കൂട്ടുകാരിക്ക് വൃക്ക നല്‍കാന്‍ സന്നദ്ധയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞു: ഒടുവില്‍ കോടതിയിലേക്ക് 

സിഖ് മതത്തില്‍പ്പെട്ട 23കാരിയായ മണ്‍ജോത് സിങ് കോഹ്‌ലിയാണ് 22കാരിയായ സുഹൃത്ത് സമ്രീന്‍ അക്തറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത്. 
കൂട്ടുകാരിക്ക് വൃക്ക നല്‍കാന്‍ സന്നദ്ധയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞു: ഒടുവില്‍ കോടതിയിലേക്ക് 

ശ്രീനഗര്‍: കൂട്ടുകാരിക്ക് സ്വന്തം വൃക്ക ദാനം ചെയ്യാനൊരുങ്ങിയ പെണ്‍കുട്ടിയെ തടഞ്ഞ് വീട്ടുകാര്‍. ഒടുവില്‍ പെണ്‍കുട്ടി കോടതി കയറേണ്ടി വന്നിരിക്കുകയാണ്. കശ്മീരിലാണ് സംഭവം. സിഖ് മതത്തില്‍പ്പെട്ട 23കാരിയായ മണ്‍ജോത് സിങ് കോഹ്‌ലിയാണ് 22കാരിയായ സുഹൃത്ത് സമ്രീന്‍ അക്തറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത്. 

എന്നാല്‍ മണ്‍ജോതിന്റെ കുടുംബം തുടക്കത്തിലേ ഇതിനെ എതിര്‍ത്തു. കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കശ്മീരിലെ ആശുപത്രി അധികൃതരും ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. അവസാനം നിയമനടപടികളുമായി മുന്നോട്ട് പോകാനായിരുന്നു ഈ പെണ്‍കുട്ടിയുടെ തീരുമാനം. ഡോക്ടര്‍മാര്‍ അനാവശ്യമായ തടസങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും മണ്‍ജോത് പറഞ്ഞു. 

'കഴിഞ്ഞ നാല് വര്‍ഷമായി ഞാനും സമ്രീനും സുഹൃത്തുക്കളാണ്. വൈകാരികമായി ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. മനുഷ്യത്വത്തിലുളള വിശ്വാസമാണ് എന്നെ വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. കുറച്ച് വര്‍ഷങ്ങളായി കശ്മീരിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഞാനും സമ്രീനും പ്രവര്‍ത്തിക്കുന്നുണ്ട്. അവളുടെ വൃക്ക തകരാറിലാണെന്ന കാര്യം ഇന്നുവരെ സമ്രീന്‍ എന്നോട് പറഞ്ഞിട്ടില്ല. 

വേറെയൊരു കൂട്ടുകാരി വഴിയാണ് അവളുടെ അസുഖത്തെക്കുറിച്ച് അറിയുന്നത് തന്നെ. എന്റെ കഷ്ടത നിറഞ്ഞ സമയങ്ങളില്‍ അവളായിരുന്നു എനിക്ക് പിന്തുണ നല്‍കിയും സ്‌നേഹം നല്‍കിയും കൂടെ നിന്നത്. അതുകൊണ്ടാണ് അവള്‍ക്കൊരു ആവശ്യം വന്നപ്പോള്‍ എന്റെ വൃക്ക ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്,'- മണ്‍ജോത് വ്യക്തമാക്കുന്നു. 

മണ്‍ജോത്
മണ്‍ജോത്

അതേസമയം തന്റെ കൂട്ടുകാരിയായ മണ്‍ജോതിന്റെ തീരുമാനം തന്റെ ജീവിതം മാറ്റാന്‍ പോന്നതാണെന്നും താന്‍ കടപ്പെട്ടിരിക്കുന്നെന്നും സമ്രീന്‍ പറഞ്ഞു. 'അവള്‍ അത്രയും വലിയ മനസുളള പെണ്‍കുട്ടിയാണ്. ആദ്യം എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്നാല്‍ വൃക്ക ദാനം ചെയ്യാനായി കമ്മിറ്റിയുടെ മുന്‍പാകെ അവള്‍ എന്നെ എത്തിച്ച് സ്വയം സന്നദ്ധത അറിയിച്ചു,'- സമ്രീന്‍ പറഞ്ഞു.

വൃക്ക ദാനം ചെയ്യാനുളള ശസ്ത്രക്രിയയ്ക്കായി കമ്മിറ്റി അംഗീകാരം നല്‍കിയിട്ടും ഷരീഹ് കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സ്‌കിംസ്) ആശുപത്രി അധികൃതരും ഡോക്ടര്‍മാരും തടസങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മണ്‍ജോത് പറയുന്നു. അതേസമയം, കമ്മിറ്റി ഇതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും ഡോക്ടര്‍ ഒമര്‍ ഷാ പറഞ്ഞു.

എന്നാല്‍ വൃക്കദാതാവ് മറ്റൊരു മതത്തിലുളള ആളായത് കൊണ്ടാവാം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താത്തതെന്നാണ് കരുതുന്നതെന്ന് എന്നാണ് മണ്‍ജോത് പറയുന്നത്. തന്റെ കുടുംബം എതിര്‍ത്തത് കൊണ്ടുമാവാം ആശുപത്രി അധികൃതര്‍ അലംഭാവം കാട്ടുന്നതെന്നും മണ്‍ജോത് ആരോപിച്ചു. കുടുംബത്തിന്റെ സമ്മതം ഇല്ലെന്ന് കാണിച്ച് മണ്‍ജോതിന്റെ കുടുംബം ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പക്ഷേ തനിക്ക് പ്രായപൂര്‍ത്തി ആയെന്നും നിയമപരമായി വൃക്ക ദാനം ചെയാന്‍ കഴിയുമെന്നും മണ്‍ജോത് പറഞ്ഞു. 'എനിക്ക് പ്രായപൂര്‍ത്തി ആയത് കൊണ്ട് തന്നെ സ്വന്തമായി തീരുമാനം എടുക്കാം. നിയമപരമായി വൃക്ക ദാനം ചെയ്യാന്‍ എനിക്ക് കഴിയും. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സമ്മതം വേണ്ട,'- മണ്‍ജോത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com