പെണ്‍കുട്ടിയെ സഹായിക്കാന്‍ കോളേജില്‍ ഒപ്പം കൂടി വളര്‍ത്തുനായ; ഒടുവില്‍ നായയ്ക്കും കിട്ടി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th December 2018 05:35 PM |
Last Updated: 19th December 2018 05:55 PM | A+A A- |

കാലുകള്‍ക്ക് ചലന ശേഷി നഷ്ടമായ ബ്രിട്ട്‌നി ഹാവ്‌ലി എന്ന പെണ്‍കുട്ടിക്ക് എന്തിനും ഏതിനും കൂട്ട് ഗ്രിഫിന്‍ എന്ന നായക്കുട്ടിയാണ്. വാതില്‍ തുറക്കാനും ലൈറ്റിടാനും എന്നുവേണ്ട ലേസര്‍ പോയിന്റര്‍ കൊണ്ട് ബ്രിട്ട്‌നി ചൂണ്ടിക്കാട്ടുന്ന ഏത് സാധനങ്ങള്‍ എടുത്ത് കൊണ്ടു വരാനും ഗ്രിഫിന്‍ കൂടെയുണ്ട്.
രണ്ടര വര്‍ഷം മുന്‍പ് ബ്രിട്ട്‌നി ഹാവ്‌ലി സര്‍വകലാശാലയില്‍ ചേര്‍ന്നപ്പോഴും ഗ്രിഫിന്‍ ഒപ്പം എത്തിയിരുന്നു. ബ്രിട്ടിനിയുടെ ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് സഹായിക്കുന്ന നായ്ക്കുട്ടി സര്‍വകലാശാലയിലുള്ളവര്‍ക്കും കൗതുകമായിരുന്നു. ബ്രിട്ടിനിക്കൊപ്പം ക്ലാസുകള്‍ക്കും ഗ്രൂപ് സ്റ്റഡി, ഇന്റേണ്‍ഷിപ്പ്, റിസേര്‍ച്ച് എന്നുവേണ്ട പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഗ്രിഫിന്‍ ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ ക്ലാര്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒക്കുപേഷന്‍ തെറാപ്പിയില്‍ ബ്രിട്ട്‌നി മാസ്റ്റര്‍ ബിരുദം നേടിയപ്പോള്‍ തൊട്ടടുത്ത് നിന്ന് ഗ്രിഫിനും ഏറ്റുവാങ്ങി ഓണറബിള്‍ ഡിപ്ലോമ.
പഠനത്തിന്റെയും ജിവിതത്തിന്റെയും എല്ലാ ഘട്ടങ്ങളിലും ഗ്രിഫിന്റ സഹായം കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റി ഡിപ്ലോമ നല്‍കാന്‍ തീരുമാനിച്ചത്. ബ്രിട്ടിനിയും ഗ്രിഫിനും ഒരേ വേദിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേറ്റ് നേടുന്ന ചിത്രം സര്‍വകലാശാല തന്നെയാണ് പുറത്തുവിട്ടത്.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനംത്തിലുള്ള ഗ്രിഫിന് നാല് വയസ്സാണ് പ്രായം. വെസ്റ്റ് വെര്‍ജീനിയയില്‍ തടവുകാര്‍ പരിശീലിപ്പിച്ച പവ്‌സ് ഫോര്‍ പ്രിസണ്‍സ് എന്ന പ്രത്യേക കേന്ദ്രത്തില്‍ നിന്നാണ് ഗ്രിഫിനെ ലഭിച്ചത്. പരിശീലനം ലഭിച്ച നായകളെ ആവശ്യമുള്ളവര്‍ക്ക് ഇവിടെ എത്താമെങ്കിലും നായയെ ഉടമയല്ല തിരഞ്ഞെടുക്കുന്നത്. ഉടമയെ നായ തിരഞ്ഞെടുക്കുന്നതാണ് ഇവിടത്തെ പതിവവ്. ബ്രിട്ട്‌നിയുടെ വീല്‍ ചെയര്‍ കണ്ടപ്പോള്‍ മറ്റു നായ്ക്കള്‍ വിരണ്ടോടിയപ്പോള്‍ ഗ്രിഫിന്‍ ബ്രിട്ട്‌നിയുടെ മടിയില്‍ കയറിയിരിക്കുകയായിരുന്നു.