മകളുടെ വിവാഹത്തിനൊപ്പം ഏഴു ദലിത് യുവതികള്‍ക്കും മംഗല്യം, ജാതി വ്യവസ്ഥയ്‌ക്കെതിരെ ഈ ഗുജറാത്തിയുടെ പോരാട്ടം ഇങ്ങനെ

ജാതി വ്യവസ്ഥയെ തകര്‍ത്തെറിയാന്‍ വേണ്ടിയാണ് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹവും തന്റെ മകളുടെ വിവാഹവും ഒന്നിച്ച് നടത്തിയതെന്നാണ് അമൃത് ദേശായ് പറയുന്നത്. 
മകളുടെ വിവാഹത്തിനൊപ്പം ഏഴു ദലിത് യുവതികള്‍ക്കും മംഗല്യം, ജാതി വ്യവസ്ഥയ്‌ക്കെതിരെ ഈ ഗുജറാത്തിയുടെ പോരാട്ടം ഇങ്ങനെ

പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്നവരെയും വിവാഹം തന്നെ നടത്തികൊടുക്കുന്നവരെയുമെല്ലാം വാര്‍ത്തകളിലൂടെയും നേരിട്ടും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായി സ്വന്തം മകള്‍ക്കൊപ്പം ഒരേ പന്തലില്‍ വെച്ച് തന്നെ ഇവിടെ ഏഴ് വിവാഹങ്ങളാണ് നടത്തിയത്. ഗുജറാത്തിലെ പലന്‍പൂരിലുള്ള അജിമ്‌ന എന്ന ഗ്രാമത്തിലെ അമൃത് ദേശായ് എന്നയാണ് മകളുടെ വിവാഹത്തിനൊപ്പം ഏഴ് ദളിത് പെണ്‍കുട്ടികളുടെ വിവാഹം നടത്തി മാതൃകയായത്.

ഏഴ് പെണ്‍കുട്ടികളുടെയും കുടുംബക്കാരുള്‍പ്പെടെ 30000 ആളുകളായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ജാതി വ്യവസ്ഥയെ തകര്‍ത്തെറിയാന്‍ വേണ്ടിയാണ് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹവും തന്റെ മകളുടെ വിവാഹവും ഒന്നിച്ച് നടത്തിയതെന്നാണ് അമൃത് ദേശായ് പറയുന്നത്. 

ദേശായിയുടെ മകള്‍ക്കും മറ്റ് പെണ്‍കുട്ടികള്‍ക്കും ഒരേ പോലെ കടുത്ത വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളായിരുന്നു തെരഞ്ഞെടുത്തിരുന്നത്. വരന്‍മാരും തലപ്പാവോടുകൂടിയ ഹിന്ദു ആചാരപ്രകാരമുള്ള മുന്തിയ ഇനം വസ്ത്രങ്ങളായിരുന്നു വിവാഹദിനത്തില്‍ ധരിച്ചിരുന്നത്.  

'എന്റെ മകളുടെയും ദളിത് പെണ്‍കുട്ടികളുടെയും വിവാഹം ഒരേ പന്തലില്‍ ഒരേ ചടങ്ങോടു കൂടി നടത്തിയത് ജാതി വ്യവസ്ഥയെ ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ്. ദളിതരോടുള്ള വിവേചനവും ദുരാചാരങ്ങളും കാലാ കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ വേരുറപ്പിച്ചിരിക്കുകയാണ്. അതിനെ ഇല്ലാതാക്കണം'- ദേശായ് പറഞ്ഞു.

'സമൂഹത്തിലെ ഈ ദുരാചാരങ്ങളെ തുരത്തിയോടിക്കുന്നതിനുള്ള ഒരു തുടക്കമായാണ് ഞാന്‍ ഈ വിവാഹത്തിനെ കാണുന്നത്. ഈ തീരുമാനത്തിലെത്തിയതിന് ശേഷം മകളെ വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ വീട്ടുകാരോടും ഇവിടുത്തെ നാട്ടുകാരോടും സംസാരിച്ചു. ആദ്യമെല്ലാം എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.'- ദേശായ് കൂട്ടിച്ചേര്‍ത്തു. അജിമ്‌നയിലുള്ള ആളുകള്‍ക്ക് പുറമെ സമീപ ഗ്രാമങ്ങളിലുള്ളവരും വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശിര്‍വദിക്കാനെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com