ഞാന്‍ ഇരയല്ല, എന്നെയങ്ങനെ വിളിക്കരുത്; വായിക്കാതെ പോവരുത് ഈ കുറിപ്പ് 

എന്റെ ശരീരത്തിലെ പാടുകളെ ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെകുറിച്ച് ഞാന്‍ വളരെ എക്‌സൈറ്റഡാണ്.
ഞാന്‍ ഇരയല്ല, എന്നെയങ്ങനെ വിളിക്കരുത്; വായിക്കാതെ പോവരുത് ഈ കുറിപ്പ് 

മുംബൈകാരിയായ ഷാബു ഷെയ്ക് രണ്ടാം വയസ്സില്‍ വലിയ ദുരന്തമാണ് നേരിട്ടത്. അച്ഛനില്‍ നിന്ന് ആസിഡ് ആക്രമണം നേരിടേണ്ടിവന്ന ഷാബുവിന് അതേ ആക്രമണത്തില്‍ തന്നെ അമ്മയെയും നഷ്ടമായി. നിരവധി ജീവിത സംഘര്‍ഷങ്ങളിലേക്കാണ് ഈ സംഭവം ഷാബുവിനെ തള്ളിയിട്ടത്. എന്നാല്‍ ജീവിതം മുന്നോട്ടുവെച്ച എല്ലാ ക്ലേശങ്ങളെയും തരണം ചെയ്ത് ഷാബു മുന്നേറി. എതിരെവന്ന എല്ലാ തിരിച്ചടികളെയും പരിഹരിച്ച് സന്തോഷമായി ജീവിക്കാന്‍ ഈ കുട്ടി കാണിച്ച ധൈര്യത്തെ ധീരത എന്നുതന്നെ വിളിക്കണം. 

അനാഥാലയത്തില്‍ വളര്‍ന്ന ഷാബുവിന് ചുറ്റും എന്നും സ്‌നേഹവും കരുതലും ഉള്ളവരായിരുന്നു. ഒരുക്കല്‍പൊലും പൊതുസമൂഹത്തിനിടയിലേക്ക് ഇറങ്ങാതിരുന്നതുകൊണ്ടുതന്നെ തന്റെ രൂപത്തെകുറിച്ച് ഷാബുവിന് വലിയ ആശങ്കയാണുണ്ടായിരുന്നത്. കോളേജ് കാലത്തേ ആദ്യ ദിനങ്ങളില്‍ അവള്‍ മറ്റുളവരില്‍ നിന്ന് മാറിനില്‍ക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ സാവധാനം അവള്‍ ആ മറനീക്കി പുറത്തുവന്നു, ധാരാളം സുഹൃത്തുക്കളെ സ്വന്തമാക്കി. തന്റെ ജീവിത കഥ ഫേസ്ബുക്കിലൂടെ തുറന്നുപറയുകയാണ് ഈ മിടുക്കി ചെയ്തിരിക്കുന്നത്. ഷാബു ഷെയ്ക് ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ കഥ പറയുന്നത് ഇങ്ങനെയാണ്...

'എനിക്ക് രണ്ടുവയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ വീട്ടീലേക്ക് പാഞ്ഞെത്തുകയായിരുന്നു, ആ സമയം ഞാന്‍ എന്റെ അമ്മയുടെ മടിയില്‍ കിടക്കുന്നു. അച്ഛന്‍ അമ്മയ്ക്കുനേരെ ആസിഡ് ഒഴിച്ചു. അതില്‍ പകുതി എന്റെ മേലേക്ക് ഒലിച്ചിറങ്ങി. ഈ കഥ ഞാന്‍ അറിയുന്നത് ഡോക്ടര്‍ ഗോറില്‍ നിന്നുമാണ്. ഈ സംഭവത്തിനുശേഷമുള്ള കുറച്ച് കാലം എന്നെ ചികിത്സിച്ചിരുന്നത് ഡോക്ടറാണ്. അതല്ലാതെ എനിക്ക് അന്ന് സംഭവിച്ചതൊന്നും ഓര്‍മയില്ല. ഞാന്‍ അനുഭവിച്ച വേദനപോലും. എനിക്ക് ആകെ അറിയാവുന്നത് അന്ന് എനിക്കെന്റെ അമ്മയെ നഷ്ടമായി എന്ന് മാത്രമാണ്. എന്റെ അവസ്ഥയറിഞ്ഞ ബന്ധുക്കളും എന്നില്‍ നിന്ന് അകന്നുമാറി. അച്ഛന്‍ മറ്റെവിടേക്കോ പോയി. പിന്നീട് ഞാന്‍ വളര്‍ന്നത് അനാഥാലയത്തിലും.

