നിയമസഭയില്‍ മുലയൂട്ടാന്‍ പ്രത്യേക സൗകര്യം വേണം; ആവശ്യവുമായി ബിജെപി എംഎല്‍എ

സ്ത്രീകള്‍ക്ക് ആറ് മാസം പ്രസവാവധി അനുവദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ മാറി നിന്നാല്‍ അത് എന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും
നിയമസഭയില്‍ മുലയൂട്ടാന്‍ പ്രത്യേക സൗകര്യം വേണം; ആവശ്യവുമായി ബിജെപി എംഎല്‍എ

ഗുവാഹട്ടി: നിയമസഭയില്‍ മുലയൂട്ടാന്‍ പ്രത്യേക മുറി വേണമെന്ന ആവശ്യവുമായി എംഎല്‍എ. ബിജെപി എംഎല്‍എ ആയ ആങ്കൂര്‍ലത ദേകയാണ് അസാമിന്റെ നിയമനിര്‍മാണ സഭാ മന്ദിരത്തില്‍ മുലയൂട്ടുന്നതിനായി പ്രത്യേക സൗകര്യം വേണമെന്ന ആവശ്യം ഉന്നയിച്ച് സ്പീക്കറെ സമീപിച്ചിരിക്കുന്നത്. 

സഭയിലെ എംഎല്‍എമാര്‍ക്കും, മറ്റ് ജോലിക്കാര്‍ക്കും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നാണ് സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിക്ക് നല്‍കിയിരിക്കുന്ന അപേക്ഷയില്‍ മുന്‍ നടി കൂടിയായ അങ്കൂര്‍ലത പറയുന്നത്. 

സമ്മേളനം നടക്കുന്ന സമയത്ത് തന്റെ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനായി സഭയ്ക്ക് തൊട്ടടുത്തുള്ള ഔദ്യോഗിക വസതിയിലേക്ക് അങ്കൂര്‍ലതയ്ക്ക് നിരന്തരം പോകേണ്ടി വരുന്നു. ഈ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് എംഎല്‍എ സ്പീക്കറെ സമീപിച്ചത്. താന്‍ രേഖാമൂലം ആവശ്യം ഉന്നയിച്ചതായും, പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതായും എംഎല്‍എ പറയുന്നു. 

എന്റെ കുഞ്ഞിന് വേണ്ടി മാത്രമല്ല ഞാന്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുന്നത്. നിയമസഭാ മന്ദിരത്തില്‍ ജോലി ചെയ്യുന്ന നിരവധി അമ്മമാര്‍ക്ക് ഈ പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ടാകും. സ്ത്രീകള്‍ക്ക് ആറ് മാസം പ്രസവാവധി അനുവദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ മാറി നിന്നാല്‍ അത് എന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അങ്കൂര്‍ലത പറയുന്നു. 

ഈ വര്‍ഷം ആദ്യം പാര്‍ലമെന്റ് ഹാളിലിരുന്ന ഓസ്‌ട്രേലിയന്‍ സെനറ്റര്‍ മുലപ്പാല്‍ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അംഗങ്ങള്‍ക്ക് സെനറ്റ് ഹാളിനുള്ളില്‍ ഇരുന്ന് മുലപ്പാല്‍ നല്‍കാന്‍ അനുമതി നല്‍കുന്ന നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയതോടെയാണ് സെനറ്റര്‍ ലാറിസ വാട്ടേഴ്‌സിന് സഭയില്‍ പങ്കെടുത്ത് കൊണ്ട് തന്നെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാനായത്. 

എന്നാല്‍ അങ്കൂര്‍ലതയുടെ അപേക്ഷയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് അസം സ്പീക്കര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com