സോനാഗച്ചിയിലെ ഒരു മണിക്കൂര്‍; രണ്ടു പെണ്ണുങ്ങളുടെ അനുഭവവിവരണം 

സദാചാരത്തിന്റെ മേല്‍ക്കുപ്പായമണിയുന്ന ഒരു പെണ്ണും കയറിച്ചെല്ലാന്‍ ധൈര്യപ്പെടാത്ത സോനാഗാച്ചിയുടെ തെരുവിലൂടെ രണ്ടു പെണ്ണുങ്ങള്‍...
സോനാഗച്ചിയിലെ ഒരു മണിക്കൂര്‍; രണ്ടു പെണ്ണുങ്ങളുടെ അനുഭവവിവരണം 

സദാചാരത്തിന്റെ മേല്‍ക്കുപ്പായമണിയുന്ന ഒരു പെണ്ണും കയറിച്ചെല്ലാന്‍ ധൈര്യപ്പെടാത്ത സോനാഗാച്ചിയുടെ തെരുവിലൂടെ രണ്ടു പെണ്ണുങ്ങള്‍... തന്റെ സ്ഥാപനത്തിന്റെ എംഡി കസേരയുടെ തിരക്കില്‍ നിന്നൊഴിയുമ്പോള്‍ ബൈക്കുമെടുത്തു നാടുചുറ്റുന്നത് നിധി ശോശ കുര്യന് പുതുമയല്ല, എന്നാല്‍ എന്തു ധൈര്യത്തിലാണ് സോനാഗച്ചിയുടെ ഇരുണ്ട തെരുവിലേയ്ക്ക് നടന്നതെന്ന് ഇന്നും അറിയില്ല, പക്ഷെ സ്ത്രീശരീരങ്ങളെ വിലപറഞ്ഞുറപ്പിച്ചു കൊണ്ടുപോകുന്ന ആ കാഴ്ചകള്‍ മനസ്സില്‍ നിന്ന് മായില്ലെന്ന് ഉറപ്പ്. 'തുറിച്ചു നോക്കുന്ന ആണ്‍കണ്ണുകളെ മറികടന്നു ഞങ്ങള്‍ ആ ഗലിയ്ക്കുള്ളിലൂടെ നടന്നു... ഇടയ്‌ക്കെപ്പോഴോ ആകാംഷ ഭയത്തിനു വഴിമാറി...' സോനാഗച്ചി തെരുവിലൂടെയുള്ള സായാഹ്നയാത്രയെ നിധി ശോശാ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടു. യാത്രകളെ സ്‌നേഹിക്കുന്ന സാഹസങ്ങളെ കൂടെ കൂട്ടുന്ന ഈ ബിസിനസ് വനിത തന്നയൊണ് പെണ്‍പുലിയായി വന്നു തൃശ്ശൂര്‍ പൂരത്തില്‍ നിറഞ്ഞാടിയതും. തന്റെ കൂട്ടുകാരിയും എഴുത്തുകാരിയുമായി ശ്രീപാര്‍വ്വതിയ്‌ക്കൊപ്പം സോനാഗച്ചിയുടെ തെരുവിനെ അടുത്തുകണ്ട യാത്രയുടെ അനുഭവം നിധി ശോശ കുര്യന്‍ സമകാലികമലയാളത്തോട് പങ്കുവയ്ക്കുന്നു.

മുമ്പൊരിക്കല്‍ പോയപ്പോള്‍ പുറത്തുനിന്ന് ഒരു ക്യാമറ ക്ലിക്കില്‍ ഒതുക്കി പോന്നതാണ് സോനാഗച്ചി കാഴ്ചകള്‍. വീണ്ടുമൊരു കോല്‍ക്കത്ത യാത്ര വന്നപ്പോള്‍ സോനാഗച്ചിയും കണ്ടുപോന്നാലോ എന്നോര്‍ത്തു. പ്രവര്‍ത്തനങ്ങള്‍ സ്ത്രീ കേന്ദ്രീകൃതമായതുകൊണ്ടാകാം ഒരുപക്ഷെ സോനാഗച്ചിയിലെ പെണ്‍മുഖങ്ങളും കണ്ടിരിക്കണമെന്ന് മനസ്സ് പറഞ്ഞത്. അതുകൊണ്ടുതന്നെ യാത്ര തുടങ്ങുമ്പോള്‍ മുതല്‍ സോനാഗച്ചി ഒരു ആഗ്രഹമായിരുന്നു. 