എന്റെ വാക്കുകള്‍ സത്യസന്ധമാണ്, എന്നെ ശുശ്രൂഷിച്ച ഡോക്ടര്‍മാര്‍ മുതല്‍ അനാഥാലയത്തിലെ ഓരോ ആളുകള്‍ വരെയും എന്നെ ഒരുപാട് താലോലിച്ചു. നിരുപാധികമായ സ്‌നേഹം എന്താണെന്ന് അവരെനിക്ക് കാണിച്ചുതന്നു. അതിന് ഞാന്‍ അവരോടെന്നും കടപ്പെട്ടിരിക്കുന്നു. വളരെ ക്ലേശകരമാകേണ്ടിയിരുന്ന എന്റെ ബാല്യത്തെ തിരിച്ചുതന്നത് അവരാണ്. 

കലാലയത്തിന്റെ യഥാര്‍ത്ഥ ലോകത്തേക്ക് കടന്നപ്പോഴാണ് ഞാന്‍ കുറച്ചെങ്കിലും ബുദ്ധിമുട്ടിയത്. തുടക്കത്തില്‍ ഞാനവിടെ സൗഹൃദങ്ങളൊന്നും സൃഷ്ടിച്ചില്ല. ഉച്ചഭക്ഷണം പോലും ഓറ്റയ്ക്കിരുന്നായിരുന്നു. ക്ലാസ്മുറിയില്‍ അവസാന ബഞ്ചില്‍ സ്ഥാനമുറപ്പിച്ചു. ആരുടെയും കണ്ണില്‍പെടാതിരിക്കാനുള്ള തീവ്രശ്രമമായിരുന്നു. എന്റെ ശരീരത്തിലെ പാടുകളെകുറിച്ച് ഞാന്‍ വളരെ ഉത്കണ്ഠപ്പെട്ടിരുന്നു. എല്ലാവരും എന്നെ തുറിച്ചുനോക്കുന്നതുപോലെ എനിക്ക് തോന്നി.

എന്നാല്‍ അതെല്ലാം എന്റെ തോന്നലുകള്‍ മാത്രമായിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കാരണം നിരവധി സുഹൃത്തുക്കളെയും ഒരുപാട് ഓര്‍മകളും എനിക്കവിടെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടില്‍ ചിലവഴിച്ച രാത്രിയിലെ രസകരമായ സംഭവം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ ഉറങ്ങിയിരുന്നു. പക്ഷെ എനിക്കുണ്ടായ അക്രമണത്തിന് ശേഷം ഉറങ്ങുമ്പോഴും എന്റെ കണ്‍പോളകള്‍ അടയുമായിരുന്നില്ല. എന്നാല്‍ ഇത് സുഹൃത്തുക്കള്‍ക്ക് അറിയില്ല. അവര്‍ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. അത് പറഞ്ഞ് പിന്നീട് ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. പഠിപ്പിക്കുന്നതിനിടയില്‍ എത്ര സുഖകരമായി എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നെന്ന് ഇപ്പോഴും ഓര്‍ക്കുന്നു. എനിക്കെന്തോ അദൃശ്യശക്തിയുള്ളതുപോലെയാണ് ആ സമയങ്ങളില്‍ തോന്നിയിരുന്നത്. 

