ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ ഒരു മണിക്കൂര്‍: ആംബുലന്‍സ് ഡ്രൈവര്‍ സാഹസികമായി രക്ഷിച്ചത് നവജാതശിശുവിന്റെ ജീവന്‍

കായംകുളം ഉമ്മസേരി വീട്ടില്‍ ജസീറിന്റെ ഒരുമാസം പ്രായമുള്ള മകന്റെ ജീവന് വേണ്ടിയാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്തിയത്.
ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ ഒരു മണിക്കൂര്‍: ആംബുലന്‍സ് ഡ്രൈവര്‍ സാഹസികമായി രക്ഷിച്ചത് നവജാതശിശുവിന്റെ ജീവന്‍

തിരുവനന്തപുരം: ഒരു മാസം പ്രായമായ കുരുന്നു ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ സാഹസികമായി ഒരു മണിക്കൂര്‍ കൊണ്ട് 140 കിലോമീറ്ററോളം ദൂരം താണ്ടി. തകഴി എടത്വാ ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിലെ ഡ്രൈവര്‍ സലാം ആലപ്പുഴ വണ്ടാനത്ത് നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെ ഓടിയെത്തിയത് വെറും ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റുകൊണ്ടാണ്. 

കായംകുളം ഉമ്മസേരി വീട്ടില്‍ ജസീറിന്റെ ഒരുമാസം പ്രായമുള്ള മകന്റെ ജീവന് വേണ്ടിയാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്തിയത്. പൊലീസ് അകമ്പടിയോ വാഹന അകമ്പടിയോ ഇല്ലാതെയാണ് സലാം ഇത്രയും ദൂരം ചുരുങ്ങിയ സമയം കൊണ്ട് ഓടിയത്. 

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഞരമ്പ് സംബന്ധമായ അസുഖം ബാധിച്ചിട്ടുണ്ടെന്നും മൂന്നുമണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് എത്തിക്കാനും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. 

എന്നാല്‍ വന്‍ തുക ചിലവാക്കി സ്വകാര്യ ആംബുലന്‍സ് വിളിക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചു. തുടര്‍ന്ന് യാസീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കി. 

ഉടന്‍തന്നെ 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ സലാം വണ്ടാനം ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് 2.30 ന് എടുത്ത ആംബുലന്‍സ് വൈകുന്നേരം 4.10 ഓടെ തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു. സലാമിന്റെ ധീരതയോടെയുള്ള ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ വൈകാതെ ആശുപത്രിയില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുട്ടി സുഖംപ്രാപിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com