'അവസാനം തീരുമാനിച്ചു യൂട്യൂബിലെ വീഡിയോ കണ്ട് പ്രസവിക്കാമെന്ന്'; വീഡിയോ കണ്ട് ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് പ്രസവിച്ച് യുവതി

ഭാഷപോലും അറിയാത്ത ഒരു സ്ഥലത്ത് ഒറ്റക്കായിപ്പോയാല്‍ ആരുടെയും സഹായമില്ലാതെ പ്രസവിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം മതിയെന്നാണ് ധീരവനിത പറയുന്നത്
'അവസാനം തീരുമാനിച്ചു യൂട്യൂബിലെ വീഡിയോ കണ്ട് പ്രസവിക്കാമെന്ന്'; വീഡിയോ കണ്ട് ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് പ്രസവിച്ച് യുവതി

സമയം തള്ളി നീക്കാനും വൈറല്‍ വീഡിയോ കാണാനുമൊക്കെയല്ലേ സാധാരണയായി നമ്മള്‍ യൂട്യൂബ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കൊണ്ട് പ്രസവം വരെ എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎസ് എയര്‍ഫോഴ്‌സില്‍ കംപ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റായ യുവത്. ഭാഷപോലും അറിയാത്ത ഒരു സ്ഥലത്ത് ഒറ്റക്കായിപ്പോയാല്‍ ആരുടെയും സഹായമില്ലാതെ പ്രസവിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രം മതിയെന്നാണ് ധീരവനിത പറയുന്നത്.

കഴിഞ്ഞ മാസം തുര്‍ക്കിയിലെ ഇസ്താന്‍ബുള്ളിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതി ആരുടേയും സഹായമില്ലാതെ പ്രസവിച്ചത്. അവിശ്വസനീയമായ കഥ ട്വിറ്ററിലൂടെ അമ്മ തന്നെയാണ് പുറത്തുവിട്ടത്. യുഎസില്‍ നിന്ന് ജര്‍മനിയിലേക്ക് അവധിക്ക് പോവുകയായിരുന്നു ടിയ ഫ്രീമാന്‍. എന്നാല്‍ വിമാനത്തില്‍ വെച്ച് ശാരീരിക അസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ഇസ്താന്‍ ബുള്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിവന്നു. ആദ്യം ഭക്ഷ്യവിഷബാധകാരണമാണ് ഛര്‍ദ്ദിയുണ്ടായത് എന്നാണ് കരുതിയത്. പിന്നീടാണ് പ്രസവ വേദനയാണെന്ന് മനസിലാകുന്നത്. അവിടെ തന്നെ നിന്നാല്‍ വിമാനത്താവളത്തില്‍ പ്രസവിക്കേണ്ടിവരും എന്നു തോന്നിയ ടിയ ഒന്നും നോക്കിയില്ല വേഗം ഹോട്ടലില്‍ ചെന്ന് മുറിയെടുത്തു. ആര്‍ക്കും ഇംഗ്ലീഷ് പോലും അറിയാത്ത വിദേശ രാജ്യത്താണ് താന്‍ എന്ന തിരിച്ചറിവാണ് ഒറ്റയ്ക്ക് പ്രസവിക്കാനുള്ള ധൈര്യം ടിയക്ക് നല്‍കിയത്. രാജ്യത്തിന്റെ എമര്‍ജന്‍സി നമ്പറോ ഹോസ്പിറ്റല്‍ എവിടെയാണെന്നോ ഇവര്‍ക്ക് അറിയില്ലായിരുന്നു. 

അങ്ങനെയാണ് യൂടൂബിലെ വീഡിയോ നോക്കി വാട്ടര്‍ ബെര്‍ത്തിന് തയാറായത്. ഹോട്ടലിലെ ബാത്ത്‌റൂമിനെ ഇതിനു വേണ്ടി പ്രസവമുറിയാക്കി മാറ്റി. ബാത്ത്ടബ്ബില്‍ വെള്ളം പിടിച്ചുവെച്ച് കുഞ്ഞിനെ പൊതിയാനായി ടവ്വലുകളും മറ്റും റെഡിയാക്കി വെച്ചു. പൊക്കിള്‍ കൊടി മുറിക്കുന്ന കാര്യത്തിലാണ് ടിയക്ക് പേടിയുണ്ടായിരുന്നത്. ഷൂ ലെസുകൊണ്ട് പൊക്കിള്‍ കൊടി മുറുക്കെ കെട്ടി ബാഗില്‍ കരുതാറുള്ള കത്തി ഉപയോഗിച്ച് പൊക്കിള്‍ കൊടി മുറിച്ചു. ടിയയുടെ സ്റ്റോറി കേട്ട് അത്ഭുതപ്പെടുകയാണ് ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com