പലപ്പോഴും എന്റെ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചിട്ടുണ്ട് ഞാന്‍ അച്ഛനെ വെറുക്കുന്നുണ്ടോ പ്രതികാരം ചെയ്യുമോ എന്നൊക്കെ. ഇതിനോടെല്ലാമുള്ള എന്റെ ഉത്തരം 'നോ' എന്നുമാത്രമാണ്. സത്യമായും ഞാന്‍ അദ്ദേഹത്തോട് പൊറുത്തുകഴിഞ്ഞു. ഒരു പക്ഷെ ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാന്‍തക്ക അന്ധകാരത്തിലായിരുന്നിരിക്കാം അദ്ദേഹം അന്ന്. എന്നാല്‍ ഞാന്‍ ആ അന്ധകാരത്തെയാണ് അതിജീവിച്ചിരിക്കുന്നത്. അതിനെ പൂര്‍ണ്ണമായും ഞാന്‍ വലിച്ചെറിഞ്ഞുകഴിഞ്ഞു. 

വെറുപ്പിന് എന്റെ ജീവിതത്തില്‍ ഒരു സ്ഥാനവും ഞാന്‍ നല്‍കിയിട്ടില്ല. ഇപ്പോള്‍ എന്റെ പൂര്‍ണ്ണ ശ്രദ്ധ ഒരു ജോലി കണ്ടെത്തുന്നതിലാണ്. എന്റെ രൂത്തിന്റെ പേരിലും ചികിത്സാ ആവശ്യങ്ങള്‍ക്കായി പലപ്പോഴും അവധി എടുക്കുന്ന കാരണത്താലും മുന്‍പുണ്ടായിരുന്ന ജോലിയില്‍ നിന്ന് എന്നെ പറഞ്ഞയച്ചു. അതിനുശേഷം എന്റെ കാര്യങ്ങള്‍ നോക്കുന്നത് ഷാഹാസ് ഫൗണ്ടേഷനാണ്. മറ്റൊരു ജോലി ഉടനെ ലഭിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. 

പിന്നോട്ട് നോക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവത്തില്‍ ഞാനിപ്പോഴും വെറുക്കുന്ന ഒരേ ഒരു കാര്യമേ ഒള്ളു. അത് എന്നെ ആളുകള്‍ ഇപ്പോഴും ഒരു ആസിഡ് അറ്റാക്ക് വിക്റ്റിമായി പരാമര്‍ശിക്കുന്നതാണ്. ഞാനൊരു ഇരയല്ല. എല്ലാവരെയും പോലെതന്നെയുള്ള ഒരു സാധാരണ ആളാണ് ഞാനും. എന്റെ ശരീരത്തിലെ പാടുകളെ ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെകുറിച്ച് ഞാന്‍ വളരെ എക്‌സൈറ്റഡാണ്. എനിക്ക് ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ഒക്കെയുണ്ട്. ലോകത്തില്‍ എന്റേതായ ഒരു അടയാളം എനിക്ക് ഉണ്ടാക്കണം. അത്പക്ഷെ എനിക്കുണ്ടായ ആസിഡ് അറ്റാക് വച്ചല്ല മറിച്ച് അത് മാറ്റിനിര്‍ത്തികൊണ്ടുള്ള എന്നിലെ മറ്റെല്ലാ കാര്യങ്ങളും ഉപയോഗിച്ച്.'

ഷാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുമ്പോള്‍ ചിരിച്ചുനില്‍ക്കുന്ന ഷാബുവിന്റെ ചിത്രമാണ് മനസ്സില്‍ അവശേഷിക്കുന്നത്. അവളുടെ ശരീരത്തിലെ പാടുകള്‍ ആ ചിത്രത്തില്‍ ഭംഗി കൂട്ടുന്നതേയൊള്ളു. 23കാരിയായ ഷാബൂ സ്‌റ്റേജ് ഡിസൈനിലും കോസ്റ്റിയൂം സ്‌റ്റൈലിംഗിലും ഒരു കരിയറാണ് ലക്ഷ്യമിടുന്നത്. തന്റെ ജീവിതം എങ്ങനെ മുന്നോട്ടുപോകണമെന്ന തീരുമാനം തനിക്കുണ്ടായ മോശം സംഭവങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ മുന്നേറാനാഗ്രഹിക്കുന്ന പെണ്‍കുട്ടി. ഷാബു ഒരു ഇരയല്ല അവള്‍ ആ ദുരന്തത്തെ എന്നന്നേക്കുമായി അതിജീവിച്ചവളാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com