ചെന്നൈ വഴിയാണ് യാത്ര. അവിടെനിന്ന് ഹൗറ എക്‌സ്പ്രസില്‍ കൊല്‍ക്കത്തയിലേയ്ക്ക്. കൂട്ടുകാരി ശ്രീപാര്‍വതിയുടെ നോവല്‍ ആവശ്യങ്ങള്‍ക്കായുള്ള യാത്രയായിരുന്നു ഇത്. അതിനായി കാളിഘട്ടില്‍ എത്തി. അവിടെ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി നിവേദ്യമൊക്കെ കഴിച്ച് മടങ്ങുമ്പോള്‍ ഏകദേശം രാത്രി 9 മണി ആയിട്ടുണ്ടാകും. കാളീഘട്ടില്‍ നിന്നുള്ള മടക്കവഴിയില്‍ മെയിന്‍ റോഡില്‍ നിന്നു തിരിയുന്ന രണ്ട് ഗലികളില്‍ നിരന്ന് നില്‍ക്കുന്ന കുറച്ച് സ്ത്രീകളെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ മനസ്സിലായി സോനാഗച്ചി മാത്രമല്ല കോല്‍ക്കത്തയിലെ മിക്ക തെരുവുകളിലും ഈ കാഴ്ച കാണാമെന്ന്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയും അവര്‍ നില്‍ക്കുന്നത് തങ്ങളുടെ ശരീരങ്ങള്‍ വില്‍ക്കാനാണെന്ന്. അഞ്ചാറു സ്ത്രീകള്‍ക്ക് കൂട്ടായി ഒരു പുരുഷനും നില്‍ക്കുന്നുണ്ടാകും. അയാളുടെ സാന്നിധ്യത്തിലാണ് തുക പറഞ്ഞുറപ്പിച്ച് ഈ സ്ത്രീകളെ കൊണ്ടുപോകുക. പക്ഷെ ഇന്ന് ഈ നഗരം ഒരുപാട് മാറിയിട്ടുണ്ട്. പല എന്‍ജിഒകളുടെയും പ്രവര്‍ത്തനം ഈ നഗരത്തെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

കാളിഘട്ടിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ കണ്ടുമുട്ടിയ രണ്ട് കുട്ടികളോടൊപ്പം നിധി ശോശാ കുര്യന്‍ (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)
കാളിഘട്ടിലെ തെരുവുകളിലൂടെ നടന്നപ്പോള്‍ കണ്ടുമുട്ടിയ രണ്ട് കുട്ടികളോടൊപ്പം നിധി ശോശാ കുര്യന്‍ (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)

ഞങ്ങള്‍ എത്തിയത് കുമാര്‍തുളിയിലാണ്. വിഗ്രഹങ്ങളെ കുറിച്ചറിയുകയാണ് കുമാര്‍തുളിയിലേക്കെത്തിയതിന്റെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ ദുര്‍ഗ്ഗാപൂജയ്ക്കുള്ള ദേവീ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രമാണ് കുമാര്‍തുളി അവിടെനിന്ന് ഗുഗിള്‍ മാപ്പ് നോക്കിയപ്പോള്‍ സോനാഗച്ചിയിലേക്ക് വെറും 300 മീറ്റര്‍ മാത്രം. ഗൂഗിള്‍ മാപ്പ് നോക്കി പോകാം എന്ന് കരുതി മുന്നോട്ടു നടന്നെങ്കിലും ആ ശ്രമം വിജയിച്ചില്ല. പലപ്രാവശ്യം വഴിതെറ്റിയപ്പോള്‍ ഒരു ഓട്ടോ പിടിച്ചു. സോനാഗച്ചി എന്ന് പറഞ്ഞപ്പോള്‍ സംശയം കലര്‍ന്ന നോട്ടമായിരുന്നു ഓട്ടോകാരന്. സോനാഗച്ചിയിലേക്ക് പോകില്ല, അവിടെ ഒാേട്ടാ കയറ്റില്ലെന്ന് അയാള്‍. എന്‍ട്രന്‍സില്‍ വിട്ടാല്‍ മതിയെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി. സോനാഗച്ചി അടുക്കുന്തോറും ഉള്ളിലെവിടെയോ ഭയം പിടിമുറുക്കിതുടങ്ങിരുന്നു. വഴിയിലാക്കിയിട്ട് ഓട്ടോകാരന്‍ മടങ്ങുമ്പോള്‍ ഏകദേശം മൂന്നുമണി കഴിഞ്ഞു. കുറച്ച് മുന്നോട്ടു നടന്നു. അധികം സമയമെടുത്തില്ല പേടിയുടെ ആഴം കൂടി. അകത്തു കേറണോ വേണ്ടയോ എന്നായി ചിന്ത. 

