ഫിഷ് ടാങ്കില്‍ ഒളിച്ചിരിക്കുന്ന അപകടം:  ടാങ്കില്‍നിന്ന് ചോര്‍ന്നത് വിഷവാതകം

അലങ്കാര മത്സ്യം വളര്‍ത്തുന്നതില്‍ യാതൊരു പരിചയക്കുറവുമില്ലാത്തയാളാണ് ക്രിസ്.
ഫിഷ് ടാങ്കില്‍ ഒളിച്ചിരിക്കുന്ന അപകടം:  ടാങ്കില്‍നിന്ന് ചോര്‍ന്നത് വിഷവാതകം

ഫിഷ് ടാങ്കില്‍ അലങ്കാരത്തിനായി വെക്കുന്ന പവിഴപ്പുറ്റ് എത്രത്തോളം അപകടകാരിയാണെന്ന് മനസിലാക്കിയിരിക്കുകയാണ് ഒരു കുടുംബം. 27 വയസുകാരനായ ക്രിസ് മാത്യൂസും കാമുകിയും അദ്ദേഹത്തിന്റെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരിയുടെ കാമുകന്‍ എന്നിവരാണ് പവിഴപ്പുറ്റില്‍ നിന്ന് വന്ന അപകടകാരിയായ വിഷവാതകം ശ്വസിച്ച് ആശുപത്രിയിലായത്. 

അലങ്കാര മത്സ്യം വളര്‍ത്തുന്നതില്‍ യാതൊരു പരിചയക്കുറവുമില്ലാത്തയാളാണ് ക്രിസ്. അദ്ദേഹം പതിവുപോലെ ഒരു ദിവസം ടാങ്ക് വൃത്തിയാക്കുകയായിരുന്നു. മീനുകളെയെല്ലാം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ടാങ്കിനുള്ളിലെ മറ്റെല്ലാ വസ്തുക്കളെപ്പോലെ പവിഴപ്പുറ്റും അദ്ദേഹം വൃത്തിയാക്കാനായി പുറത്തെടുത്തു. പക്ഷേ അതില്‍ പതിയിരിക്കുന്ന അപകടം ക്രിസിന് മനസിലാക്കാനായില്ല. കല്ലുകൊണ്ട് ആവരണം ചെയ്ത പവിഴപ്പുറ്റ് അദ്ദേഹം ഉരച്ച് കഴുകി. ടാങ്ക് സെറ്റ് ചെയ്ത് വാതിലടച്ച് ഉറങ്ങാന്‍ കിടന്നു. 

എന്നാല്‍ അടുത്ത ദിവസം കുടുംബത്തിലെ എല്ലാവരും ഫ്‌ലൂ (പകര്‍ച്ചപ്പനി) രോഗത്തിനുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. അവരുടെ വീട്ടിലെ രണ്ട് വളര്‍ത്തു നായ്ക്കള്‍ക്കും സുഖമില്ലാതായി. ക്രിസിന് ശ്വാസതടസവും ചുമയും പനിയുമെല്ലാം വന്നു. അവസാനം അദ്ദേഹത്തിനെ കീഴടക്കിയത് ന്യൂമോണിയയാണ്. ആ ദിവസം കഴിഞ്ഞതോടുകൂടി വീട്ടിലെ എല്ലാവരും വളരെ അവശരാവുകയും അവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

'ഇത് സത്യംപറഞ്ഞാല്‍ ഫ്‌ലൂവിനേക്കാള്‍ അപകടകാരിയായിരുന്നു. ശ്വാസം കിട്ടാതെയും കടുത്ത ചുമ മൂലവും ഞങ്ങള്‍ എല്ലാവരും ഏറെ കഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് നിയന്ത്രിക്കാനാവത്ത അത്രയും ബോഡ് ടെംപറേച്ചര്‍ ഉണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ ഒട്ടും വയ്യാതെയാണ് ഞങ്ങളെല്ലാവരും എഴുന്നേറ്റത്. എന്നിട്ടും കാരണമെന്താണെന്ന് മനസിലായില്ല. പക്ഷേ, വീട്ടിലെ രണ്ട് നായ്ക്കള്‍ക്കും സുഖമില്ലാതായതോടെയാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്നുള്ള യാത്ഥാര്‍ഥ്യം ഞങ്ങള്‍ മനസിലാക്കുന്നത്'- ക്രിസ് പറഞ്ഞു. ഒരു ദിവസം കൂടി ആ വീട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ തങ്ങളുടെ ആരോഗ്യനില അതീവ ഗുരുതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംബുലന്‍സും അഗ്നിശമനസേനയും പൊലീസും ഒന്നിച്ചെത്തിയാണ് ക്രിസിനെയും കുടുംബത്തെയും ആശുപത്രിയിലെത്തിച്ചത്. വിഷവാതകം പടരാതിരിക്കാന്‍ ആ പ്രദേശത്തേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. കെമിക്കല്‍ ഓഫിസേഴ്‌സും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം വന്ന് പരിശോധന നടത്തിയാണ് വീട്ടിലെ വിഷവാതകം നിര്‍വീര്യമാക്കിയത്. 

അധികം വിലകൂടിയ വസ്തുവല്ലാത്ത പവിഴപ്പുറ്റ് എല്ലാവരും അക്വാറിയത്തില്‍ വാങ്ങിവയ്ക്കുന്നതാണ്. അതില്‍ ഇങ്ങനെയൊരു അപകടമുണ്ടായിരുന്നതായി അറിയില്ലെന്നാണ് തന്റെ 12ാം വയസു മുതല്‍ മീന്‍ വളര്‍ത്തല്‍ തുടങ്ങിയ ക്രിസ് പറയുന്നത്. 'പ്ലേടോക്‌സിന്‍ എന്ന വിഷവാതകത്തെക്കുറിച്ച് എനിക്കറിയാമായിരുന്നു. പക്ഷേ ഇത് വെള്ളത്തിലിരിക്കുന്ന പവിഴപ്പുറ്റില്‍ നിന്നും പുറത്തുവരുമെന്ന് അറിയില്ലായിരുന്നു. എന്റെ വീട്ടില്‍ നടന്ന സംഭവം എല്ലാവരും അറിയണം. കാരണം ഫിഷ് ടാങ്കില്‍ പവിഴപ്പുറ്റ് വയ്ക്കുന്ന പരിപാടി എല്ലാവര്‍ക്കുമുള്ളതാണ്. ഇത് ആളുകള്‍ക്ക് ഒരു മുന്നറിയിപ്പാകട്ടെ'- ക്രിസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com