ഇനിയില്ല രണ്ടുരൂപ ഡോക്ടര്‍...;മെര്‍സലിന് പ്രചോദനമായ ഡോ.ജയചന്ദ്രന്‍ ഓര്‍മ്മയായി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th December 2018 07:45 PM  |  

Last Updated: 20th December 2018 07:45 PM  |   A+A-   |  

 


അസുഖം വന്നാല്‍ രണ്ടുരൂപയുമായി കയറിച്ചെല്ലാന്‍ ഇനി വടക്കന്‍ ചെന്നൈക്കാര്‍ക്ക് രണ്ടുരൂപ ഡോക്ടറില്ല... ഒരുജീവിത കാലം മുഴുവന്‍ പാവപ്പെട്ട മനുഷ്യര്‍ക്കൊപ്പം ചെലവഴിച്ച് സോവനം നടത്തി ഡോ. എസ്. ജയചന്ദ്രന്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു...

കാഞ്ചീപുരത്തുകാരന്‍ എസ്.ജയചന്ദ്രന്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതോടെയാണ് അദ്ദേഹത്തിന്റെ കാരുണ്യ യാത്ര ആരംഭിക്കുന്നത്. 1970ല്‍ വാഷര്‍മെന്‍പേട്ടില്‍ അദ്ദേഹം ക്ലിനിക് ആരംഭിച്ചു. 1998വരെ അദ്ദേഹത്തെ കാണാനെത്തുന്ന രോഗിക്ക് രണ്ടുരൂപ മാത്രം ഫീസായി നല്‍കിയാല്‍ മതിയായിരുന്നു. പിന്നീട് അത് അഞ്ചായും പത്തായും ഉയര്‍ന്നിരുന്നു. എന്നിരുന്നാലും രണ്ടുരൂപ ഡോക്ടര്‍ എന്ന ആളുകളുട സ്‌നേഹത്തോടെയുള്ള വിളി മാറിയില്ല. 

ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് അദ്ദേഹം മരുന്നും വാങ്ങി നല്‍കിയിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. 

വിജയ് നായകനായി പുറത്തിറങ്ങിയ മെര്‍സല്‍ ഡോ. ജയചന്ദ്രന്റെ ജീവിതം പ്രചോദനമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. ഈ ചിത്രത്തില്‍ അഞ്ചുരൂപ വാങ്ങി ആളുകളെ ചികിത്സിക്കുന്ന ഡോക്ടറായി വിജയ് എത്തിയിരുന്നു.