അടുത്തുള്ള ഒരു ദേവീവിഗ്രഹത്തില്‍ കണ്ണുടക്കി അതിനടുത്തുനിന്ന് ഫോട്ടോയൊക്കെ എടുത്തു. പക്ഷെ അതുകഴിഞ്ഞും മനസ്സിലെ ആശങ്ക വിട്ടുമാറിയില്ല. ഇതിനുമുമ്പ് സോനാഗച്ചിയെ പരിചയപ്പെടുത്തിയത്‌ അധികവും സിനിമകളായിരുന്നു. അതാകട്ടൈ അത്ര ധൈര്യം പകരുന്ന വിവരണങ്ങളായിരുന്നുമില്ല ഈ സ്ഥലത്തെപ്പറ്റി നല്‍കിയിട്ടുള്ളത്. കയറിയാല്‍ എങ്ങനെയായിരിക്കും എന്ന് യാതൊരു ഉറപ്പും ഇല്ല. അതുകൊണ്ട് ഒരുപാട് ഉള്ളിലേക്ക് പോകണ്ട അടുത്തുവരെ പോയി തിരിച്ചുവരാം എന്നുറപ്പിച്ച് ഞങ്ങള്‍ നടന്നു. 

ഓട്ടോയിറങ്ങി സോനാഗച്ചിയിലേക്ക് കടക്കുന്നതിന് മുമ്പുകണ്ട ദേവി വിഗ്രഹം. (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)
ഓട്ടോയിറങ്ങി സോനാഗച്ചിയിലേക്ക് കടക്കുന്നതിന് മുമ്പുകണ്ട ദേവി വിഗ്രഹം. (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)

കുറച്ചുദൂരം പിന്നിട്ടപ്പോഴും പറഞ്ഞുകേട്ടപോലെ സ്ത്രീകളെയൊന്നും വഴിയില്‍ കാണുന്നില്ല. പേടി തോന്നാതിരുതുകൊണ്ടുതന്നെ ആദ്യം കണ്ട ഗലിയിലേക്ക് കയറി. പിന്നെയാണ് യഥാര്‍ത്ഥ സോനാഗച്ചി അറിഞ്ഞത്. പുറത്തുനിന്നുള്ള പെണ്ണുങ്ങള്‍ അവിടേക്ക് എത്താറില്ലെന്ന് ആദ്യം തന്നെ മനസ്സിലായി. എന്റെ കൈയ്യില്‍ ഒരു ക്യാമറയും അതിന്റെ ബാഗും, കൂടെയുള്ള ശ്രീയെ കണ്ടാല്‍ തന്നെ ഒരു എഴുത്തുകാരി ലുക്കും. ഞങ്ങളുടെ ഈ ബാഹ്യരൂപമാണോ കാരണം എന്നറിയില്ല തുറിച്ചുനോട്ടങ്ങളാണ് ഞങ്ങളെ ആ വഴിയിലേക്ക് സ്വാഗതം ചെയ്തത്. നമ്മുടെ ഓരോ ചലനങ്ങളും വീക്ഷിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. 12 വയസ്സ് മുതല്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായ സ്ത്രീകള്‍ വരെ ആ തെരുവില്‍ ഇരുവശത്തുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. കടുത്ത നിറത്തിലെ സാരിയുടുത്ത് പിങ്ക് ചുവപ്പ് നിറത്തിലെ ലിപ്സ്റ്റിക് അണിഞ്ഞ് കണ്ണെഴുതി പൊട്ടുതൊട്ട് കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാല്‍ പാകത്തിനാണ് ഇവര്‍ ആ വഴിയില്‍ നില്‍ക്കുന്നത്. ഇടുങ്ങി നില്‍ക്കുന്ന കെട്ടിടങ്ങളാണ് തെരുവിന് ഇരുവശവും. മറ്റു ബസാറുകളില്‍ പോയപ്പോള്‍ ഒരു വഴിയിലൂടെ കേറിയാല്‍ പുറത്തേക്ക് പോരാന്‍ മറ്റേതെങ്കിലും വഴി ഇടയ്ക്ക് കണ്ടെത്താന്‍ കഴിയുമായിരുന്നു. പക്ഷെ ഇവിടെ അത്തരം വഴികളൊന്നുമില്ല. നേരെ നടക്കണം. തിരിച്ചുപോരാന്‍ വന്നവഴിയിലൂടെ പിന്നോട്ടു പോരുകയേ മാര്‍ഗ്ഗമൊള്ളു. 

