നാപ്കിന്‍ ഡിസ്‌ട്രോയറുകളാണോ വേണ്ടത്? അതോ, പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത നാപ്കിനുകളോ..? 

എന്നാല്‍ മാറിയ കാലഘട്ടത്തിലും നമ്മുടെ കുട്ടികളെയും അമ്മമാരെയും സാനിറ്ററി പാഡ്‌ എന്ന ശീലത്തില്‍ നിന്ന് മുക്തി നേടാന്‍ പരിശീലിപ്പിക്കണ്ടത് അനിവാര്യമാണ്.
മെന്‍സ്റ്ററല്‍ കപ്പ്
മെന്‍സ്റ്ററല്‍ കപ്പ്

കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ഷി പാഡ് എന്ന പേരില്‍ സാനിറ്ററി പാഡ് വിതരണം ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് കേരള സര്‍ക്കാര്‍. ഉപയോഗിച്ച പാഡുകള്‍ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നശിപ്പിക്കുന്നതിനാവശ്യമായ നാപ്കിന്‍ ഡിസ്‌റ്റ്രോയറുകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ മാറിയ കാലഘട്ടത്തിലും നമ്മുടെ കുട്ടികളെയും അമ്മമാരെയും സാനിറ്ററി പാഡ്‌ എന്ന ശീലത്തില്‍ നിന്ന് മുക്തി നേടാന്‍ പരിശീലിപ്പിക്കണ്ടത് അനിവാര്യമാണ്. സ്ത്രീകള്‍ പ്രതികരിക്കുന്നു.

സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതുകൊണ്ട് ഒരുപാട് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മിക്ക സ്ത്രീകള്‍ക്കും ഇത് അലര്‍ജിയുണ്ടാക്കും. പാഡിന്റെ മണം പറ്റാത്തവരുണ്ട്. ആറ് മണിക്കൂര്‍ കൂടുമ്പോള്‍ നാപ്കിന്‍ മാറ്റണമെന്ന് കമ്പനിക്കാര്‍ തന്നെ പറയുന്നു. യാത്രയിലും ജോലി സ്ഥലത്തുമൊക്കെയാണെങ്കില്‍ ചിലപ്പോഴിത് പറ്റിയെന്നും വരില്ല. അതുമാത്രമല്ല ആറു മണിക്കൂര്‍ കൂടുമ്പോള്‍ മാറ്റണമെങ്കില്‍ ഒരു ദിവസം എത്ര നാപ്കിനുകള്‍ വേണ്ടി വരും? എന്നാലിതിനെല്ലാം പരിഹാരമായി തുണിയുടുക്കുക എന്ന പഴയ രീതിയിലേക്ക് തിരിച്ചു പോകാനും ആധുനിക വനിതകള്‍ക്ക് സാധിക്കില്ല.. ജീവിതരീതി അത്രത്തോളം മാറിയിട്ടുണ്ട്, എന്നതു തന്നെ കാരണം.

ഇന്ന് പ്രചാരത്തിലുള്ള മിക്ക സാനിറ്ററി നാപ്കിനുകളും ഒരു തവണ മാത്രമേ ഉപയോഗിക്കാനാവു.. അതു കഴിഞ്ഞ് ദിവസേന കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടത്തിലേക്ക് ഇതും തള്ളപ്പെടുന്നു. ആരോഗ്യപരമായും സാമ്പത്തികപരമായും ധാരാളം നഷ്ടങ്ങള്‍ക്കു വഴിവെക്കുന്നുമുണ്ട്. പറഞ്ഞു വരുന്നത് ഇത്രമാത്രം ഒരു തവണ മാത്രം ഉപയോഗിക്കാനാവുന്ന, ഉപയോഗശേഷം വലിച്ചെറിയുന്ന സാനിറ്ററി നാപ്കിനുകള്‍ക്ക് എന്തെങ്കിലും ബദല്‍ സംവിധാനം കൊണ്ടുവരണം എന്നതാണ്.

മെന്‍സ്ട്രല്‍ കപ്പ് പോലെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ സുപരിചിതമാണെങ്കിലും നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും ഈ സംവിധാനത്തെപ്പറ്റി അറിവില്ലാത്തവരാണ്. സാനിറ്ററി പാഡിന് പകരം ഉപയോഗിക്കുന്ന സംവിധാനമാണ് മെന്‍സ്റ്ററല്‍ കപ്പ്. ഇത് ഉപയോഗശേഷം വീണ്ടും കഴുകി ഉപയോഗിക്കാം. ഒരു കപ്പ് വാങ്ങിയാല്‍ ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാമെന്നാണ് അനുഭവമുള്ളവര്‍ പറയുന്നത്. എന്നാലിതിന്റെ എക്‌സ്‌പെയറി ഡേറ്റ് പത്ത് വര്‍ഷം വരെയെന്നാണ് മെന്‍സ്റ്ററല്‍ കപ്പ് ഇറക്കുന്ന ചില കമ്പനിക്കാര്‍ അവകാശപ്പെടുന്നത്.

സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്ന് സൈസുകളില്‍ ലഭ്യമായ മെന്‍സ്റ്ററല്‍ കപ്പ് എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാം. 12 മണിക്കൂര്‍ തൂടര്‍ച്ചയായി ഉപയോഗിച്ചാലും കുഴപ്പമില്ല. രാത്രി ഉപയോഗം കഴിഞ്ഞ് അല്‍പനേരം ചൂടുവെള്ളത്തില്‍ ഇട്ടു വെക്കണം. സിലിക്കണ്‍ എന്ന മെറ്റീരിയല്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഇത് ഒരിക്കലും സോപ്പ്, ഷാംപു എന്നിവ ഉപയോഗിച്ച് കഴികരുത്. ഓരോ മാസത്തെ ആര്‍ത്തവ ദിവസങ്ങള്‍ കഴിയുന്നതോടു കൂടി ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് വൃത്തിയായി എടുത്തു വയ്ക്കണം. പാഡ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളായ കാലുരഞ്ഞ് പൊട്ടലും അലര്‍ജിയുമെല്ലാം മെന്‍സ്റ്ററല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരിക്കലും നേരിടേണ്ടി വരില്ല.

ഹിസാന ഷാഹിദ ഹൈദര്‍
ഹിസാന ഷാഹിദ ഹൈദര്‍

എത്ര ഓടിയാലും ചാടിയാലും ഒരു തുള്ളി ബ്ലഡ് പോലും പുറത്തു പോകില്ലെന്ന് മാസങ്ങളായി മെന്‍സ്റ്ററല്‍ കപ്പ് ഉപയോഗിക്കുന്ന ഹിസാന ഷാഹിദ ഹൈദര്‍
എന്ന വിദ്യാര്‍ത്ഥിനി പറയുന്നു. കേരള വര്‍മ്മ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഹിസാനയ്ക്ക സുഹൃത്ത് സമ്മാനിച്ചതാണ് ഈ മെന്‍സ്റ്ററല്‍ കപ്പ്. ആദ്യം ഉപയോഗിക്കുമ്പോള്‍ ഉത്കണ്ഠയും സംശയവുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതിനു പകരം സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നത് ആലോചിക്കാനേ കഴിയുന്നില്ലെന്നാണ് ഹിസാന പറയുന്നത്.

അനില ബാലകൃഷ്ണന്‍
അനില ബാലകൃഷ്ണന്‍

മെന്‍സ്റ്ററല്‍ കപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഭീകരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന ചിന്ത മാറിക്കിട്ടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ അനില ബാലകൃഷ്ണന്‍ പറയുന്നത്. രണ്ടു തവണത്തെ പരിശീലനം കൊണ്ട് പരിചയക്കുറവ് മാറിക്കിട്ടും. ആര്‍ത്തവമാണെന്ന് കരുതി ദിവസേന ചെയ്യുന്ന കാര്യങ്ങളിലൊന്നും മാറ്റം വരുത്തേണ്ടി വരുന്നില്ലെന്ന് മാത്രമല്ല, പിരീഡ്‌സ് ആണെന്നുള്ള കാര്യം തന്നെ മറന്നു പോകും. ഇതൊരു കാംപെയ്ന്‍ ആയെടുത്ത് എല്ലാവരും മെന്‍സ്റ്ററല്‍ കപ്പ് ഉപയോഗിക്കുന്ന അവസ്ഥ വരണമെന്നാണ് അനിലയുടെ അഭിപ്രായം.

സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിന് പ്രചാരം നല്‍കാതെ വീണ്ടും വന്‍കിട കമ്പനികള്‍ക്ക് ലാഭം നേടിക്കൊടുക്കുന്ന ഒരു സംവിധാനത്തിലേക്ക് പോകാതിരിക്കുന്നതയാരിക്കും നല്ലത്. മെന്‍സ്റ്ററല്‍ കപ്പിനെക്കുറിച്ച് വേണ്ട രീതിയിലുളള ബോധവല്‍ക്കരണങ്ങളും അതിന്റെ ലഭ്യത ഉറപ്പു വരുത്തലും സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍വഹിക്കുന്നത് ഉചിതമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com