16 വയസ്സിനിടെ 43,200 തവണ ബലാല്‍സംഗത്തിനിരയായി; ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

ദിവസവും 30 ഓളം പുരുഷന്മാരാണ് തനിക്കൊപ്പം ശയിക്കാനെത്തിയിരുന്നതെന്ന് കാര്‍ല പറയുന്നു
16 വയസ്സിനിടെ 43,200 തവണ ബലാല്‍സംഗത്തിനിരയായി; ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

ഗ്വാഡലജാര :  16 വയസ്സിനിടെ 43,200 തവണ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ വെളിപ്പെടുത്തല്‍. കാര്‍ല ജാസിന്റോ എന്ന യുവതിയാണ് തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 12 മുതല്‍ 16 വയസ്സു വരെയുള്ള നാലു വര്‍ഷങ്ങള്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ചത് ഏതൊരാള്‍ക്കും താങ്ങാനാവുന്നതിലേറെ ഹൃദയഭേദകമായിരുന്നു. ദിവസവും 30 ഓളം പുരുഷന്മാരാണ് തനിക്കൊപ്പം ശയിക്കാനെത്തിയിരുന്നതെന്ന് കാര്‍ല പറയുന്നു.

12 ആം വയസ്സിലാണ് മെക്‌സിക്കന്‍ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ കാര്‍ല അകപ്പെടുന്നത്. തനിക്ക് സമ്മാനങ്ങള്‍ തരാറുള്ള ഒരാളുമായി പത്താം വയസ്സില്‍ ചങ്ങാത്തത്തിലായി. ഇയാളാണ് 12 ആം വയസ്സില്‍ പ്രലോഭിപ്പിച്ച് തന്നെ മനുഷ്യക്കടത്തുകാരുടെ കൈയിലേല്‍പ്പിക്കുന്നത്. ഇയാള്‍ ഇവരുടെ പിമ്പായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും കാര്‍ല പറയുന്നു. 

ദിവസവും രാവിലെ പത്തുമണിയ്ക്ക് തന്നെ സംഘം തങ്ങളെ ജോലിക്കായി കൊണ്ടുചെന്നാക്കും.  വ്യഭിചാരശാലകള്‍, വാഹനങ്ങള്‍, വീടുകള്‍, തെരുവുകള്‍ തുടങ്ങി എവിടെയും ജോലി ചെയ്യണം. വേദന കൊണ്ട് കരയുമ്പോള്‍ ചിലര്‍ പൊട്ടിച്ചിരിക്കുമെന്നും കാര്‍ല പറയുന്നു. പലപ്പോഴും കണ്ണുകളടച്ച് കിടക്കും. വികാര പ്രകടനങ്ങളുടെ ഭാഗമായി ആരെങ്കിലും ശരീരത്ത് ക്ഷതമേല്‍പ്പിച്ചാല്‍ അതിന്റെ പേരില്‍ വാണിഭ സംഘ തലവന്‍മാരുടെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുമെന്നും കാര്‍ല വെളിപ്പെടുത്തി. മുഷ്ടി ചുരുട്ടി ഇടിക്കല്‍, തൊഴിക്കല്‍, മുടിയില്‍ പിടിച്ച് ചുഴറ്റല്‍, മുഖത്ത് തുപ്പല്‍ തുടങ്ങിയവയാകും ശിക്ഷ. ഒരിക്കല്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തില്‍ വെച്ച് പൊള്ളിച്ചിട്ടുണ്ടെന്നും കാര്‍ല പറഞ്ഞു. 

15 ആം വയസ്സില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയെങ്കിലും, ഒരു മാസം കഴിഞ്ഞപ്പോള്‍ പെണ്‍വാണിഭസംഘം ബലമായി കുട്ടിയെ തട്ടിയെടുത്തു. ഒരിക്കല്‍ വേശ്യാലയത്തില്‍ പൊലീസ് റെയ്ഡ് നടത്തിയപ്പോള്‍ രക്ഷപ്പെടാനാകുമെന്ന് പ്രത്യാശിച്ചു. എന്നാല്‍ പൊലീസുകാര്‍ യുവതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമെടുക്കാനാണ് താല്‍പ്പര്യം കാണിച്ചത്. ഒടുവില്‍ 2008 ലാണ് തന്റെ ദുരിത ജീവിതത്തില്‍ നിന്നും മോചനം ലഭിക്കുന്നതെന്നും കാര്‍ല വെളിപ്പെടുത്തി. മെക്‌സിക്കോ സിറ്റിയില്‍ മനുഷ്യക്കടത്തിനെതിരെ നടന്ന ഓപ്പറേഷനിലാണ് സംഘത്തിന്റെ പിടിയില്‍ നിന്നും മോചിതയാകുന്നത്. 23 കാരിയായ കാര്‍ല ഇപ്പോള്‍ മെക്‌സിക്കോയില്‍ മനുഷ്യക്കടത്തിനെതിരെ ജനങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്. 

നിരവധി കുട്ടികളാണ് ഈ സംഘത്തിന്റെ പിടിയിലകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നതെന്ന് കാര്‍ല പറയുന്നു. മെക്‌സിക്കോയില്‍ ഓരോ വര്‍ഷവും 20,000 ഓളം സ്ത്രീകള്‍ മനുഷ്യകടത്തുകാരുടെയും, പെണ്‍വാണിഭസംഘങ്ങളുടെയും പിടിയില്‍പ്പെട്ട് നിര്‍ബന്ധിത ലൈംഗിക വൃത്തിയിലേക്ക് നയിക്കപ്പെടുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com