വഴിയരുകില്‍ നില്‍ക്കുന്ന സ്ത്രീകള്‍ ഞങ്ങളെ കണ്ട് തമ്മില്‍ എന്തോ പറഞ്ഞ് ചിരിക്കുന്നു. അത് ശ്രദ്ധിക്കാത്തമട്ടില്‍ ഞങ്ങള്‍ മുന്നോട്ട് നടന്നു. ഓരോ ചുവടുകള്‍ പിന്നിടുമ്പോഴും കാഴ്ച്ചകള്‍ സങ്കടകരമാകുകയായിരുന്നു. വശങ്ങളിലെ കെട്ടിടങ്ങളിലേക്കു നോക്കിയപ്പോള്‍ അവയില്‍ പലതിനും വേരു പോലും ഇറങ്ങി തുടങ്ങിയിരുന്നു. ക്യാമറ പുറത്തെടുക്കാനോ ഫോട്ടോ എടുക്കാനോ ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. നമ്മളെ ഇവര്‍ പിടിച്ച് അതിനകത്തേക്കിടുമോ എന്നായിരുന്നു മനസ്സിലെ ചിന്ത മുഴുവന്‍. പക്ഷെ നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അതിബുദ്ധി കാണിക്കാതിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് മനസ്സിലായി. ഫോണെടുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തിയേനെ. അതുകൊണ്ട് ഫോണും ക്യാമറയും അനക്കിയില്ല. പക്ഷെ എന്തോ ആ സ്ത്രീകളുടെ മുഖങ്ങള്‍ മനസ്സില്‍ കുറ്റബോധമാണ് സമ്മാനിച്ചത്. എന്നാല്‍ അവരെല്ലാം തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാകാം അവര്‍ക്ക് മുഖത്ത് ചിരി വിടര്‍ത്താന്‍ കഴിയുന്നത്. ഇതേ സോനാഗച്ചിയിലേ മണ്ണാണ് പുണ്യങ്ങളുടെ മണ്ണായി കരുതപ്പെടുന്നതും വിഗ്രഹങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്നും തലേദിവസം കേട്ടത്. 

കുമാര്‍തുളിയില്‍ നിന്ന് സോനാഗച്ചിയിലേക്കുള്ള വഴിയരികിലെ കാഴ്ചകള്‍ (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)
കുമാര്‍തുളിയില്‍ നിന്ന് സോനാഗച്ചിയിലേക്കുള്ള വഴിയരികിലെ കാഴ്ചകള്‍ (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)

