സൗരയൂഥത്തിന്റെ അങ്ങേത്തലയ്ക്കലൊരു കുഞ്ഞന്‍ ഗ്രഹത്തെ കണ്ടെത്തി; സൂര്യനെ ചുറ്റാന്‍ വേണ്ടത് 1000 വര്‍ഷം, 'ഫാര്‍ഔട്ടി'ന് പിങ്ക് നിറമെന്നും ശാസ്ത്രജ്ഞര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2018 12:10 PM |
Last Updated: 20th December 2018 12:10 PM | A+A A- |

സൗരയൂഥത്തില്‍ അങ്ങകലെയായി സ്ഥിതി ചെയ്യുന്ന കുഞ്ഞന്‍ ഗ്രഹത്തെ വാനനിരീക്ഷകര്‍ കണ്ടെത്തി. 2018 വിജി 18 എന്ന് ഔദ്യോഗികമായി പേര് നല്‍കിയെങ്കിലും 'ഫാര്‍ ഔട്ടെ'ന്ന ഓമനപ്പേരാണ് വിളിക്കാനുള്ള സൗകര്യത്തിനായി നല്‍കിയിരിക്കുന്നത്. പിങ്കും ചുവപ്പും കലര്‍ന്ന ഈ കുഞ്ഞന്‍ ഗ്രഹം ഹിമകണങ്ങളാല്‍ നിറഞ്ഞതാണെന്നാണ് ശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പേര്‍ഡ് പറയുന്നത്. 120 മൈല്‍ സൗരദൂരങ്ങള്‍ക്കപ്പുറം സൂര്യനെ ഭ്രമണം ചെയ്യുന്ന ഫാര്‍ഔട്ട് 1000 വര്‍ഷങ്ങള്‍ കൊണ്ടേ ഒരു ഭ്രമണം പൂര്‍ത്തിയാക്കുകയുള്ളൂ.
താന്‍ കണ്ടതില്‍ ഏറ്റവും മെല്ലെ നീങ്ങുന്ന വസ്തുവായി മാത്രമേ ഫാര്‍ഔട്ടിനെ വിശേഷിപ്പിക്കാനാവൂ എന്നും ഒച്ചിഴഞ്ഞാല്‍ ഇതിലും വേഗം സൂര്യനെ വലംവച്ച് വരുമെന്നുമാണ് സ്‌കോട്ട് ഷെപ്പേര്‍ഡ് പറയുന്നത്.
നവഗ്രഹങ്ങളുടെ പട്ടികയില്‍ നിന്നും പുറത്ത് പോയ പ്ലൂട്ടോയ്ക്ക് പകരം ഒന്‍പതാമനായുള്ള അന്വേഷണത്തിനിടെയാണ് ഫാര്‍ഔട്ടിനെ ശാസ്ത്രലോകം കണ്ടെത്തിയത്.
അമ്പതിലേറെ കുഞ്ഞന്‍ ഗ്രഹങ്ങള്‍ സൗരയൂഥത്തിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2,370 കിലോമീറ്റര്‍ വ്യാസമുള്ള പ്ലൂട്ടോയാണ് കുഞ്ഞന്‍മാരില്‍ വലുത്. രണ്ടാം സ്ഥാനം എറിസിനാണ്. 2,325 കിലോമീറ്ററാണ് എറിസിന്റെ വ്യാസം. ഏകദേശം 483 കിലോമീറ്ററാണ് ഫാര്‍ഔട്ടിന്റെ വ്യാസമെന്നും ശാസ്ത്രസംഘം കണ്ടെത്തിയിട്ടുണ്ട്.