മനുഷ്യന്‍മാര്‍ക്ക് മാത്രമല്ല, ക്യാന്‍വാസില്‍ വര്‍ണ വിസ്മയം തീര്‍ക്കാന്‍ ആനകള്‍ക്കുമറിയാം

എത് പ്രായത്തിലും നമ്മെ ഭ്രമിപ്പിക്കുന്നതാണ് ആനകളും അവയുമായി ബന്ധപ്പെട്ട കഥകളും ജീവിതവും
മനുഷ്യന്‍മാര്‍ക്ക് മാത്രമല്ല, ക്യാന്‍വാസില്‍ വര്‍ണ വിസ്മയം തീര്‍ക്കാന്‍ ആനകള്‍ക്കുമറിയാം

ത് പ്രായത്തിലും നമ്മെ ഭ്രമിപ്പിക്കുന്നതാണ് ആനകളും അവയുമായി ബന്ധപ്പെട്ട കഥകളും ജീവിതവും. എത്ര കണ്ടാലും മതിവരാത്ത കരയിലെ ഏറ്റവും വലിയ ജീവി വര്‍ഗം. ഒരു പക്ഷേ മനുഷ്യരേക്കാള്‍ സ്വതന്ത്ര വിഹാരം ഇഷ്ടപ്പെടുന്ന ആനകള്‍ സൂക്ഷ്മ ബുദ്ധികളുമാണത്രെ. 

വാരിക്കുഴിയില്‍ വീഴുന്നതും ഇടയുന്നതും മനുഷ്യന്‍മാരെ കൊല്ലുന്നതും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും തുടങ്ങി പകയുടേയും ഭീതിയുടേയും മറ്റൊരു വശവും ആനകള്‍ക്കുണ്ടെന്നതും യാഥാര്‍ഥ്യം തന്നെ. എങ്കിലും നമ്മുടെ കൗതുകങ്ങളുടെ ചുറ്റുവട്ടത്ത് എല്ലാ കാലത്തും ആനകള്‍ മുഖ്യ ആകര്‍ഷണമായി നില്‍ക്കുന്നു.

ആനകളിലും കലാകാരന്‍മാരുണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ നെറ്റിചുളിച്ചേക്കാം. അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. 

മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുന്ന ഏഴ് ഏഷ്യന്‍ ആനകളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. സര്‍ക്കസിലും മറ്റും കാണും പോലെ ചുമ്മാ ക്യാന്‍വാസില്‍ നിറങ്ങള്‍ ബ്രഷ് ചെയ്യുകയല്ല. ഏഴ് ആനകളും പ്രൊഫഷണല്‍ ചിത്രകാരന്‍മാരാണ്. 

തായ്‌ലന്‍ഡിലെ ചിയാങ് മയ് എലിഫന്റ് ക്യാമ്പിലാണ് ആനകളിലെ പിക്കാസോയും ഡാവിഞ്ചിയും വാന്‍ഗോഗും എം.എഫ് ഹുസൈനുമെല്ലാം. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ബ്രഷുകള്‍ ഉപയോഗിച്ച് തുമ്പികൈയുടേയും കാലുകളുടേയും സഹായത്തോടെ സുന്ദരമായി അവ ചിത്രങ്ങള്‍ വരയ്ക്കുന്നു. തുമ്പിക്കൈയ്ക്കുള്ളില്‍ കളര്‍ നിറച്ച് സ്‌പ്രേ ചെയ്തും മനോഹരമായ ചിത്രങ്ങള്‍ ആനകള്‍ ക്യാന്‍വാസില്‍ സൃഷ്ടിക്കുന്നു. 

പൂക്കളും പ്രകൃതിയും വിവിധ നിറങ്ങള്‍ ചേര്‍ന്നുള്ള മനോഹരമായ വര്‍ണ വൈവിധ്യങ്ങളുമൊക്കെയാണ് ആനച്ചിത്രങ്ങളില്‍ നിറയുന്നത്. 

വെറുതെ ചിത്രങ്ങള്‍ വരച്ചു തള്ളുകയാണെന്ന് കരുതരുത്. വരയ്ക്കുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് വില്‍പ്പനയും നടക്കുന്നുണ്ട്. ഇങ്ങനെ ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന പണം ആന സങ്കേതത്തിന്റെ നടത്തിപ്പിനായി തന്നെ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല പണത്തിലെ ഒരു ഭാഗം തായ്‌ലന്‍ഡിലെ മറ്റ് വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിക്കുന്നുണ്ട്. 

ഏതാണ്ട് 120 സെന്റി മീറ്റര്‍ വീതിയുള്ള കൂറ്റന്‍ ക്യാന്‍വാസിലാണ് കലാകാരന്‍മാരായ ആനകളുടെ ചിത്രം വര. വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ക്ക് 205 പൗണ്ട് മുതല്‍ 1,300 പൗണ്ട് വരെയാണ് വില. പാപ്പാന്‍മാരുടെ സഹായത്തോടെയാണ് ഏഴ് ആനകളും തങ്ങളുടെ ചിത്രകലാ സപര്യ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com