വാരാന്ത്യം ഉല്ലാസപ്രദമാക്കാന്‍ പോരൂ ; പൈതൃക തീവണ്ടി ലക്ഷ്വറി സര്‍വീസ് ഇന്നുമുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2018 11:55 AM |
Last Updated: 08th December 2018 12:31 PM | A+A A- |

ഊട്ടി : വാരാന്ത്യങ്ങള്‍ അടിച്ചുപൊളിച്ച് ഉല്ലസിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കി റെയില്‍വേ. പൈതൃക തീവണ്ടിയുടെ പ്രത്യേക ലക്ഷ്വറി സര്‍വീസ് ഇനിമുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്നുമുതല്‍ എല്ലാ വാരാന്ത്യങ്ങളിലും കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേയാണ് ട്രെയിന്‍ ഓടിക്കുക. നേരത്തെ ചില ആഴ്ചകള്‍ താത്കാലികമായി ഓടിയിരുന്നതാണ് റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്.
ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്കും, ഞായറാഴ്ച മേട്ടുപ്പാളയത്തേക്ക് തിരിച്ചും ഓരോ സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. മൂന്ന് കോച്ചുകളുമായി മേട്ടുപ്പാളയത്ത് നിന്ന് 9.10 ന് പുറപ്പെടുന്ന ട്രെയിന്‍, കല്ലാര്‍, അഡര്‍ലി, ഹില്‍ഗ്രോ, റണ്ണിമേട് സ്‌റ്റേഷനുകളില്‍ നിര്‍ത്തും. 12.30 ന് കൂനൂരില്‍ എത്തുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് 4.30ന് മേട്ടുപ്പാളയത്ത് തിരിച്ചെത്തും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
32 ഫസ്റ്റ്ക്ലാസ്സ് സീറ്റുകളും 100 സെക്കന്‍ഡ് ക്ലാസ്സ് സീറ്റുകളുമാണ് ട്രെയിനില്‍ ഉള്ളത്. യാത്ര പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ടിക്കറ്റ് തുകയുടെ 10 ശതമാനം നിരക്കിളവ് ലഭിച്ചേക്കാം. സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ഡിസംബര്‍ ആറിന് രാവിലെ എട്ടുമുതല്‍ ആരംഭിച്ചതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഊട്ടിയിലേക്ക് ട്രെയിനില്‍ പോകാനുള്ളവര്‍ക്ക് ഊട്ടി-കൂനൂര്‍ സാധാരണ സര്‍വീസുകള്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഊട്ടിയില്‍ ഒരു ദിവസം തങ്ങി ഇതേ വണ്ടിയില്‍ തിരിച്ചുവരികയും ചെയ്യാനാകുന്ന വിധമാണ് ക്രമീകരണം.
ഇതുകൂടാതെ, ഞായറാഴ്ചകള്‍ തോറും ലവ്‌ഡേല്‍ സ്‌റ്റേഷന്‍, കേത്തി താഴ്‌വരകള്‍ എന്നിവ ആസ്വദിക്കാനായി റെയില്‍വേ ഒരുക്കുന്ന ഊട്ടി-കേത്തി ജോയ് റൈഡ് റൗണ്ട് ട്രിപ്പുകള്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കും. ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റിന് 420 രൂപയും, സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റിന് 300 രൂപയുമാണ് നിരക്ക്. ഉച്ചയ്ക്ക് 2.30 ന് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് 3 മണിക്ക് കേത്തിയില്‍ എത്തുന്ന വണ്ടി 3.30ന് തിരികെ പുറപ്പെടും.