രുചി വിസ്മയം തീര്‍ക്കാന്‍ മസ്താനമ്മ ഇനിയില്ല, യൂട്യൂബിന്റെ സ്വന്തം രുചിമുത്തശ്ശി വിടവാങ്ങി
By സമകാലികമലയാളം ഡെസ്‌ക് | Published: 04th December 2018 08:20 PM |
Last Updated: 04th December 2018 08:20 PM | A+A A- |

ആഹാരപ്രിയരും യുട്യൂബ് പാചക വീഡിയോകള്‍ കാണുന്നവരുമാണെങ്കില്‍ മസ്താനമ്മയെ അറിയാതിരിക്കാന്‍ വഴിയില്ല. വ്യത്യസ്തമായ ആഹാരങ്ങള്‍ തനത് ശൈലിയില്‍ ഉണ്ടാക്കി കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്ന മസ്താനമ്മ അന്തരിച്ചു. 107ാം വയസിലാണ് അന്ത്യം. ആന്ധ്ര സ്വദേശിനിയാണ് മസ്താനമ്മ.
നാടന്‍ രീതിയിലുള്ള പാചക വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ മുത്തശ്ശിയുടെ ഓരോ റെസിപ്പികളും നിമിഷങ്ങള്‍ക്കകമാണ് വൈറലായിക്കൊണ്ടിരുന്നത്. കടല്‍ വിഭവങ്ങള്‍ ഉപയോഗിച്ചായിരുന്നു മസ്താനമ്മ അധികവും ഭക്ഷണങ്ങള്‍ തയാറാക്കിയിരുന്നത്. സ്വയം പരീക്ഷിച്ച് ഉണ്ടാക്കിയെടുത്തവയായിരുന്നു ഓരോ വിഭവങ്ങളും. മസ്താനമ്മ വിഭവങ്ങള്‍ക്കായുള്ള കൂട്ട് തയ്യാറാക്കുന്നതും പ്രത്യേക രീതിയില്‍ ആയിരുന്നു.
2016ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വേണ്ടി വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് മുത്തശ്ശി താരമാകുന്നത്. 75 ലക്ഷത്തിലധികം ആള്‍ക്കാരാണ് ആ വിഡിയോ കണ്ടത്. പിന്നീട് മുത്തശ്ശിയുടെ പാചകത്തിന്റെ പല വിഡിയോകളും യുട്യൂബില്‍ വന്നു. ഇവയെല്ലാം വൈറലാവുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം വ്യൂവേഴ്‌സിനെയാണ് കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ നേടിയത്. മസ്താനമ്മയുടെ മരണത്തോടെ ഇതെല്ലാം ഓര്‍മ്മയാവുകയാണ്.
പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഇവര്‍ തനിച്ചാണ് വളര്‍ത്തിയത്.