വേനലില്‍ നായ്ക്കള്‍ക്കും വേണം പ്രത്യേക പരിചരണം 

നായ്ക്കള്‍ക്ക് വേനലില്‍ ജലാംശം കുറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പഴകിയ ഭക്ഷണം ഇവയ്ക്ക് നല്‍കുന്ന പതിവ് വേനല്‍കാലത്തെങ്കിലും മാറ്റിവയ്ക്കണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്
വേനലില്‍ നായ്ക്കള്‍ക്കും വേണം പ്രത്യേക പരിചരണം 

വേനലും ചൂടുമൊക്കെ മനുഷ്യരെ മാത്രം ബാധിക്കുന്ന വിഷയങ്ങളല്ല അതുകൊണ്ട് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും നല്‍കണം വേനല്‍കാലത്ത് പ്രത്യേക പരിചരണം. വീട്ടില്‍ വളര്‍ത്തുന്നവയോട് മാത്രമല്ല വഴിയില്‍ കാണുന്ന മൃഗങ്ങളോടും വേനല്‍ കാലത്ത് പ്രത്യേക പരിഗണന വേണമെന്നാണ് പറയുന്നത്. നായ്ക്കള്‍ക്ക് വേനലില്‍ ജലാംശം കുറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പഴകിയ ഭക്ഷണം ഇവയ്ക്ക് നല്‍കുന്ന പതിവ് വേനല്‍കാലത്തെങ്കിലും മാറ്റിവയ്ക്കണമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. 

പകല്‍സമയങ്ങളില്‍ നായ്ക്കളെ പുറത്തിറക്കിവിടുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കടുത്ത വേനല്‍ ദിവസങ്ങളില്‍ നായയോടൊപ്പമുള്ള നടത്തമൊക്കെ മാറ്റിവയ്ക്കണം. അല്ലെങ്കില്‍ അതിരാവിലം സുര്യാസ്തമനത്തിന് ശേഷമോ ആക്കാം ഈ പതിവ്. നായ്ക്കള്‍ ചൂടിനോട് വളരെയധികം സെന്‍സിറ്റിവ് ആണെന്നും ചൂട് അധികമാകുന്നത് അവയ്ക്ക് രോഗങ്ങള്‍ ഉണ്ടാക്കുമെന്നതുമാണ് ഇതിന് കാരണം. 

വളര്‍ത്തുനായ്ക്കളെ യാത്രകളിലും മറ്റും ഒപ്പം കൂട്ടുന്ന പതിവ് മിക്കവര്‍ക്കുമുണ്ട് എന്നാല്‍ വേനലില്‍ ദീര്‍ഘദൂര യാത്രകളില്‍ നായ്ക്കളുമായി പോകരുത്. അതുപോലെതന്നെ നായ്ക്കളെ വേനല്‍ കാലത്ത് കാറില്‍ പൂട്ടിയിട്ട് ഷോപ്പിംഗിനും മറ്റും ഇറങ്ങുന്നതും ഒഴിവാക്കണം. 

നായ്ക്കളെ എല്ലാ ദിവസവും കുളിപ്പിക്കുണം. എന്നാല്‍ ഇവയുടെ രോമങ്ങള്‍ വടിച്ചുകളയാന്‍ പാടില്ലെന്നും ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഒരു പരിധിവരെ ഇവയെ സഹായിക്കുന്നത് രോമമാണെന്നും വിദഗ്ധര്‍ പറയുന്നു. ദിവസത്തില്‍ ഒന്നിലധികം തവണ കുളിപ്പിക്കുന്നത് ചൂടുകാലത്തും അഭികാമ്യമല്ല എന്നാല്‍ നനഞ്ഞ തുണിയോ മറ്റോ ഉപയോഗിച്ച് ഇവയെ തുടയ്ക്കാവുന്നതാണ്. 

നായ്ക്കളുടെ രോമങ്ങള്‍ ദിവസവും ചീകിനല്‍കണം. ഇത് രക്തോട്ടം വര്‍ദ്ധിപ്പിക്കുകയും നായ്ക്കള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത പ്രദാനം ചെയ്യുകയും ചെയ്യും. 

നായ്ക്കളുടെ ഭക്ഷണത്തില്‍ ദ്രാവകരൂപത്തിലുള്ളവയുടെ അളവ് കൂട്ടുക. ആരോഗ്യപാനീയങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തേങ്ങാവെള്ളവും മറ്റ് ജ്യൂസുമൊക്കെ നായ്ക്കള്‍ക്ക് നല്‍കാവുന്നവയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com