തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ശാസ്ത്രജ്ഞയായ വനിതയുടെ അതിജീവന കഥ 

തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ശാസ്ത്രജ്ഞയായ വനിതയുടെ അതിജീവന കഥ 
തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് ശാസ്ത്രജ്ഞയായ വനിതയുടെ അതിജീവന കഥ 

പ്രതിസന്ധികള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ നമ്മില്‍ പലരും പകച്ചുനിന്നു പോകാറുണ്ട്. ഇച്ഛാശക്തി കൊണ്ട് അത്തരം പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്ത് മുന്നേറുന്നവര്‍ ജീവിതത്തെ അതിന്റെ എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊള്ളുന്നു. 

അഭയാര്‍ഥികളായി മുംബൈയിലെത്തി ജീവിതത്തിന്റെ ഇല്ലായ്മകളോട് പടവെട്ടി സ്വന്തം പാത തുറന്നെടുത്ത ഒരു വനിതാ ശാസ്ത്രജ്ഞയുണ്ട്. അത്തരമൊരു അവസ്ഥ നേരിട്ടതിന്റെ ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് അവര്‍. ഡോ. രേഖയാണ് ആ ശാസ്ത്ര്ജ്ഞ. മുംബൈയിലെ ഒറ്റമുറി വീട്ടില്‍ നിന്ന് കാന്‍സര്‍ റിസര്‍ച്ചില്‍ ശാസ്ത്രജ്ഞ എന്ന പദവിയിലേക്കുയര്‍ന്നതിനു പിന്നില്‍ ഒരുപാട് യാതനകളുണ്ടെന്ന് രേഖ പറയുന്നു. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് അവരുടെ ജീവിതം വലിയ പാഠമാണ്. 

ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് രേഖ പ്രചോദനാത്മകമായ ജീവിതം പങ്കുവച്ചത്. അമ്മയും അച്ഛനുമാണ് തന്റെ ജീവിതം ഇത്തരത്തിലായി തീര്‍ന്നതിന് പിന്നിലെന്ന് രേഖ പറയുന്നു. വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും അമ്മയ്ക്ക് താന്‍ പഠിച്ചു വലിയ നിലയില്‍ എത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. 

ഒറ്റമുറി വീട്ടിലായിരുന്നു താമസം. ടോയ്‌ലറ്റ് പുറത്തുള്ള, ഫാനില്ലാത്ത, ഒരു കുഞ്ഞന്‍ മുറിയായിരുന്നു തങ്ങളുടേത്. ഏഴ് ആളുകളുള്ള വീട്ടില്‍ ഒരൊറ്റ ബെഡ് മാത്രമാണുണ്ടായിരുന്നത്. അവിടെയിരുന്നു പഠിക്കുമ്പോള്‍ മറ്റുള്ളവരുടെ ഉറക്കം കളയാതിരിക്കാനായി പലപ്പോഴും തെരുവ് വെളിച്ചത്തില്‍ ഇരുന്നാണ് പഠിച്ചതെന്നും രേഖ വ്യക്തമാക്കി.

ഡോ. രേഖയുടെ കുറിപ്പില്‍ നിന്ന്

രണ്ട് മൂല്യങ്ങളാണ് എന്റെ അമ്മ പഠിപ്പിച്ചത്. ആദ്യത്തേത് കുടുംബമാണ് എന്നും രണ്ടാമത്തേത് ലോകത്തിന് എന്തെങ്കിലും നന്മ ചെയ്താല്‍ അതു മറ്റേതെങ്കിലും വഴി നമ്മിലേക്കു തിരികെയെത്തുക തന്നെ ചെയ്യും എന്നുമാണ്. ബോംബെയിലേക്ക് അഭയാര്‍ഥികളായി എത്തിയവരായിരുന്നു എന്റെ മാതാപിതാക്കള്‍. റെയില്‍വേ കോളനിയില്‍ ഒറ്റമുറി വീട്ടിലാണ് അവര്‍ കഴിഞ്ഞിരുന്നത്. അമ്മയ്ക്കു വിദ്യാഭ്യാസം ഇല്ലായിരുന്നു. പക്ഷേ മക്കള്‍ക്ക് ഏറ്റവും മികച്ചതു തന്നെ കിട്ടാനായി കഴിയുന്നതെല്ലാം ചെയ്തു. അഞ്ച് മക്കളില്‍ എന്നെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിപ്പിച്ചത്.

