ശ്രദ്ധിക്കൂ... മോമോയെന്ന ഉടായിപ്പിനെ കണ്ടം വഴി ഓടിക്കാം; വഴികളുമായി സൈബര്‍ വാരിയേഴ്‌സ്‌

വന്ന് കഴിഞ്ഞാൽ തന്നെ സ്വീകരിക്കേണ്ട സുരക്ഷ എന്തൊക്കെയെന്നും സൈബർ വാരിയേഴ്സ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്
ശ്രദ്ധിക്കൂ... മോമോയെന്ന ഉടായിപ്പിനെ കണ്ടം വഴി ഓടിക്കാം; വഴികളുമായി സൈബര്‍ വാരിയേഴ്‌സ്‌

കുറച്ച് കാലം മുൻപ് ഭീഷണിയുമായി രം​ഗത്തെത്തിയ കൊലയാളി ​ഗെയിം ബ്ലൂ വെയിലിന് ശേഷം ആശങ്കയുമായി ഇപ്പോൾ നമ്മുടെ ഉറക്കംകെടുത്തുകയാണ് മോമോ ​ഗെയിം. വാട്സ്ആപ്പ് മെസേജിങ് ആപ്ലിക്കേഷൻ വഴി പ്രചരിക്കുന്ന മോമോ സ്വകാര്യ വിവരങ്ങൾ മുഴുവൻ ചോർത്തുമെന്നും ഇതുവഴി ഗെയിം കളിക്കുന്നയാളിന്റ ജീവനെടുക്കും എന്നുമാണ് ആശങ്ക. എന്നാൽ ഇക്കാര്യത്തിൽ ഭയക്കേണ്ടതില്ലെന്നും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോമോയിൽ നിന്നും രക്ഷ നേടാമെന്നും ഹാക്കിങ് കൂട്ടായ്‌മയായ കേരളാ സൈബർ വാരിയേഴ്സ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഒട്ടും ആശങ്കപ്പെടേണ്ട ആവശ്യം ഇക്കാര്യത്തിലില്ലെന്നും ഇനി അങ്ങനെയുള്ള എന്തെങ്കിലും വന്ന് കഴിഞ്ഞാൽ തന്നെ സ്വീകരിക്കേണ്ട സുരക്ഷ എന്തൊക്കെയെന്നും സൈബർ വാരിയേഴ്സ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മോമോയുടെ ഫോട്ടോയുള്ള വിദേശ നമ്പറിൽനിന്ന് ചില വാട്സ്ആപ്പ് സന്ദേശങ്ങൾ വരുന്നെന്നും, ഫോൺ ഹാക്ക് ആയോ എന്ന് പേടിച്ച് ചിലർ, ചില സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ഞങ്ങളുടെ അടുക്കൽ സമീപിക്കുകയുണ്ടായി . ഇതിനെ പറ്റി ഞങ്ങൾക്ക് പറയാനുള്ളത് പൊതുവേ അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്.

അർജൻറീനയിൽ ആത്മഹത്യ ചെയ്ത 12 വയസ്സുകാരിയുടെ ഫോണിൽ 'മോമോ' എന്ന കോൺടാക്‌ടിന്റെ മെസ്സേജുകൾ കണ്ടെടുക്കുകയുണ്ടായി. ഇതൊരു വൻ വാർത്തയായി പല വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് ഇങ്ങനെ ഒരു മോമോ ചലഞ്ച് ലോകമറിയുന്നത്.

വാട്സാപ്പിൽ മോമോ എന്ന് അവകാശപ്പെടുന്ന വിചിത്രമായ ഈ ഫോട്ടോ മിരോദി ഹിയാഷി എന്ന ഒരു കലാകാരി, ജപ്പാനീസ് സ്‌പെഷ്യൽ എഫക്‌ട്സ് എന്ന കമ്പനിക്ക് ഉണ്ടാക്കിയ ശില്പമാണ്. ഈ ശിൽപ്പത്തെ 'മദർ ബേഡ്' എന്ന പേര് നൽകി ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോയിലെ വാനിലാ ഗാലറി എന്ന് ആർട്ട് ഗാലറിയിൽ പ്രസിദ്ധീകരിച്ചു.

