ഉള്ളം കൈയില്‍ താങ്ങിയൊരു പാലം; വിയറ്റ്‌നാമിലെ സുവര്‍ണ പാലം ലോകത്തിന് അത്ഭുതമാകുന്നു

വിയറ്റ്‌നാമിലെ  കോ വാങ് (സുവര്‍ണ പാലം) ലോകത്തിന് അത്ഭുതമായി മാറുകയാണ്
ഉള്ളം കൈയില്‍ താങ്ങിയൊരു പാലം; വിയറ്റ്‌നാമിലെ സുവര്‍ണ പാലം ലോകത്തിന് അത്ഭുതമാകുന്നു

പ്രകൃതിയുടെ സ്വാഭാവികതയിലേക്ക് ശില്പകലയുടെ സൗന്ദര്യവും ചേര്‍ത്ത് നിര്‍മ്മിച്ച കൂറ്റന്‍ പാലം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. വിയറ്റ്‌നാമിലെ  കോ വാങ് (സുവര്‍ണ പാലം) ലോകത്തിന് അത്ഭുതമായി മാറുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യയില്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി. ജൂണില്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയ പാലം കാണാനും മുകളില്‍ കയറി കാഴ്ചകള്‍ കണ്ട് മനസു നിറയ്ക്കാനുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. 

ഹരിതാഭമായ വനത്തിനുള്ളിലെ മരങ്ങള്‍ക്കിടയിലൂടെ രണ്ട് കൂറ്റന്‍ കോണ്‍ക്രീറ്റ് കൈകള്‍. ഈ രണ്ട് കൈകളിലാണ് പാലം നില്‍ക്കുന്നത്. പാലത്തെ ഉള്ളം കൈയില്‍ താങ്ങി നിര്‍ത്തുന്ന രീതിയിലാണ് കോണ്‍ക്രീറ്റ് ശില്പത്തിന്റെ സൃഷ്ടി. 

കാടിന് നടുവില്‍ ദൈവത്തിന്റെ കൈകളിലെ പാലം എന്ന വിശേഷണമാണ് പലരും ഈ പാലത്തിന് നല്‍കുന്നത്. ടനാങ് നഗരം മുഴുവനായും ഈ പാലത്തില്‍ നിന്ന് കാണാമെന്നതാണ് പാലത്തിലെ മറ്റൊരു ആകര്‍ഷണം. തങ്ങളുടെ നിര്‍മിതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതിന്റെ ആശ്ചര്യവും സന്തോഷവും പാലത്തിന്റെ നിര്‍മാതാക്കളായ ടി.എ ലാന്‍ഡ്‌സകെയ്പ്പ് ആര്‍ക്കിടെക്ച്ച്വര്‍ സ്ഥാപകന്‍ വു വിയറ്റ് ആന്‍ പങ്കുവച്ചു. 

സമുദ്രനിരപ്പില്‍ നിന്ന് 1,400 മീറ്റര്‍ ഉയരത്തിലുള്ള ബാ നാ ഹില്‍സില്‍ 1919ല്‍ ഫ്രഞ്ചുകാര്‍ നിര്‍മ്മിച്ച ഹില്‍സ്‌റ്റേഷനിലാണ് 150 മീറ്റര്‍ നീളത്തില്‍ സുവര്‍ണ പാലം നില്‍ക്കുന്നത്. കേബിള്‍ കാറുകള്‍, കോട്ട, പള്ളി, മെഴുക് മ്യൂസിയം എന്നിവയും ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. 

വിനോദ സഞ്ചാര മേഖലയില്‍ നിര്‍ണായക ശക്തിയാകാന്‍ വിപുലമായ പദ്ധതികളാണ് വിയറ്റ്‌നാമില്‍സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. സുവര്‍ണ പാലത്തിന് പുറമെ ഇതേ തരത്തില്‍ വെള്ളി പാലവും വിയറ്റ്‌നാമില്‍ ഒരുങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com