എട്ട് വയസുകാരന് മദ്യം ; പഞ്ചനക്ഷത്ര ഹോട്ടലിനെതിരേ മാതാപിതാക്കള്‍

എട്ട് വയസുകാരന് മദ്യം ; പഞ്ചനക്ഷത്ര ഹോട്ടലിനെതിരേ മാതാപിതാക്കള്‍

സംഭവത്തില്‍ റസ്റ്റോറന്‍ഡ് അധികൃതര്‍ സുപ്രിയയുടെ കുടുംബത്തോട് ക്ഷമ പറയുകയും ബില്‍ ഒഴിവാക്കുകയും ചെയ്തു

റസ്‌റ്റോറന്റിലെ ജീവനക്കാരന്‍ എട്ട് വയസുകാരന് മദ്യം വിളമ്പിയെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ കുടുംബത്തിനാണ് ജീവനക്കാരുടെ അശ്രദ്ധയില്‍ ഇളയമകന്‍ മദ്യം കുടിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നത്. മാതാപിതാക്കള്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

സുപ്രിയ ജംഭുനാഥനും കുടുംബവും ഞായറാഴ്ച രാത്രിയാണ് റസിഡന്‍സി റോഡിലുള്ള പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയത്. തുടക്കം മുതല്‍ അവരുടെ സര്‍വീസുകളെല്ലാം വളരെ പതുക്കെയായിരുന്നു. നോണ്‍ ആല്‍ക്കഹോളിക് ഡ്രിങ്കായ മോക്ടെയ്‌ലാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. എട്ട് വയസുകാരനായ മകന് സര്‍വ് ചെയ്ത പാനിയത്തിന് കയ്പ്പ് രസമായിരുന്നു. ഇതില്‍ മദ്യമുണ്ടാകുമെന്ന് സംശയിച്ച് പാനിയം തിരിച്ചു കൊടുത്തു. അതിന് ശേഷം മകനൊപ്പം ഡെസേര്‍ട്ട് കൗണ്ടറിലേക്ക് പോയി. അപ്പോഴാണ് ബാറില്‍ മദ്യം വിളമ്പുന്നയാളും ഞങ്ങളുടെ വെയ്റ്ററും തമ്മില്‍ ഓര്‍ഡര്‍ മാറിപ്പോയതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടത്. ഇതുകേട്ട് ഞെട്ടിപ്പോയെന്നാണ് സുപ്രിയ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്. മോക്ടെയിലിന് പകരം ആല്‍ക്കഹോളുള്ള ലോങ് ഐലന്‍ഡ് ഐസ് ടീയാണ് കുട്ടിക്ക് വിളമ്പിയത്. 

സംഭവത്തില്‍ റസ്റ്റോറന്‍ഡ് അധികൃതര്‍ സുപ്രിയയുടെ കുടുംബത്തോട് ക്ഷമ പറയുകയും ബില്‍ ഒഴിവാക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സുപ്രിയയുടെ പോസ്റ്റിന് കമന്റായി അവര്‍ വ്യക്തമാക്കി. 

എന്നാല്‍ ഇത് ആദ്യമായിട്ടല്ല ഈ ഹോട്ടലില്‍ നിന്ന് സുപ്രിയയ്ക്ക് ഇതുപോലുള്ള അനുഭവം ഉണ്ടാകുന്നത്. അമ്മയോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഓര്‍ഡര്‍ ചെയ്ത വെജിറ്റേറിയന്‍ ബിരിയാണിക്ക് പകരമായി മട്ടന്‍ ബിരിയാണിയാണ് വിളമ്പിയിട്ടുണ്ടെന്നും സുപ്രിയ ആരോപിച്ചു. എന്നാല്‍ ഇതിനെതിരേ ഉപഭോക്തൃ കോടതിയെ സമീപിക്കേണ്ട എന്ന തീരുമാനത്തിലാണ് സുപ്രിയ. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ ക്ഷമ പറയുകയും ബില്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സുപ്രിയ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com