ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുകള്‍; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ഭൂമിക്ക് സമാനമായി സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യമുള്ള ഒരു കൂട്ടം ഗ്രഹങ്ങള്‍ നിലകൊള്ളുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍
ഭൂമിക്ക് പുറത്തും ജീവന്റെ തുടിപ്പുകള്‍; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ഭൂമിക്ക് സമാനമായി സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യമുള്ള ഒരു കൂട്ടം ഗ്രഹങ്ങള്‍ നിലകൊള്ളുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലേയും മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ലബോറട്ടറി ഓഫ് മോളിക്യൂലര്‍ ബയോളജി (എം.ആര്‍.സി.എല്‍.എം.ബി)യിലേയും ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചതിന് സമാനമായ രാസ സാഹചര്യമാണ് ഈ ഗ്രഹങ്ങളില്‍ ഉള്ളതെന്നും ഗ്രഹങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത് സൂര്യന് സമാനമായ നക്ഷത്രമാണെന്നും സയന്‍സ് അഡ്വാന്‍സസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന പ്രബന്ധത്തില്‍ പറയുന്നു. 

കാവന്റിഷ് ലബോറട്ടറിയും എം.ആര്‍.സി.എല്‍.എം.ബിയും സംയുക്തമായാണ് ഗവേഷണം നടത്തിയത്. ഓര്‍ഗാനിക് കെമിസ്ട്രിയും ഗ്രഹാന്തര ജീവന്‍ സംബന്ധിച്ച പഠനവും സംയോജിപ്പിച്ചായിരുന്നു ഇവരുടെ ഗവേഷണം. പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്ന അന്വേഷണത്തില്‍ നിര്‍ണായകമായ വിവരമാണ് ലഭിച്ചതെന്ന് ഗവേഷക സംഘം മേധാവി ഡോ. പോള്‍ റിമ്മര്‍ പറഞ്ഞു. ഭൂമിയില്‍ ജീവന്റെ ഉത്ഭവം സംബന്ധിച്ച പഠനം നടത്തിയ പ്രൊഫ. ജോണ്‍ സതര്‍ലാന്‍ഡ് ആണ് ഗവേഷണ പ്രബന്ധത്തിന്റെ മറ്റൊരു പ്രധാന രചയിതാവ്.  

ഒരു നക്ഷത്രം തനിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ക്ക് ആവശ്യമായ അള്‍ട്രാ വയലറ്റ് പ്രകാശം നല്‍കുന്നുണ്ടെങ്കില്‍ അവിടെ ജീവന്‍ ഉത്ഭവിക്കാനുള്ള സാഹചര്യമുണ്ടാകും. അങ്ങനെയാണ് ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത്. ജീവന്‍ ഉത്ഭവിച്ച് വികസിക്കുന്നതിനാവശ്യമായ രാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത് ഇത്തരം മാതൃ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശോര്‍ജമാണ്. ഗവേഷകര്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഉപരിതല ജലം ഉണ്ടാകാന്‍ മാത്രമുള്ള സാഹചര്യമുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com