കള്ള ബംഗാളി എന്ന് വിളിക്കാന്‍ വരട്ടെ; നന്മയുടെ കരുണയുടെ പാഠങ്ങള്‍ ഈ മധ്യപ്രദേശുകാരന്‍ കാണിച്ചുതരും

കരുണയുടെ പാഠങ്ങള്‍ പകര്‍ന്നു തരികയാണ് മധ്യപ്രദേശുകാരനായ വിഷ്ണു എന്ന ഇതര സംസ്ഥാന മനുഷ്യന്‍
കള്ള ബംഗാളി എന്ന് വിളിക്കാന്‍ വരട്ടെ; നന്മയുടെ കരുണയുടെ പാഠങ്ങള്‍ ഈ മധ്യപ്രദേശുകാരന്‍ കാണിച്ചുതരും

കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടില്‍ നിന്ന് പറഞ്ഞയക്കണമെന്ന വാദം ഇപ്പോള്‍ പലരും ഉന്നയിക്കുന്നുണ്ട്. പെരുമ്പാവൂരിലെ കൊലപാതകങ്ങളടക്കമുള്ളവ ഈ രോഷത്തിന് ആക്കം കൂട്ടുന്നു. എല്ലാ ഇതര സംസ്ഥാന തൊഴിലാളികളേയും ബംഗാളികള്‍ എന്ന  പേരിലാണ് മലയാളികള്‍ സംബോധന ചെയ്യാറുള്ളത്. അവര്‍ നമുക്ക് രണ്ടാം തരക്കാരും അപരിഷ്‌കൃതരും നിരക്ഷരരുമാണ്. 

നന്മയും സ്‌നേഹവും കരുണയുമൊന്നും ഇത്തരം ആളുകളില്‍ ഉണ്ടാകില്ലെന്നും അവരേക്കാള്‍ ഒരു പടി ഉയര്‍ന്നവരാണ് നമ്മളെന്നും മലയാളികള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. എന്നാല്‍ ആ ധാരണ ശരിയല്ലെന്ന് ഇവിടെ ഒരാള്‍ നിശബ്ദമായി തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ചു. കരുണയുടെ പാഠങ്ങള്‍ പകര്‍ന്നു തരികയാണ് മധ്യപ്രദേശുകാരനായ വിഷ്ണു എന്ന ഇതര സംസ്ഥാന മനുഷ്യന്‍. 

കേരളം ഇപ്പോള്‍ മഴയുടെ സംഹാര താണ്ഡവത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. കുന്നിടിച്ചും വയല്‍ നികത്തിയും പുഴ കൈയേറിയും നാം പണിതുയര്‍ത്തിയ സ്വപ്‌നങ്ങളെല്ലാം ഒരു പ്രളയത്തിലും പേമാരിയിലും തീരുമെന്ന് പ്രകൃതി പഠിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് നാം പരസ്പരം എല്ലാം മറന്ന് സഹായിക്കേണ്ടതെന്ന ലളിതമായ സമത്വ ചിന്ത തന്റെ പ്രവര്‍ത്തിയിലൂടെയാണ് വിഷ്ണു മലയാളികളെ പഠിപ്പിക്കുന്നത്. 
 
ഇരിട്ടിയിലെ താലൂക്ക് ഓഫീസില്‍ കമ്പിളിപുതപ്പ് വില്‍ക്കാനെത്തിയ വിഷ്ണു, നാടിന്റെ ദുരന്തം കണ്ടറിഞ്ഞ് വില്‍ക്കാന്‍ കൊണ്ടുവന്ന അന്‍പത് കമ്പിളിപുതപ്പുകളും മാങ്ങോട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി സൗജന്യമായി നല്‍കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ സുജിത് ചന്ദ്രനാണ് വിഷ്ണുവിന്റെ നന്മയെക്കുറിച്ച് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'നഖങ്ങളില്‍ സിമന്റ് കറയുള്ള ഈ ചെറുപ്പക്കാരന്‍ ഒരു ബസ് യാത്രക്കിടെ എന്റെയും നിങ്ങളുടെയും അരികില്‍ വന്നിരുന്നിട്ടുണ്ട്, നമ്മളവന്റെ സാന്നിദ്ധ്യത്തില്‍ അസ്വസ്ഥരായിട്ടുണ്ട്.

