കെ.എല്‍ ആന്റണി: നാടകവും പുസ്തകവുമായി പൊള്ളുന്ന ടാറിലൂടെ ജീവിതം നടന്നു തീര്‍ത്ത 'ചാച്ചന്‍'

'ഇനിയെങ്ങോട്ടാണ്?'- ആന്റണിയോട് ചോദിച്ചു. തീവെയിലിലേയ്ക്ക് കുടകളില്ലാതെ പുസ്തക സഞ്ചിയും തൂക്കിയിറങ്ങിയ ആന്റണി പറഞ്ഞു ഇനിയും പുസ്തകം കൊടുക്കാനുണ്ട്...
കെ.എല്‍ ആന്റണി: നാടകവും പുസ്തകവുമായി പൊള്ളുന്ന ടാറിലൂടെ ജീവിതം നടന്നു തീര്‍ത്ത 'ചാച്ചന്‍'

അന്തരിച്ച നാടക-ചലച്ചിത്ര പ്രവര്‍ത്തകന്‍ കെ.എല്‍ ആന്റണി നടന്നു തീര്‍ത്ത വഴികള്‍...

നാടക പ്രവര്‍ത്തകന്‍ കെ. എല്‍. ആന്റണിയെ ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന അനേകം മുഖങ്ങളിലൊന്ന് സിനിമാതാരം ബാബു ആന്റണിയുടേതാണ്. കലയെന്നാല്‍ ചലച്ചിത്രം മാത്രം 'വാര്‍ത്ത'യാകുന്ന ന്യൂജനറേഷന്‍ കാലത്ത് ഒരു അമച്വര്‍ നാടകകലാകാരന്റെ പേര് അപരമാക്കപ്പെടുന്നതിന്റെ അര്‍ത്ഥരാഹിത്യം അറിയാഞ്ഞിട്ടല്ല. പക്ഷേ, നാടകം എന്ന സുകുമാരകല കളിച്ചിറങ്ങിയ മധ്യകേരളാവേദികളുടെ ചരിത്രത്തില്‍ നിന്ന് കാലം മായ്ച്ചാലും ഓര്‍മകള്‍ വീണ്ടും വീണ്ടും എഴുതിച്ചേര്‍ക്കുന്ന പേരാണ് ഈ കലാകാരന്റേതെന്ന് അറിയുക. 

അമച്വര്‍ നാടകങ്ങള്‍ വിസ്മൃതിയുടെ യവനിക താഴ്ത്തിത്തുടങ്ങിയെങ്കിലും, വേദികളില്‍ ആരവമുയര്‍ത്തിയ സ്വന്തം നാടകങ്ങള്‍ പുസ്തകമാക്കി വീടുവീടാന്തരം വില്പന നടത്തി കലാജീവിതം തുടരുകയാണ് ആന്റണി. ഒരു ബാലസാഹിത്യകൃതിയും ഒമ്പതു നാടകങ്ങളും അടക്കമുള്ള പുസ്തകങ്ങളുടെ  അരലക്ഷത്തോളം കോപ്പികളാണ് ഇതിനകം നടന്നു വിറ്റുതീര്‍ത്തത്. ഇനിയും വില്‍ക്കാനുള്ള പുസ്തകങ്ങളുമായി പൊള്ളുന്ന ടാര്‍ റോഡിലൂടെ നടന്നുവന്ന ആ മനുഷ്യന്‍ ഫോര്‍ട്ടുകൊച്ചിയിലെ കടല്‍ത്തീരത്തിരുന്ന് സംസാരിച്ചു തുടങ്ങി; അമ്പതുവര്‍ഷം മുമ്പത്തെ കൊച്ചിയുടെ ഭൂപടംവിരിച്ചിട്ട് ഞരമ്പില്‍ നാടകമോടിയ കാലത്തെക്കുറിച്ച്.

കൊച്ചി പഴയ കൊച്ചിയാണ്. വ്യാപരാധിനിവേശത്തിന്റെ കപ്പലുകള്‍ തീരത്ത് നങ്കൂരമിട്ട് കാളം മുഴക്കുന്ന കാലം. ലാസറിന്റെയും കുഞ്ഞമ്മയുടെയും പത്താമത്തെ മകനായി 1940-ല്‍ ഫോര്‍ട്ടുകൊച്ചി വെളിയിലാണ് ആന്റണി ജനിച്ചത്. അതായത് സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണക്കൊടി പാറുന്നതിനും ഏഴുവര്‍ഷം മുമ്പ്. സ്വദേശം അര്‍ത്തുങ്കല്‍ ആയിരുന്നെങ്കിലും കച്ചവട കേന്ദ്രമായ കൊച്ചിയിലേക്ക് തൊഴില്‍തേടിയെത്തിയതായിരുന്നു മാതാപിതാക്കള്‍. പത്തുമക്കളില്‍ ഏഴുപേരെയും ചെറുപ്പത്തിലേ മരണം കൊണ്ടുപോയി. ശേഷിച്ചത് ആന്റണിയും ജ്യേഷ്ഠന്‍ ജോസഫും സഹോദരി എലിസബത്തും. ആന്റണിയുടെ അപ്പന്‍ ഒരു കയര്‍ ഫാക്ടറിയില്‍ ഇടമൂപ്പനായിരുന്നു. ഫാക്ടറിയുടെ തലപ്പത്തിരിക്കുന്ന മൂപ്പന്റെ തൊട്ടുതാഴെയുള്ള സ്ഥാനമാണ് ഇടമൂപ്പന്‍. അമ്മച്ചിയും കയര്‍തൊഴിലാളി ആയിരുന്നു. പശ്ചിമകൊച്ചിയില്‍ അക്കാലത്ത് ധാരാളം കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ബ്രണ്ണന്‍ കമ്പനി, വോള്‍ കാര്‍ട്ട്, പിയേഴ്‌സ് ഡെസ്‌ലി, ഡാറാസ് മെയ്ല്‍, ആസ്പിന്‍വാള്‍ എന്നിങ്ങനെ ഇംഗ്‌ളീഷ് പേരുകളില്‍ അവ തലയുയര്‍ത്തി നിന്നു. 