എനിക്ക് പഠിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. ഞാന്‍ ഡോക്ടര്‍ ആകുമെന്നാണ് അമ്മ എപ്പോഴും പറഞ്ഞിരുന്നത്. പത്താം ക്ലാസില്‍ 63 ശതമാനം മാര്‍ക്കോടെ ഞാന്‍ പാസായി. എന്റെ കുടുംബത്തില്‍ നിന്ന് കോളജില്‍ പോയ ആദ്യത്തെ പെണ്‍കുട്ടിയും ഞാനായിരുന്നു. അച്ഛനും അമ്മയും ഒരുമിച്ചാണ് കോളജിലെ ആദ്യത്തെ ദിവസം എന്നെ കൊണ്ടുവിട്ടത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പര്‍പ്പിള്‍ ഫ്രോക്ക് ആണ് ധരിച്ചിരുന്നത്. പക്ഷേ ഞാന്‍ ആ ഫ്രോക്ക് ഇടുന്നതിനോട് അച്ഛന് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അമ്മയ്ക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു. അവള്‍ കോളജിലാണ് അവള്‍ എന്തു ധരിക്കന്‍ ആഗ്രഹിക്കുന്നുവോ അതു ധരിക്കാം എന്ന നിലപാട് അന്നേ അമ്മ എടുത്തിരുന്നു.

ടോയ്‌ലറ്റ് പുറത്തുള്ള, ഫാനില്ലാത്ത, ഒരു കുഞ്ഞന്‍ മുറിയായിരുന്നു ഞങ്ങളുടേത്. ഏഴ് ആളുകളുള്ള വീട്ടില്‍ ഒരൊറ്റ ബെഡ് മാത്രമാണുണ്ടായിരുന്നത്. ആരുടെയും ഉറക്കം കളയാതിരിക്കാന്‍ രാത്രികളില്‍ തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് ഞാന്‍ പഠിച്ചത്. ഉറങ്ങാതിരിക്കാനായി അമ്മ തണുത്ത വെള്ളം കുപ്പിയിലാക്കിത്തരും. മികച്ച ഫലത്തോടെ ഞാന്‍ പാസായി അഡ്വാന്‍സ്ഡ് കെമിസ്ട്രി പഠിക്കാന്‍ ചേര്‍ന്നു.

പതിയെ ഞങ്ങള്‍ ചെറിയ വീട്ടില്‍ നിന്ന് മാറി. അച്ഛന്റെ മരണത്തോടെ അമ്മ എനിക്കൊപ്പമായി. ഇന്ന് കാന്‍സര്‍ റിസര്‍ച്ചില്‍ ശാസ്ത്രജ്ഞയാണ് ഞാന്‍. ഈ വര്‍ഷമാദ്യം ഞാന്‍ ഡോക്ടറേറ്റും സ്വന്തമാക്കി. ഇതുവരെ ഒരു പരിപാടികളിലും പങ്കെടുക്കാത്ത അമ്മ ഇത്തവണ പക്ഷേ എനിക്ക് അവാര്‍ഡ് കിട്ടുന്നത് കാണാന്‍ വന്നു. തലയില്‍ പൂക്കള്‍ ചൂടി, ചുണ്ടില്‍ ലിപ്സ്റ്റിക്കിട്ടാണ് അവര്‍ എനിക്കൊപ്പം എത്തിയത്. 

ഞാന്‍ അവാര്‍ഡ് വാങ്ങുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇരുവരും ചേര്‍ന്നാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നതുപോലെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com