വിലകുറഞ്ഞ ടിഷര്‍ട്ടും ജീന്‍സുമിട്ട് എച്ചില്‍ ട്രോളിയും ഉന്തിവന്ന് ഇവന്‍ നമ്മുടെ ഹോട്ടല്‍മേശയുടെ പുറം തുടച്ചുതന്നിട്ടുണ്ട്, നമ്മളവനെ ഗൗനിച്ചിട്ടില്ല.

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കൂട്ടരോടൊപ്പമിരുന്ന് ഇവന്‍ മൊബൈല്‍ ഫോണില്‍ ഒറിയ പാട്ടുകള്‍ ഉച്ചത്തില്‍ വച്ചു കേള്‍ക്കുന്നത് കണ്ടിട്ടുണ്ട്, നമ്മളാ 'കള്ള ബംഗാളികളെ' കടന്നുപോയിട്ടുണ്ട്.

ട്രാഫിക് സിഗ്‌നലില്‍ വണ്ടിനിര്‍ത്തിയിടുമ്പോള്‍ ചില്ലുവാതിലില്‍ മുട്ടിവിളിച്ച് ഒരു കീ ചെയിനോ പ്ലാസ്റ്റിക് ദേശീയ പതാകയോ വാങ്ങുമോയെന്ന് ഇവന്‍ കെഞ്ചിയിട്ടുണ്ട്, നമ്മളവന്റെ മുഖത്ത് നോക്കിയിട്ടില്ല. ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി വില്‍ക്കാനെത്തിയതായിരുന്നു മദ്ധ്യപ്രദേശുകാരന്‍ വിഷ്ണു എന്ന 'ബംഗാളി'. അവിടത്തെ ജീവനക്കാര്‍ നാട്ടിലെ ദുരിതം അയാളോട് പറഞ്ഞു. വില്‍ക്കാന്‍ കൊണ്ടുവന്ന അമ്പത് കമ്പിളിപ്പുതപ്പുകളും അടുത്തുള്ള എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലുള്ളവര്‍ക്ക് നല്‍കിയിട്ട് നമ്മള്‍ മുഖത്തു നോക്കിയിട്ടില്ലാത്ത വിഷ്ണു മടങ്ങി.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തിരക്കിന് മീതെ തൊട്ടില്‍ കെട്ടി ഉറങ്ങുന്ന, വിശപ്പിന് വടാപാവ് മാത്രം തിന്നുന്ന, ഇടക്ക് പാന്‍ ചവച്ച് ജനാലയിലൂടെ തീവണ്ടി ജനാലയിലൂടെ നീട്ടിത്തുപ്പുന്ന 'വൃത്തിയില്ലാത്ത' പരദേശി കമ്പിളിക്കച്ചവടക്കാരെ യാത്രക്കിടെ കണ്ടിട്ടുണ്ട്. വന്നുപറ്റിയ നാടിന്റെ സങ്കടം കണ്ടാല്‍ അങ്ങനെ കെട്ടിച്ചുമന്ന് കൊണ്ടുവന്ന മുതലെല്ലാം സൗജന്യമായി കൊടുത്തിട്ടു പോകാനുള്ളത്രയും നന്‍മ ഏതായാലും എനിക്കില്ല. അതുകൊണ്ട് ഒരു ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയക്കുന്നു. അതെങ്കിലും ചെയ്തില്ലെങ്കില്‍ ഇനിയും വിഷ്ണുവിനെ കാണുമ്പോള്‍ ഞാന്‍ കുറ്റബോധം കൊണ്ട് വല്ലാതെ കുനിഞ്ഞുപോകും.

താല്‍പ്പര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ട് നമ്പറിലേക്ക് സംഭാവനകള്‍ നല്‍കാം.

Chief Minister’s Distress Relief Fund
A/c No : 67319948232
Bank : SBI City Branch, TVM
IFSC : SBIN0070028

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com