ഭൂമിയെ അത്ഭുതപ്പെടുത്തി ചൊവ്വയിലെ കാറ്റ്; ഇന്‍സൈറ്റില്‍ പതിഞ്ഞ ചൊവ്വക്കാറ്റിന്റെ ശബ്ദം പുറത്തുവിട്ട് നാസ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2018 12:01 PM  |  

Last Updated: 08th December 2018 12:01 PM  |   A+A-   |  

mars

 

ലോസ് ആഞ്ചെല്‍സ്; ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് നാസയുടെ ഇന്‍സൈറ്റ് ചൊവ്വയില്‍ ഇറങ്ങിയത്. ചൊവ്വയില്‍ എത്തിയതിന് പിന്നാലെ മനുഷ്യര്‍ ഇന്നോളം കേട്ടിട്ടില്ലാത്ത ഒരു ശബ്ദം പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഇന്‍സൈറ്റ്. മറ്റൊന്നുമല്ല, നല്ല കാറ്റിന്റെ ശബ്ദം. നമ്മുടെ കാറ്റല്ല, അങ്ങ് ചൊവ്വ ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദമാണ് ലോകത്തെ അത്ഭുതത്തിലാഴ്ത്തിയിരിക്കുന്നത്. 

ആദ്യമായാണ് ചൊവ്വ ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം ഭൂമിയില്‍ എത്തുന്നത്. ഇന്‍സൈറ്റിന്റെ സെന്‍സറുകളാണ് കാറ്റിന്റെ ഇരമ്പല്‍ ഒപ്പിയെടുത്തത്. സെക്കന്റില്‍ അഞ്ച് മുതല്‍ ഏഴ് വരെ മീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണ് ഇന്‍സൈറ്റില്‍ പതിഞ്ഞിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇത് റെക്കോഡ് ചെയ്തതെന്ന് നാസ വ്യക്തമാക്കി. എന്നാല്‍ കാറ്റിന്റെ ശബ്ദം റെക്കോഡ് ചെയ്യാന്‍ ഇന്‍സൈറ്റിന് പദ്ധതിയുണ്ടായിരുന്നില്ല എന്നും നാസ കൂട്ടിച്ചേര്‍ത്തു. ചൊവ്വയിലെ ചലനങ്ങളെക്കുറിച്ച മനസിലാക്കുക എന്നതാണ് ഇന്‍സൈറ്റിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. ശബ്ദതരംഗങ്ങളിലൂടെയുള്ള ചലനവും ഇതിന്റെ ഭാഗമാണല്ലോ. അങ്ങനെയാണ് ശബ്ദവും ഇതില്‍ ഉള്‍പ്പെട്ടതെന്ന് ഇന്‍സൈറ്റിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബ്രൂസ് ബനെര്‍ഡിറ്റ് പറഞ്ഞു. 

 

ഇന്‍സൈറ്റിലുണ്ടായിരുന്ന രണ്ട് സെന്‍സിറ്റീവ് സെന്‍സറുകളാണ് കാറ്റിന്റെ തരംഗം കണ്ടെത്തിയത്. ലാന്‍ഡറിന് ഉള്ളിലുള്ള എയര്‍ പ്രെഷര്‍ സെന്‍സറും ലാന്‍ഡറിന്റെ മേല്‍ഭാഗത്തായുള്ള സെയ്‌സ്‌മോ മീറ്ററും. രണ്ട് ഉപകരണങ്ങളും രണ്ട് രീതിയിലാണ് ശബ്ദത്തെ പിടിച്ചെടുത്തത്. പ്രഷര്‍ സെന്‍സര്‍ കാറ്റിന്റെ തരംഗത്തെ നേരിട്ട് റെക്കോഡ് ചെയ്തു. ഇന്‍സൈറ്റിലെ സോളാര്‍ പാനലിലൂടെ കാറ്റ് കടന്നുപോവുമ്പോഴുള്ള പ്രതിഫലനമാണ് സെയ്‌സ്‌മോമീറ്റര്‍ പിടിച്ചെടുത്തത്. 

പേടകത്തില്‍ നേരിട്ട് പതിക്കുന്ന തരംഗങ്ങളെ കണ്ടെത്താനായാണ് സെയ്‌സ്‌മോമീറ്റര്‍ ഘടിപ്പിച്ചത്. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇത് ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലത്തിലും സ്ഥാപിക്കും. ഇതോടെ ഗ്രഹത്തിലുണ്ടാകുന്ന ചലനങ്ങളെ കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. നവംബര്‍ 26 നാണ് ഇന്‍സൈറ്റ് ചൊവ്വയില്‍ ഇറങ്ങിയത്. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പര്യവേഷണത്തില്‍ പ്രധാനമായി ലക്ഷ്യമിടുന്നത് ചൊവ്വ ഗ്രഹത്തില്‍ ഉണ്ടാകുന്ന ഭൂമികുലുക്കം ഉള്‍പ്പടെയുള്ള ചലനങ്ങളാണ്.