തുറന്നിട്ട കാറിന് പകരം കാളവണ്ടി, റോഡിന് പകരം ചെളി നിറഞ്ഞ പാടം; ഈ കര്‍ഷകരുടെ കീകീ ചലഞ്ച് വ്യത്യസ്തമാണ്; വീഡിയോ കാണാം

തെലങ്കാനയിലെ നിന്നുള്ള അനില്‍ ഗീല, പിള്ളിതിരുപതി എന്നിവരാണ് തങ്ങളുടെ സ്വന്തം കീകീ ചലഞ്ചിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്
തുറന്നിട്ട കാറിന് പകരം കാളവണ്ടി, റോഡിന് പകരം ചെളി നിറഞ്ഞ പാടം; ഈ കര്‍ഷകരുടെ കീകീ ചലഞ്ച് വ്യത്യസ്തമാണ്; വീഡിയോ കാണാം

ഹൈദരാബാദ്; സോഷ്യല്‍ മീഡിയ ഇപ്പോള്‍ കീകീ ചലഞ്ചിന് പിന്നാലെയാണ്. കാറില്‍ നിന്ന് റോഡിലേക്ക് ചാടിയിറങ്ങി മൈ ഫീലിങ് എന്ന സംഗീതത്തിനൊപ്പം ചുവടുവെക്കുന്ന ഈ പുത്തന്‍ ചലഞ്ചിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കീകീ ചലഞ്ച് ചെയ്ത് നിരവധിപേര്‍ അപകടം സംഭവിച്ചതോടെ വിലക്കുമായി പൊലീസുകാരും രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് വ്യത്യസ്തമായ ഒരു കീകീ ചലഞ്ചാണ്. തുറന്നിട്ട കാറിന് പകരം കാളവണ്ടിയും റോഡിനു പകരം വയലും ആണെന്ന് മാത്രം. തെലങ്കാനയില്‍ നിന്നുള്ള കര്‍ഷകരാണ് വ്യത്യസ്തമായ കീകീ ചലഞ്ചിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കന്‍ കൊമേഡിയന്‍ ട്രെവോര്‍ നോഹ് തെലുങ്കാന കര്‍ഷകരുടെ വീഡിയോ റീട്വീറ്റ് ചെയ്തതോടെ ഇത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. തെലങ്കാനയിലെ ലംബാഡിപള്ളി ഗ്രാമത്തില്‍ നിന്നുള്ള അനില്‍ ഗീല, പിള്ളിതിരുപതി എന്നിവരാണ് തങ്ങളുടെ സ്വന്തം കീകീ ചലഞ്ചിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. കാളവണ്ടിയുമായി നിലം ഉഴാന്‍ വന്ന ഇവര്‍ പാട്ടിനൊപ്പം ചുവടുവെക്കുന്നതാണ് വീഡിയോയിലുള്ളത്. സംവിധായകനായ ശ്രീറാം ശ്രീകാന്താണ് മൈ വില്ലേജ് ഷോ എന്ന യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. 

 

A post shared by My Village Show (@myvillageshow) on

ശ്രീകാന്തിന്റെ തലയിലാണ് വയലിലെ കീകീ ചലഞ്ച് എന്ന ആശയം ഉദിച്ചത്. പൊലീസുകാരും ജനങ്ങളുമെല്ലാം കീകീ ചലഞ്ചിനെ വളരെ അപകടകരമായാണ് കണ്ടത്. എന്നാല്‍ ഇതിനെ അപകടമല്ലാതെ വളരെ രസകരമായി അവതരിപ്പിക്കാം എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ അവതരിപ്പിച്ചതെന്ന് 24 കാരനായ അനില്‍ പറഞ്ഞു. എന്തായാലും രണ്ട് കര്‍ഷകരേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. കീകീ ചലഞ്ചിന്റെ പേരില്‍ പുറത്തുവന്ന വീഡിയോകളില്‍ ഏറ്റവും മികച്ചതില്‍ മികച്ചതാണ് ഇത് എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com