'അന്യഗ്രഹജീവികള്‍ക്കുള്ളത് അസാമാന്യ ബുദ്ധിയും ചെറിയ രൂപവും'; ഭൂമിയിലെത്തിയിട്ടുണ്ടാവാമെന്ന് നാസ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2018 09:09 AM  |  

Last Updated: 08th December 2018 09:09 AM  |   A+A-   |  

 

കലിഫോര്‍ണിയ: നമ്മള്‍ അറിയാതെ അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ച് മടങ്ങിയിട്ടുണ്ടാവാമെന്ന് നാസ. നാസയുടെ ആംസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ സില്‍വനോ കൊളംബനോയാണ് ഇക്കാര്യം വെളിപ്പെടുത്തി പ്രബന്ധം അവതരിപ്പിച്ചത്. മനുഷ്യന്‍ പ്രതീക്ഷിച്ച രൂപത്തിലായിരിക്കില്ല അന്യഗ്രഹജീവികള്‍  എത്തിയിട്ടുണ്ടാവുക.

അസാമാന്യ ബുദ്ധിയും മനുഷ്യന്‍ പ്രതീക്ഷിക്കാത്ത രൂപവുമായാവും ഭൂമിയിലെത്തി ഇവര്‍ മടങ്ങിയതെന്നും കൊളംബനോ പറയുന്നു. ചെറിയ രൂപമാവാം ഇവയ്ക്കുള്ളതെന്ന് പറയുന്ന കൊളംബനോ യന്ത്രമനുഷ്യന്റേത് പോലുള്ള ചെയ്തികളാവും അന്യഗ്രഹജീവികള്‍ക്കുണ്ടാവുകയെന്നും പഠന റിപ്പോര്‍ട്ടില്‍ കുറിച്ചിട്ടുണ്ട്. 

 ഇന്റര്‍സ്‌റ്റെല്ലര്‍ സഞ്ചാരം ഇപ്പോഴും സ്വപ്‌നമായി കൊണ്ട് നടക്കുന്നതിന് പകരം അത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്നും കൊളംബനോ പറയുന്നു. അന്യഗ്രഹ ജീവികളെ കുറിച്ചുള്ള അബദ്ധ ധാരണകളും ഊഹങ്ങളും മാറ്റിവച്ച് അവര്‍ നമുക്കിടയില്‍ തന്നെ ഉണ്ടാകാനുള്ള സാധ്യതകളെ പരിഗണിക്കണമെന്നും അങ്ങനെയുള്ള വിലയിരുത്തലാണ് താന്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാലം-സമയം- ഊര്‍ജ്ജം എന്ന തത്വത്തില്‍ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ശാസ്ത്രലോകം തയ്യാറാവണമെന്നും കൊളംബനോ ആവശ്യമുന്നയിച്ചു. 

അന്യഗ്രഹ പേടകത്തിന്റെ ഭാഗമാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 'ഒമാമുവ' എന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ എബ്രഹാം ലീബും അഭിപ്രായപ്പെട്ടിരുന്നു.  കൊളംബനോയുടെ പ്രബന്ധം ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പ്രബന്ധത്തിന്റെ ലിങ്കും നാസ പ്രസിദ്ധീകരിച്ചിട്ടുണ്ട്.