ഒരു സുഹൃത്ത് പ്രവര്‍ത്തിക്കുന്ന കല്‍ക്കട്ടയിലെ ഒരു എന്‍ജിഒ ഇവിടുത്തെ കുറച്ച് കുട്ടികളെ രക്ഷിച്ച് കൊണ്ടുപോയതായി അറിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം തീരെ ചെറിയ കുട്ടികളെ സോനാഗച്ചിക്കുള്ളില്‍ കണ്ടില്ല. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 1 മണിവരെയോളം ഇവര്‍ ഇങ്ങനെ നില്‍ക്കും. അടുത്തടുത്തായി മുകളിലേക്ക് പണിതിരിക്കുന്ന വീടുകളാണ് ഈ തെരുവിന്റെ ഇരുവശവും. അതിന്റെ താഴെയാണ് ഇവര്‍ ഒരുങ്ങി തയ്യാറായി നില്‍ക്കുക. കൂടുതല്‍ അകത്തോട്ടു പോയപ്പോള്‍ മനസ്സിലായി വന്നവഴി അല്ലാതെ തിരിച്ചിറങ്ങാന്‍ മറ്റ് വഴികളൊന്നും ഇല്ലെന്ന്. അടുത്തൊരു ചെറിയ അമ്പലം കണ്ടു. പിന്നോട്ടു നടക്കാന്‍ ഇതു മാത്രമേ വഴിയുള്ളൂ എന്ന് മനസ്സിലായി. അവിടെ ഒന്നു തൊഴുതിട്ടു തിരിച്ചിറങ്ങുതുപോലെ അഭിനയിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും കണ്ടില്ല. അതുതന്നെ ചെയ്തു. തിരിച്ചുനടക്കുമ്പോഴും ചൂഴിഞ്ഞുനോക്കുന്ന കണ്ണുകള്‍ തന്നെ ഞങ്ങളെ വീണ്ടും പിന്തുടര്‍ന്നു. ഇടയ്‌ക്കെപ്പോഴോ പേടി നടത്തത്തിന്റെ വേഗത കൂട്ടി. ഞങ്ങള്‍ സംസാരിക്കുന്ന ഭാഷ ആര്‍ക്കും മനസ്സിലാകില്ലെതായിരുന്നു ഭാഗ്യം. പക്ഷെ എന്നിട്ടും ഞങ്ങള്‍ ഒരുപാടൊന്നും സംസാരിച്ചിരുന്നില്ല. തമ്മില്‍ ധൈര്യം പകര്‍ന്ന് പേടി പ്രകടിപ്പിക്കാതെ മുന്നോട്ടുനീങ്ങി. 

സോനാഗച്ചിയിലെ സ്ത്രീകള്‍ക്ക് ബംഗാളി അല്ലാതെ മറ്റൊരു ഭാഷയും അല്‍പ്പംപോലും വശമില്ല. ഭാഷ അറിയുമായിരുന്നെങ്കിലും അവരുമായി സംസാരം നടക്കില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. പക്ഷെ സോനാഗച്ചി ഇന്നൊരുപാട് മാറി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ക്കുള്ളിലുണ്ടായിരുന്ന ഭയം ഒരുപക്ഷെ ആദ്യമായി അത്തരമൊരു ചുറ്റുപാടിലൂടെ നടന്നുനീങ്ങുന്നതു കൊണ്ടുള്ളതായിരുന്നിരിക്കാം. 

സോനാഗച്ചിയില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നപ്പോള്‍ പകര്‍ത്തിയ ചിത്രം. ഇതന് തൊട്ടടുത്താണ് ശോഭാബസാര്‍ മെട്രോ സ്‌റ്റേഷന്‍. (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)
സോനാഗച്ചിയില്‍ നിന്നിറങ്ങി മുന്നോട്ട് നടന്നപ്പോള്‍ പകര്‍ത്തിയ ചിത്രം. ഇതന് തൊട്ടടുത്താണ് ശോഭാബസാര്‍ മെട്രോ സ്‌റ്റേഷന്‍. (ചിത്രത്തിന് കടപ്പാട് : നിധി ശോശാ കുര്യന്‍)

സോനാഗച്ചിയില്‍ നിന്ന് തിരിച്ചെത്തിയിയിട്ടു ദിവസങ്ങളായെങ്കിലും ഒരുതരം അമര്‍ഷമാണ് മനസ്സില്‍. സര്‍ക്കാരിന് പോലും ഈ സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സഹതാപമാണ്. പിന്നെ ഒരു കാര്യം ചെയ്തുകഴിയുമ്പോഴാണ് എന്ത് ധൈര്യത്തിലാണ് അത് ചെയ്തതെന്ന് ഓര്‍ക്കുക. ഇപ്പോഴത്തെ ചിന്തയും അതുതന്നെയാണ്, സോനാഗച്ചിയിലൂടെ നീങ്ങിയ ആ ഒരു മണിക്കൂര്‍ എങ്ങനെ കടന്നുപോയെന്ന്.

(ടെലിഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത് : ജീന ജേക്കബ്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com