ഈ ശിൽപത്തിന്റെ പല വശത്തുനിന്നുള്ള ഫോട്ടോയാണ് ഇപ്പോൾ മോമോ എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഇങ്ങനെ ഒരു സംഭവം ഇന്ത്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പലർക്കും വിദേശ നമ്പറിൽ നിന്ന് വാട്സാപ്പിൽ മോമോയുടെ ഫോട്ടോ വെച്ച് മെസ്സേജുകൾ വരുവാൻ തുടങ്ങി. പറയുന്ന കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഫോൺ ഹാക്ക് ചെയ്യുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും, തുടർന്ന് മേളിൽ പറഞ്ഞ ശിൽപത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തിട്ട് ഫോൺ ഇപ്പോൾ ഹാക്ക് ചെയിതെന്നും, നിങ്ങളും, നിങ്ങളുടെ ഫോണും ഞങ്ങളുടെ കൺട്രോളിൽ ആണെന്ന് പറഞ്ഞ് പേടിപ്പിക്കുകയും, വാട്സആപ്പ് ചാറ്റുകൾ എടുത്താനും, ഫോട്ടോസ് ലീക്ക് ചെയ്യുമെന്നും, പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് പറഞ്ഞു ചിലർ ചില സ്ക്രീൻഷോട്ട് മായി ഞങ്ങളെ സമീപിച്ചു.

ഇത് നിങ്ങളെ പറ്റിക്കുവാൻ വേണ്ടി ആരോ ചെയ്യുന്ന പരിപാടിയാണ്. വോയിപ്പ് ഉപയോഗിച്ച്, വിദേശ നമ്പറിൽ ഇത്തരം പരിപാടികൾ ആർക്കുവേണമെങ്കിലും ചെയാം. രണ്ടാമത്തെ കാര്യം അവർ അയച്ച് തരുന്ന ഫോട്ടോ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടില്ല.
അഥവാ, എന്തെങ്കിലും ഒരു കോഡ് മോമോയുടെ ഫോട്ടോയിൽ ബൈൻഡ ചെയ്തയച്ചാലും, ബൈൻഡഡ് ഇമേജ് ഫയൽ ആൻഡ്രോയിഡ് ഡിവൈസിൽ പ്രവർത്തിക്കില്ല. അതുകൊണ്ട്, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന ആശങ്ക ഒഴിവാക്കാം.

മോമോ ഒരു ഗെയിം അപ്ലിക്കേഷൻ ആണെന്ന് തെറ്റിദ്ധരിച്ച് പലരും മോമോ എന്ന പേരിലുള്ള എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇതിനു മുമ്പ് പ്രചരിച്ച ബ്ലൂ വെയിൽ ഗെയിമിനും പല എ.പി.കെ ഇൻസ്‌റ്റലേഷൻ ഫയൽ വാട്സാപ്പിൽ പ്രചരിപ്പിച്ചു.

ഇത്തരം എ.പി.കെ ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാൻ പറ്റുകയുള്ളൂ. ഇത്തരം എ.പി.കെ ഫയലിൽ റാറ്റ് വൈറസ് (Remote Administration Tool) ബൈൻഡ് ചെയ്ത് ആയിരിക്കാം... അത് ഇൻസ്‌റ്റാൾ ചെയ്ത് ഫോണിൽ പെർമിഷൻ കൊടുത്താൽ, ഫോൺ ഹാക്കറിനു കൺട്രോൾ ചെയാം. ബ്ലൂ വെയിൽ ചലഞ്ച് വന്ന സമയത്ത്, blue whale എന്ന എ.പി.കെ ഫയൽ പ്രചരിച്ചിട്ടുണ്ടായിരുന്നു. അതുപോലെ ഉടൻ, മോമോ എന്ന പേരിൽ എ.പി.കെ ഫയൽ വരുവാൻ സാധ്യത ഉണ്ട്. അതുകൊണ്ട്, ഇത്തരം എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

പിന്നെ, മോമോ ബ്ലൂ വെയിൽ എന്ന കൊലയാളി ഗെയിം ഉള്ളതുകൊണ്ടല്ലേ ചിലർ ആത്മഹത്യ ചെയ്തത് എന്ന് ചോദിച്ചാൽ. ആയിരിക്കും.. പക്ഷെ ഹാക്ക് ചെയ്തിട്ട് ആവില്ല... പകരം, ഇരയുടെ ചിന്തകളെ മാനിപ്പുലേറ്റ് ചെയ്‌തും, ഹാക്ക് ചെയ്‌തു എന്ന് പറഞ്ഞു പേടിപ്പിച്ചു, മാനസികപരമായി അവരെ ചാറ്റ് ചെയ്ത് വശത്താക്കിയും ആവണം ആത്മഹത്യ ചെയ്യിപ്പിച്ചത്.

ഇത്തരം നമ്പറിൽ നിന്ന് മെസ്സേജ് വന്നെന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. ഫോട്ടോ അയച്ചിട്ട്, ഹാക്ക് ചെയ്തു എന്ന് പറഞ്ഞാൽ പേടിക്കേണ്ടതില്ല.

ഇതിന്റെ പേരിൽ പ്രചരിക്കുന്ന എ.പി.കെ ഫയൽ ഇൻസ്‌റ്റാൾ ചെയ്യാതിരിക്കുക.
മോമോഎന്ന ഉഡായിപ്പിനെ കണ്ടം വഴി ഓടിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com