പ്രളയവും കടന്ന് വീടുകളിലേയ്ക്ക് തിരികെയെത്തുമ്പോള്‍ ഓര്‍ത്തുവയ്ക്കാന്‍

പ്രളയവും കടന്ന് വീടുകളിലേയ്ക്ക് തിരികെയെത്തുമ്പോള്‍ ഓര്‍ത്തുവയ്ക്കാന്‍
പ്രളയവും കടന്ന് വീടുകളിലേയ്ക്ക് തിരികെയെത്തുമ്പോള്‍ ഓര്‍ത്തുവയ്ക്കാന്‍

പ്രളയകാലം കഴിഞ്ഞ് നമ്മള്‍ വീടുകളിലേക്ക് തിരികെയെത്തുമ്പോള്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തറനിരപ്പില്‍നിന്നും പൂര്‍ണമായും വെള്ളം വലിഞ്ഞതിനുശേഷം മാത്രമേ വീടുകളിലേയ്ക്ക് പ്രവേശിക്കാവൂ. വീടിനകം സുരക്ഷിതവും ഉണങ്ങിയതുമാണെന്ന് ഉറപ്പുവരുത്തുക.  
നനഞ്ഞു കുതിര്‍ന്ന ഫര്‍ണിച്ചറുകള്‍ പുറമെ തുടച്ചെടുത്ത ശേഷം വെയിലില്‍ ഉണക്കാനിടുക. അവ തുറക്കാന്‍ തിരക്കുകൂട്ടരുത്. മഴയില്‍ പുഴുക്കള്‍, കീടങ്ങള്‍, പാമ്പുകള്‍ തുടങ്ങിയവയൊക്കെ അതില്‍ കടന്നു കൂടിയിട്ടുണ്ടാവാം.നന്നായി ഉണക്കിയ ശേഷം നനവില്ലാത്തതും നന്നായി വായു സഞ്ചാരമുള്ളതും പ്രകാശമുള്ളതുമായ സ്ഥലത്തുവച്ചുമാത്രം തുറക്കാന്‍ ശ്രമിക്കുക. പ്രളയജലത്തില്‍ മുങ്ങിക്കിടന്ന കബോര്‍ഡുകളും മറ്റ് സൂക്ഷിപ്പു സ്ഥലങ്ങളും തുറന്നുനോക്കാന്‍ കൊച്ചുകുട്ടികളെ അനുവദിക്കരുത്. ഷൂ പോലെയുള്ള സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഈ ശ്രദ്ധ വേണം. ഇവയ്ക്കുള്ളില്‍ കീടങ്ങളോ ഇഴജന്തുക്കളോ കയറിപ്പറ്റിയിട്ടുണ്ടാവാം. 
വെള്ളത്തില്‍ മുങ്ങിക്കിടന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഓണ്‍ ചെയ്യരുത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനോ തീപിടിക്കുന്നതിനോ ഷോക്കടിക്കുന്നതിനോ ഇത് കാരണമാകാം. ഇലക്ട്രീഷനോ സര്‍വീസ് കേന്ദ്രത്തിലെ യോഗ്യരായ ജീവനക്കാരോ മാത്രം ഇത്തരം ഉപകരണങ്ങള്‍ ഓണ്‍ ചെയ്യാന്‍ അനുവദിക്കുക. 
വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യം ഉറപ്പുവരുത്തുക. നേരത്തെ സുരക്ഷിതമായി ഉപയോഗിച്ചിരുന്ന കുളത്തില്‍നിന്നോ കിണറ്റില്‍നിന്നോ ഉള്ള വെള്ളം നേരിട്ട് കുടിക്കുന്നതിനോ പാചകത്തിനോ ഉപയോഗിക്കരുത്. ഇത്തരം വെള്ളം ഉപയോഗിക്കുന്നതിന് മുമ്പ് ഒട്ടേറെ മടക്കുകളുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കുകയോ രണ്ട് മിനിട്ട് നേരമെങ്കിലും തുടര്‍ച്ചയായി തിളപ്പിക്കുകയോ വേണം. 
പ്രാദേശികമായി വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ടാബ്‌ലറ്റുകളോ ലായനികളോ ലഭ്യമാണെങ്കില്‍ അവ ഉപയോഗിക്കുക. ഇപ്പോള്‍ സുരക്ഷിതമായിട്ടുള്ളത് കുപ്പിവെള്ളമോ വാട്ടര്‍ പ്യൂരിഫയര്‍ സൗകര്യമോ ആണ്. 
മലവെള്ളത്തില്‍ മുങ്ങിക്കിടന്ന ധാന്യങ്ങളും മറ്റും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം ധാന്യങ്ങള്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ നന്നായി കഴുകിയെടുത്ത് പാചകം ചെയ്യുക. മറ്റ് സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ. 
കുഷനുകളുള്ള സോഫ, കട്ടിലുകള്‍ എന്നിവ പൂര്‍ണമായും ഉണങ്ങിയതിനുശേഷം മാത്രം ഉപയോഗിക്കുക. ഉണങ്ങിയ സ്ഥലത്തുമാത്രമേ ഉറങ്ങാവൂ. നനഞ്ഞ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം രോഗാണുക്കളും കുമിളുകളും വളരാന്‍ കാരണമാകും. ത്വക്ക്, മൂക്ക്, നെഞ്ച് എന്നിവിടങ്ങളില്‍ അണുബാധയുണ്ടാകുന്നതിനും ഇത് കാരണമായേക്കാം. 
ഭിത്തി, തറ എന്നിവ ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകുകയോ തുടയ്ക്കുകയോ ചെയ്യുക. ബ്ലീച്ചിംഗ് പൗഡര്‍ നല്ല അണുനാശിനിയാണ്. 
