'അനാഥരെന്ന് വിളിക്കരുത്, എന്റെ മക്കളാണ് അവര്‍'; ഈ ടീച്ചറമ്മ കുറച്ച് സ്‌പെഷ്യലാണ്

അച്ഛനും അമ്മയുമുണ്ടായിട്ടും അവരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയാതെ പോയ മൂന്ന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളര്‍ത്തുകയാണ് ജ്യോതിലക്ഷ്മി ടീച്ചറും അവരുടെ ഭര്‍ത്താവ് സണ്ണിയും
'അനാഥരെന്ന് വിളിക്കരുത്, എന്റെ മക്കളാണ് അവര്‍'; ഈ ടീച്ചറമ്മ കുറച്ച് സ്‌പെഷ്യലാണ്


ജ്യോതിലക്ഷ്മി ടീച്ചറുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു അനാഥാലയങ്ങളെ ഇല്ലാതാക്കണം എന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജ്യോതിലക്ഷ്മിക്ക് ഒരു കാര്യം മനസിലായി. അനാഥാലയങ്ങള്‍ ഇല്ലാതാക്കുക എന്നത് അത്ര എളുപ്പമല്ല എന്ന്. പക്ഷേ തന്റെ സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയാറായില്ല. ജ്യോതിലക്ഷ്മി സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ചിറകു മുളച്ചിരിക്കുന്നത് മൂന്ന് മാലാഖ കുഞ്ഞുങ്ങള്‍ക്കാണ്. 

അച്ഛനും അമ്മയുമുണ്ടായിട്ടും അവരുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയാതെ പോയ മൂന്ന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളര്‍ത്തുകയാണ് ജ്യോതിലക്ഷ്മി ടീച്ചറും അവരുടെ ഭര്‍ത്താവ് സണ്ണിയും. ഒരു വര്‍ഷം മുന്‍പാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്ന് സഹോദരങ്ങളായ ഒരു പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും ടീച്ചര്‍ വളര്‍ത്താനായി ഏറ്റെടുക്കുന്നത്. ഇവര്‍ ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കേരളത്തിലേക്ക് വന്നതിനാല്‍ ഇരുവരും മലയാളം നന്നായി സംസാരിക്കും. ഇപ്പോള്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ രണ്ടിലും മൂന്നിലും പഠിക്കുകയാണ് ഇരുവരും. 

എന്നാല്‍ പുതിയൊരു ജീവിതം കിട്ടിയതിന്റെ സന്തോഷമൊന്നും ഇളയ മകന് ഉണ്ടായിരുന്നില്ല. പിന്നീടാണ് മകന്റെ വിഷമത്തിന് പിന്നിലെ കാരണം ടീച്ചറമ്മ മനസിലാക്കുന്നത്. അവന്റെ പാതിയെ അനാഥാലയത്തില്‍ നിര്‍ത്തിയായിരുന്നു ടീച്ചറിന്റെ കൈ പിടിച്ച് അവന്‍ പുതിയ ജീവിതത്തിലേക്ക് കടന്നത്. അടുത്ത സുഹൃത്തിനെ പിരിഞ്ഞ ദുഖത്തിലായിരുന്നു അവന്‍. സ്വന്തം മക്കള്‍ ദുഃഖിക്കുന്നത് ഏത് അമ്മയാണ് ഇഷ്ടപ്പെടുന്നത്. അവസാനം മകന്റെ സങ്കടം തീര്‍ക്കാന്‍ തന്നെ ജ്യോതിലക്ഷ്മി ടീച്ചര്‍ തീരുമാനിച്ചു. മകന്റെ ഉറ്റസുഹൃത്തിനെ അവര്‍ മകനായി ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെ കുഞ്ഞിനെ ടീച്ചര്‍ വീട്ടിലേക്ക് കൂട്ടിയത്. കൂട്ടുകാരനെ ഒപ്പം കിട്ടിയതിന്റെ സന്തോഷത്തിലാണ് അവന്‍ ഇപ്പോള്‍. 

പഴയ കാലത്തേക്കുറിച്ചൊന്നും മക്കള്‍ സംസാരിക്കാറില്ലെന്നാണ് ടീച്ചര്‍ പറയുന്നത്. മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും നല്‍കി അവരെ നല്ല രീതിയില്‍ വളര്‍ത്തുക എന്നതാണ് ടീച്ചറുടെ ലക്ഷ്യം. തനിക്ക് പറ്റുന്ന രീതിയില്‍ ഇനിയും കുട്ടികളെ ഏറ്റെടുക്കുമെന്നാണ് ടീച്ചര്‍ പറയുന്നത്. അവര്‍ അനാഥരാണെന്ന് അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മക്കളാണ് അവരെന്നും ടീച്ചര്‍ പറഞ്ഞു. മക്കള്‍ ഇല്ലാത്തതു കൊണ്ടു മാത്രമല്ല കുട്ടികള്‍ക്ക് മികച്ച ജീവിതം കൊടുക്കുന്നതിന് വേണ്ടിയാണ് ഏറ്റെടുത്തതെന്നും ജ്യോതിലക്ഷ്മി ടീച്ചര്‍ പറഞ്ഞു. 

സര്‍ക്കാര്‍ കൊണ്ടുവന്ന പോറ്റിവളര്‍ത്തല്‍ പദ്ധതിയിലൂടെയായിരുന്നു മക്കളെ ടീച്ചറമ്മ ജീവിതത്തിലേക്ക് കൂട്ടിയത്. അച്ഛനും അമ്മയുമുള്ള കുട്ടികളെ ഏറ്റെടുത്ത് നിശ്ചിതകാലത്തേക്ക് സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന പദ്ധതിയാണിത്. പ്രത്യേക കാലയളവിലേക്കാണ് കുട്ടികളെ ഏറ്റെടുക്കുന്നത്. പിന്നീട് ഇത് കൂടുതല്‍ കാലത്തേക്ക് നീട്ടാന്‍ സാധിക്കും. അപേക്ഷ നല്‍കുന്നതിന് അനുസരിച്ചാണ് കുട്ടികളെ നല്‍കുന്നത്. എന്നാല്‍ കുട്ടികള്‍ ആവശ്യമുള്ളവര്‍ക്ക് അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ അനുവാദമുണ്ട്. മാതാപിതാക്കള്‍ക്കും കുട്ടികളെ കൊണ്ടുപോകാനും പറ്റും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com