അമ്മയുടെ കയ്യില്‍ നിന്ന് വഴുതിവീണ കുഞ്ഞിനെ താങ്ങിയെടുത്ത് എയര്‍ഹോസ്റ്റസ് 

അമ്മയുടെ കയ്യില്‍ നിന്ന് വഴുതിവീണ കുഞ്ഞിനെ താങ്ങിയെടുത്ത് എയര്‍ഹോസ്റ്റസ് 

അമ്മയുടെ കയ്യില്‍ നിന്ന് വഴുതി വീണ കുഞ്ഞിനെ രക്ഷപെടുത്താനായി രണ്ടാമതൊന്നു ചിന്തിക്കാതെ കുഞ്ഞിനു നേരേ കൈനീട്ടി തറയിലേയ്ക്ക് ചാടി വീഴുകയായിരുന്നു എയര്‍ഹോസ്റ്റസ്

മുംബൈ: വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ സുരക്ഷയുടെ ചുമതല എയര്‍ ഹോസ്റ്റസുമാര്‍ക്ക് ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വിമാനത്താവളത്തില്‍ വെച്ച് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസാണ് ഇപ്പോള്‍ താരം. അമ്മയുടെ കയ്യില്‍ നിന്ന് വഴുതി വീണ കുഞ്ഞിനെ രക്ഷപെടുത്താനായി രണ്ടാമതൊന്നു ചിന്തിക്കാതെ കുഞ്ഞിനു നേരേ കൈനീട്ടി തറയിലേയ്ക്ക് ചാടി വീഴുകയായിരുന്നു മിതാന്‍ഷി എന്ന എയര്‍ഹോസ്റ്റസ്.

കഴിഞ്ഞ മാസം മുംബൈ വിമാനതാവളത്തില്‍ വച്ചാണ് ഈ സംഭവം നടന്നത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്‌ക്കെത്തിയ സ്ത്രീയുടെ കൈയ്യില്‍ നിന്നാണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് വഴുതിപോയത്. ചെക്കിന്‍ ചെയ്ത് സെക്യൂരിറ്റി ചെക്ക് കൗണ്ടറില്‍ എത്തിയപ്പോഴാണ് അമ്മയുടെ കൈയ്യില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ തെന്നിപോയത്. 

ജെറ്റ് എയര്‍വെയ്‌സിനയച്ച ഇ-മെയിലിലാണ് തന്റെ മകന്റെ ജീവന്‍ രക്ഷിച്ച എയര്‍ഹോസ്റ്റസിനെകുറിച്ച് വിവരിച്ചിട്ടുള്ളത്. മിതാന്‍ഷി വൈദ്യ എന്ന ജെറ്റ് എയര്‍ ഹോസ്റ്റസാണ് തന്റെ പത്തുമാസമുള്ള കുഞ്ഞിനെ രക്ഷിച്ചതെന്ന് ഒരു സ്വകാര്യ കമ്പനിയുടെ എംഡിയായി ജോലിചെയ്യുന്ന ഗുലാഫാ ഷെയ്ക്ക് മെയിലില്‍ പറയുന്നു. മിതാന്‍ഷി തന്റെ കുഞ്ഞിനെ രക്ഷിച്ചപ്പോള്‍ അവര്‍ക്കും പരിക്കേറ്റിയിരുന്നു എന്നും അവരുടെ മുഖത്തെ മുറിവ് ആജീവനാന്തം നിലനില്‍ക്കുന്ന ഒരു പാടായി മാറിയിട്ടുണ്ടെന്നും മെയിലില്‍ പറയുന്നു. തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ മിതാന്‍ഷി നടത്തിയ പ്രയത്‌നത്തെ അഭിനന്ദിച്ചായിരുന്നു ഗുലാഫയുടെ മെയില്‍. മിതാന്‍ഷിയെ മാലാഖ എന്ന് വിളിച്ചാണ് കത്തില്‍ അഭിനന്ദിച്ചിട്ടുള്ളത്.

തന്റെ ജോലിയെ പോലും പ്രതികൂലമായി ബാധിക്കുന്ന ഒന്നായിരുന്നു മിതാന്‍ഷിയുടെ മുഖത്തുണ്ടായ മുറിവ്. എന്നാല്‍ ഇത് കാര്യമാക്കാതെ ഇവര്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കാണിച്ച മനസിനെ അഭിനന്ദിക്കാന്‍ ജെറ്റ് എയര്‍വെയ്‌സും മുന്നോട്ടുവന്നു. മിതാന്‍ഷിയെകുറിച്ച് അഭിമാനിക്കുന്നു എന്നായിരുന്നു കമ്പനിയുടെ പ്രതികരണം. 

'മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും കമ്പനി നിബന്ധനകള്‍ക്ക് എതിരാണെന്ന് വളരെ സൗമ്യമായി മറുപടി നല്‍കി മിതാന്‍ഷി നടന്നുനീങ്ങുകയായിരുന്നു. എനിക്ക് മിതാന്‍ഷി ഒരു മാലാഖയെപോലെയാണ്. വിവാഹം കഴിഞ്ഞ് 14വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് കുഞ്ഞു ജനിക്കുന്നത്', ഗുലാഫ മെയിലില്‍ പറയുന്നു. മിതാന്‍ഷിയോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ എനിക്ക് വളരെയധികം താത്പര്യം ഉണ്ടായിരുന്നെങ്കിലും തന്നില്‍ നിന്ന് ഒന്നും സ്വീകരിക്കാന്‍ മിതാന്‍ഷി തയ്യാറായില്ലെന്നും ഗുലാഫ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com