അടുക്കളയില്‍നിന്നുള്ള അഴുക്കുവെള്ളം, കുളിമുറിയില്‍നിന്നുള്ള വെള്ളം, സ്വൂവേജ് വെള്ളം എന്നിവ സമീപപ്രദേശത്തെ പ്രളയജലവുമായി കലരാന്‍ ഇടയാക്കരുത്. പ്രദേശത്തെ ആകെ ജലസ്രോതസുകള്‍ മലിനമാക്കാന്‍ ഇത് ഇടയാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഇക്കാര്യം ഏറെ വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും ആളുകള്‍  ശ്രദ്ധിക്കാറേയില്ല. ഇപ്രാവശ്യമെങ്കിലും അയല്‍പക്കക്കാരെ ബോധവത്കരിക്കുക. അവരുടെ പരിസരങ്ങള്‍ ശുചീകരിക്കാന്‍ മടിക്കുകയാണെങ്കില്‍ അധികൃതരെ വിവരമറിയിക്കുക. വീടുകളിലെ മലിനജലം സുരക്ഷിതമായ രീതിയില്‍ പുറംതള്ളാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക. 
പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവരും പ്രായമായവരും മലിനജലവുമായി സമ്പര്‍ക്കത്തിലാവാതെ നോക്കണം. കാലുകളില്‍ അണുബാധയുണ്ടാകുന്നതിനും കുമിള്‍രോഗങ്ങള്‍ ബാധിക്കുന്നതിനും എലിപ്പനി പോലെയുള്ള രോഗങ്ങള്‍ പടരുന്നതിനും ഇത് ഇടയാക്കാം. 
വീടിന് പുറത്തും അകത്തും പ്രായമായവരും കുട്ടികളും തെന്നലുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാതെ വീഴാനും മുറിവും ഒടിവുമേല്‍ക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം സൂക്ഷിക്കുക. 
വയറ്റിളക്കം, ഛര്‍ദ്ദി, നെഞ്ചിലെ അണുബാധ എന്നീ രോഗങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ വര്‍ദ്ധിക്കാം. വയറ്റിളക്കമുണ്ടെങ്കില്‍ ഒആര്‍എസ് ലായനി എത്രയും പെട്ടെന്ന് കഴിക്കണം. ആരോഗ്യം സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സ്വന്തമായി മരുന്ന് കഴിക്കാന്‍ ശ്രമിക്കരുത്. അടുത്തുള്ള ക്യാംപിലെയോ ആരോഗ്യകേന്ദ്രത്തിലെയോ ഡോക്ടറെ സമീപിക്കുക. പനി, ശരീരവേദന, വയറ്റിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിലെ അണുബാധ, കടുത്ത ക്ഷീണം എന്നിവയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ഡോക്ടറെ കാണുക. 
റെസ്‌ക്യൂ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് അധികൃതര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുമായി സഹകരിക്കുക. അവരുമായി ചികിത്സയുടെ കാര്യത്തിലോ മരുന്നുകളുടെ കാര്യത്തിലോ തര്‍ക്കിക്കരുത്. തുറന്ന് സംസാരിക്കുക.
നിപ്പാ വൈറസ് ബാധയുടെ കാലത്തേതുപോലെ പലരും ആളുകളെ തെറ്റിദ്ധരിപ്പിക്കുകന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. സാമൂഹികമാധ്യമങ്ങളില്‍ രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും വ്യാജസന്ദേശങ്ങള്‍ പ്രതീക്ഷിക്കാം. ഇതെല്ലാം കണ്ണുംപൂട്ടി വിശ്വസിക്കുകയോ പിന്തുടരുകയോ കൈമാറുകയോ ചെയ്യരുത്. ഉദാഹരണത്തിന് ഡെങ്കി പനിക്ക് പപ്പായ ഇലയോ കിവി പഴമോ മരുന്നാണെന്ന് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. നിങ്ങളുടെ പണവും സമയവും ഇത്തരം പാഴ്‌സന്ദേശങ്ങളുടെ പേരില്‍ കളഞ്ഞുകുളിക്കരുത്.
ഈ ദിവസങ്ങളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടുത്ത ദേഷ്യത്തിലോ വിഷാദത്തിലോ പെരുമാറിയെന്നു വരാം. നഷ്ടം വന്നത് സഹിക്കാനാവാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നത്. ഓരോരുത്തരേയും മനസിലാക്കി ക്ഷമയോടെ അവര്‍ക്ക് പിന്തുണ നല്കും വിധം പെരുമാറുക. എന്തായാലും ഏറ്റവും മോശമായത് കടന്നുകിട്ടിയിരിക്കുന്നു, ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക. ഇനി ക്ഷമയോടെ ജീവിതം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. നമ്മള്‍ ഇതിനെയെല്ലാം മറികടക്കുമെന്ന ആത്മവിശ്വാസം കാത്തുസൂക്ഷിക്കുക.

(ഡോ. ബിജയ്‌രാജ്, കണ്‍സള്‍ട്ടന്റ്, ഫാമിലി മെഡിസിന്‍, ആസ്റ്റര്‍ മിംസ്, കോഴിക്കോട്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com