എത്രനാള്‍ മക്കളെ സാന്താ വരുമെന്ന് പറഞ്ഞു പറ്റിക്കും? സാന്താക്ലോസ് കഥ പറഞ്ഞ് നിങ്ങളുടെ എട്ടുവയസ്സുകാരനെ പറ്റിക്കാന്‍ നിക്കണ്ട
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st December 2018 03:14 PM |
Last Updated: 21st December 2018 03:14 PM | A+A A- |

'ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ഒരു ദേശത്താണ് സാന്താക്ലോസ് ജീവിക്കുന്നത്. പത്‌നിയായ മിസിസ് ക്ലോസുമൊത്താണ് താമസം. സാന്താ ലോകത്തിലെ എല്ലാ കുട്ടികളേയും 'വികൃതിക്കുട്ടികള്‍','നല്ലകുട്ടികള്‍' എന്നിങ്ങനെ തരംതിരിക്കുന്നു. ഒരു ദിവസം കുട്ടികള്‍ക്ക് നിറയെ സമ്മാനങ്ങളുമായി സാന്താ വരും. നല്ലകുട്ടികള്‍ക്കെല്ലാം മിഠായികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കും. ചിലപ്പോള്‍ വികൃതിക്കുട്ടികള്‍ക്ക് കല്‍ക്കരി, ചുള്ളിക്കമ്പ് എന്നിവ നല്‍കും. മാന്ത്രിക എല്‍ഫുകളുടെയും തന്റെ വണ്ടി വലിക്കുന്ന എട്ടോ ഒമ്പതോ പറക്കും റെയ്ന്‍ഡിയറുകളുടെയും സഹായത്തോടെയാണ് സാന്റക്ലോസ് ഇത് ചെയ്യുന്നത്', കുട്ടിക്കുറുമ്പന്റെ വികൃതിത്തരങ്ങള്‍ പൊടിക്കൊന്ന് കുറയ്ക്ക് അച്ഛനും അമ്മയും ആശ്രയിക്കുന്നതാണ് ഈ സാന്താ കഥയെ. എന്നാല്‍ എത്രന്നാള്‍ ഈ കഥ കുട്ടികള്‍ വിശ്വസിക്കും. ലോകത്തെ എല്ലാ കുട്ടികളും എട്ട് വയസ്സുവരെ മാത്രമാണ് സമ്മാനങ്ങളുമായെത്തുന്ന ഈ സാന്താക്ലോസിനെ വിശ്വസിക്കുന്നതെന്നാണ് പഠനം പറയുന്നത്.
സാന്തായുടെ വികൃത്തിക്കുട്ടികളുടെ ലിസ്റ്റില്‍ പേരുവീഴുമെന്നും സമ്മാനവുമായി എത്തുമ്പോള്‍ ഒന്നും കിട്ടില്ലെന്നും കുട്ടികളെ വിശ്വസിപ്പിക്കാമെന്ന തന്ത്രം എട്ട് വയസ്സിന് ശേഷം വിജയിക്കില്ലെന്നാണ് പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യുകെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലെ സൈകോളജി പ്രൊഫസര്‍ ക്രിസ് ബോയ്‌ലെയാണ് ഈ പഠനം നടത്തിയത്. ഈ വിഷയത്തില്‍ നടത്തത്തിയിട്ടുള്ള ഏക പഠനമാണ് ഇതെന്നാണ് അവകാശപ്പെടുന്നത്.
ചില കുട്ടികള്‍ മാതാപിതാക്കളുടെ പെരുമാറ്റ രീതി ശ്രദ്ധിച്ചാണ് സാന്താ കഥയ്ക്ക് പിന്നിലെ സത്യം മനസിലാക്കുന്നത്. മറ്റു ചിലരാകട്ടെ പ്രായമാകുന്നതനുസരിച്ച് ഇത് കഥ മാത്രമാണെന്ന് അറിയുന്നവരാണ്. സാന്താ കഥ സത്യമല്ലെന്ന് അറിയുമ്പോള്‍ കുട്ടികള്‍ക്ക് മാതാപിതാക്കളിലുള്ള വിശ്വാസത്തിന്റെ അളവ് കുറയുന്നെന്ന് കണ്ടെത്തിയതാണ് ഇത്തരത്തിലൊരു പഠനം നടത്താന്‍ ക്രിസിനെ പ്രേരിപ്പിച്ചത്.
പഠനത്തില്‍ പങ്കെടുത്ത 50ശതമാനം ആളുകളും സാന്താക്ലോസ് കഥ വിശ്വസിക്കാത്തവരാണ്. എന്നാല്‍ 34ശതമാനം ആളുകള്‍ ഇത് ഒരു കഥ മാത്രമാണെന്ന് അറിയാമെങ്കിലും ഇപ്പോഴും അതില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സാന്താക്ലോസ് കഥയില്‍ വിശ്വസിച്ചത് കുട്ടിക്കാലത്തെ തങ്ങളുടെ പെരുമാറ്റ രീതിയില്‍ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്ന് സര്‍വെയില്‍ പങ്കെടുത്ത 34ശതമാനം പേര്‍ സമ്മതിക്കുന്നു. എന്നാല്‍ 47ശതമാനം പേര്‍ക്ക് സാന്താ കഥയും തങ്ങളുടെ സ്വഭാവവും തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞില്ല.
പഠനത്തില്‍ പങ്കെടുത്ത പകുതിയില്‍ കൂടുതല്‍ ആളുകള്‍ക്കും സാന്താക്ലോസ് ഒരു കഥ മാത്രമാണെന്ന് അറിഞ്ഞപ്പോള്‍ ദുഃഖിച്ചവരാണ്. 15ശതമാനം പേര്‍ മാതാപിതാക്കള്‍ കള്ളകഥ പറഞ്ഞ് പറ്റിച്ചെന്ന് കരുതിയവരാണ്. മറ്റൊരു പത്ത് ശതമാനം പേര്‍ ഇത് കേട്ട് ദേഷ്യം തോന്നിയവരും. കുട്ടികള്‍ സാന്താ കഥ സത്യമാണോ എന്ന് ചോദിച്ചാല്‍ അല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് 31ശതമാനം മാതാപിതാക്കളും സമ്മതിക്കുന്നു. എന്നാല്‍ 41ശതമാനം പേര്‍ നേരിട്ടുചോദിച്ചാലും കുട്ടികളെ സത്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നവരാണ്.