ഒടിഞ്ഞ സ്പൂണും പൊട്ടിയ കത്രികയും; വ്യത്യസ്തനായ ഒരു കലാകാരന്റെ കഥ കെനിയയില്‍ നിന്ന് 

ഉപയോഗശൂന്യമായ സ്പൂണുകളും കത്രികകളും കത്തിയുമൊക്കെ ആയുധമാക്കി അനാവശ്യമെന്ന് കരുതി ഉപേക്ഷിച്ചുതള്ളുന്നവയ്ക്ക് ഒരു പുതിയ രൂപം നല്‍കുകയാണ് ഇവാന്‍സ്
ഒടിഞ്ഞ സ്പൂണും പൊട്ടിയ കത്രികയും; വ്യത്യസ്തനായ ഒരു കലാകാരന്റെ കഥ കെനിയയില്‍ നിന്ന് 

കെനിയന്‍ സ്വദേശി ഇവാന്‍സിന് വീടും ജോലിസ്ഥലവുമെല്ലാം ഒരിടമാണ്, ഒരു ഒറ്റമുറി. അതിനുള്ളില്‍ ഉപയോഗശൂന്യമായ സ്പൂണുകളും കത്രികകളും കത്തിയുമൊക്കെ ആയുധമാക്കി അനാവശ്യമെന്ന് കരുതി ഉപേക്ഷിച്ചുതള്ളുന്നവയ്ക്ക് ഒരു പുതിയ രൂപം നല്‍കുകയാണ് ഇയാള്‍. പെയിന്റിങ്ങും ഗ്രാഫിക് ഡിസൈനിങ്ങുമെല്ലാം ഉപേക്ഷിച്ചാണ് ഇവാന്‍സ് ജങ്ക് ആര്‍ട്ടിസ്റ്റായി മാറിയത്. 

ആഭരണങ്ങള്‍ മുതല്‍ അലങ്കാരവസ്തുക്കള്‍ വരെ ഇവാന്‍സ് നിര്‍മിക്കുന്നത് ആവശ്യമില്ലെന്നു പറഞ്ഞു എല്ലാവരും ഒഴിവാക്കാന്‍ നോക്കുന്ന വസ്തുക്കളില്‍ നിന്നാണ്. നടന്നുപോകുമ്പോള്‍ കാലില്‍ തട്ടുന്ന ചെറിയ സാധനങ്ങള്‍പോലും സൂക്ഷിച്ചുവയ്ക്കുമെന്നും പലപ്പോഴും ഇവയില്‍ നിന്നൊക്കെയാണ് ഏറ്റവും പ്രിയപ്പെട്ട സൃഷ്ടികള്‍ താന്‍ നിര്‍മിക്കാറെന്നും ഇവാന്‍സ് പറയുന്നു. സുഹൃത്തുക്കളും തന്റെ പക്കല്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുമെല്ലാം അവരുടെ വീടുകളിലും മറ്റും ഉപയോഗമില്ലാതെ മാറ്റിയിടുന്നവ ഇവാന്‍സിന് എത്തിച്ചു നല്‍കാറുണ്ട്. 

തന്റെ കൈയ്യിലെത്തുന്ന ഏതൊരു വസ്തുവിനും പുതിയ രൂപം നല്‍കി ഏറ്റവും മനോഹരമാക്കാനാണ് എപ്പോഴും ശ്രമിക്കാറെന്നാണ് ഈ 29കാരന്റെ വാക്കുകള്‍. വഴിയിലും മറ്റും കിടക്കുന്ന വസ്തുക്കള്‍ കുട്ടികള്‍ കൗതുകത്തോടെ കയ്യിലെടുക്കുന്നതുപോലെയാണ് ഇയാള്‍ ഓരോ സാധനവും ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ചവ ഉപയോഗിച്ച് മയിലിന്റെ ശില്‍പമടക്കമുള്ളവ നിര്‍മിച്ചെടുക്കുകയാണ് ഇവാന്‍സ്. 350മുതല്‍ 1500രൂപവരെ വിലയിട്ടാണ് ഇവാന്‍സ് ഇവ വില്‍ക്കുന്നത്. വലിയ ശില്‍പങ്ങള്‍ പോലുള്ളവയ്ക്ക് കൂടുതല്‍ വിലയിടാറുണ്ടെന്നും ഇവാന്‍സ് പറയുന്നു. 

മനുഷ്യര്‍ക്ക് മാത്രമല്ല ജീവിതത്തില്‍ ഒരു സെക്കന്‍ഡ് ചാന്‍സ് വേണ്ടതെന്നാണ് ഇവാന്‍സിന്റെ പക്ഷം. അതുകൊണ്ടുതന്നെ വലിച്ചെറിയുന്നതിനുമുന്‍പ് കൈയ്യിലിരിക്കുന്ന സാധനം ഏതെങ്കിലും ആവശ്യത്തിന് ഉപകരിക്കുമോ എന്ന് ചിന്തിച്ചുനോക്കണമെന്നും ഇവാന്‍സ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com