല്ലത് എന്നോ മോശം എന്നോ വിലയിരുത്താനും സാധിക്കില്ല.  മനുഷ്യന്‍ വളരുകയാണല്ലോ, ജീവിതകാലം മുഴുവനും. 

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ കുറഞ്ഞുപോയത് വായനയാണ്. മൂന്നു ലൈബ്രറികളെ ആശ്രയിച്ച് ഐഎഎസ് എടുത്തയാളാണല്ലോ, വായന മാറ്റിവയ്ക്കുന്നതില്‍ വല്ലായ്കയുണ്ട്. വായന തീരെ ഇല്ലെന്നല്ല; പക്ഷേ, പണ്ടത്തെയത്ര ഇല്ല. യാത്രകളിലാണ് കൂടുതലും പുസ്തകം കൈയിലെടുക്കുക. അതും ആത്മീയ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍. പാട്ട് കേള്‍ക്കാനുള്ള ഇഷ്ടം എന്നുമുണ്ട്. ഭക്തിഗാനങ്ങള്‍ ഇഷ്ടമാണ്. വീട്ടില്‍ എല്ലാവര്‍ക്കും വെസ്റ്റേണ്‍ ക്ലാസിക്കല്‍ ഇഷ്ടമാണ്, എനിക്കും. സിനിമ പണ്ടും ഇപ്പോഴും അത്ര താല്‍പര്യമില്ല. തിയേറ്ററില്‍ പോകാറേയില്ല. വല്ലപ്പോഴും ടിവിയില്‍ കണ്ടാലായി. അതുകൊണ്ടുതന്നെ ഇഷ്ട നടന്‍, നടി അങ്ങനെയാരുമില്ല. 
ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും ശ്രദ്ധവയ്ക്കാറുണ്ട്. അപ്പപ്പോള്‍ വാര്‍ത്തയും വിശദാംശങ്ങളുമായി ലഭിക്കുന്നതുകൊണ്ട് അതിനു ബുദ്ധിമുട്ടുമില്ല. പക്ഷേ, സമകാലികമായ ഏതെങ്കിലും ഒരു സംഭവമോ കാര്യമോ പ്രത്യേകമായി ശ്രദ്ധിച്ചിട്ടില്ല. നമ്മള്‍ ശ്രദ്ധിക്കാതെതന്നെ നമ്മുടെ കാതിലേക്ക് വിവരങ്ങള്‍ എത്തുന്ന കാലത്ത് ചുറ്റുപാടുമുള്ള ഒന്നില്‍ നിന്നും ഒരാള്‍ക്കും മാറിനില്‍ക്കാന്‍ കഴിയുകയുമില്ല. ഇന്‍ഫര്‍മേഷന്‍ വിപ്ലവംതന്നെ. 

കേരള സര്‍വകലാശാലയില്‍ പിജി വിദ്യാര്‍ത്ഥിനിയായ മകള്‍ അനീഷയ്്ക്കും റിട്ടയേഡ് ഐപിഎസ് ഓഫീസറായ ഭര്‍ത്താവ് ഡെസ്മണ്ട് നെറ്റോയ്ക്കുമൊപ്പം ഈ ജിവിതം. സഹോദരന്‍ മോഹനനും കുടുംബത്തിനുമൊപ്പമാണ് അമ്മ. ഒരു പ്രശ്‌നവും ടെന്‍ഷനും സന്തോഷവും മറച്ചുവയ്ക്കാറില്ല, വീട്ടില്‍ നിന്ന്. വീട്ടില്‍ പറയുകയും പരിഹാരം തേടുകയും ചെയ്യുമ്പോഴാണ് അത് കുടുംബവും പരസ്പരം സ്‌നേഹിക്കുന്നവര്‍ ജിവിക്കുന്ന ഇടവുമാകുന്നത്.  ജോലികള്‍ കഴിവതും നന്നായി ചെയ്യുകയും പഠിച്ചു ചെയ്യുകയുമാണ് എന്റെ രീതി. ചെയ്യുന്ന ജോലി അതുകഴിഞ്ഞും തലയ്ക്കുപിടിച്ചു കൊണ്ടുനടക്കാറുമില്ല. അധ്വാനിച്ചാല്‍ പിന്നീട് അതേക്കുറിച്ച് അസ്വസ്ഥതയാകേണ്ടിവരാറില്ല. കഠിനാധ്വാനത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലല്ലോ. സന്തോഷപൂര്‍ണമായ മറ്റൊരു ദിവസത്തിലേക്കു കടന്നുകൊണ്ട് നളിനി നെറ്റോ മന്ദഹസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com