കമ്പനികളുടെ ഉടമസ്ഥര്‍ വിദേശികളായിരുന്നെങ്കിലും മൂപ്പന്മാരായിരുന്നു സര്‍വാധികാരികള്‍. അവര്‍ തൊഴിലാളികളെ ക്രൂരചൂഷണത്തിന് വിധേയരാക്കി. രാവിലെ കമ്പനിക്കുമുമ്പില്‍ തടിച്ചുകൂടുന്ന തൊഴിലാളികള്‍ക്കുനേരെ അവര്‍ ചാപ്പകള്‍ (പഴയ ടോക്കണ്‍) വലിച്ചെറിയും. അത് പിടിച്ചെടുക്കുന്നവര്‍ക്കേ കപ്പലിലെ പണികള്‍ നല്‍കൂ. ദരിദ്രകുടുംബങ്ങളില്‍ ചാപ്പ നല്‍കി സ്ത്രീകളെയും മൂപ്പന്മാര്‍ ചൂഷണം ചെയ്തുപോന്നു. വിദേശികള്‍ കപ്പലില്‍ നിന്ന് മച്ചുവായില്‍ കയറി ഫോര്‍ട്ടുകൊച്ചി തീരത്ത് വന്നിറങ്ങുന്നത് ആന്റണിയുടെ ഓര്‍മയിലുണ്ട്. ബോട്ടുകളൊന്നും അന്ന് കാര്യമായി കടലില്‍ ഇല്ല. നിരത്തുകളില്‍ ടാക്‌സികളും.ചുണ്ടില്‍ ലിപ്സ്റ്റിസ് പുരട്ടി തൊപ്പിവച്ച് ബാഗുംതൂക്കി അവര്‍ നിരനിരയായി നടന്നുവരും. ഇത് കാണുന്ന കുട്ടികള്‍ നോ ഫാദര്‍ സാര്‍, നോ മദര്‍ സാര്‍, വണ്‍ അണ തരൂ സാര്‍ എന്നു പറഞ്ഞ് അവര്‍ക്ക് പിന്നാലെ ഓടിപ്പോകും. അതായിരുന്നു കാലം.

നാടകബാല്യം  ചവിട്ടുനാടകത്തിന്റെ നാടായ ഫോര്‍ട്ടുകൊച്ചിയിലെ വെളി മൈതാനത്തില്‍ ആടാത്ത നാടകങ്ങളില്ല. നാടകങ്ങളുടെ റിഹേഴ്‌സല്‍ നടക്കുന്നത് ആന്റണിയുടെ വീടിനോട് ചേര്‍ന്ന പറമ്പുകളിലായിരുന്നു. പീറ്റര്‍, എല്‍ദോ എന്നിങ്ങനെ രണ്ട് ആശാന്മാര്‍. 'അല്‍ഫോന്‍സ എന്ന ചവിട്ടുനാടകത്തിന്റെ റിഹേഴ്‌സല്‍ അവിടെ നടന്നു. ഞങ്ങള്‍ കൂട്ടുകാര്‍ റിഹേഴ്‌സല്‍ കാണാന്‍ പോയി. നടന്മാര്‍ നാടകം പഠിച്ചുതീരും മുമ്പ് ഞങ്ങള്‍ അത് കണ്ടുപഠിച്ചിരുന്നു. വീട്ടിലെത്തി നാടകം കളി തുടങ്ങും. അപ്പന്റെയും അമ്മയുടെയും മുണ്ടും ചട്ടയുമെല്ലാം എടുത്തണിയും. കുളപ്പായല്‍ കൊണ്ട് താടിയും മീശയും വച്ച് കുമ്മായം മുഖത്തു തേച്ച് ചമഞ്ഞൊരുങ്ങിയാണ് കളി. കൂട്ടുകാരില്‍ ഒരാള്‍ വീടിന്റെ പലകനിരപ്പില്‍ കൊട്ടി പശ്ചാത്തലശബ്ദം ഒരുക്കും. അല്‍ഫോന്‍സയായി അഭിനയിച്ചത് ഞാനായിരുന്നു. നാടകത്തില്‍ അല്‍ഫോന്‍സയെ കെട്ടിത്തൂക്കിയിടുന്ന രംഗമുണ്ട്. അപ്പോള്‍ ബ്രൂട്ടസ് എന്ന കഥാപാത്രം കുതിരപ്പുറത്ത് പാഞ്ഞെത്തും. ഈ രംഗം ഞങ്ങള്‍ കളിക്കുകയായിരുന്നു. ഉടുപ്പിലെ വള്ളിയില്‍ എന്നെ കെട്ടിത്തൂക്കിയിരിക്കയാണ്. പെട്ടെന്നാണ് അമ്മച്ചി കയറിവന്നത്. തൂക്കിയിട്ടിരിക്കുന്ന എന്നെ കണ്ട് അമ്മച്ചിക്ക് അന്ധാളിപ്പായി. എന്റെ മോനേ തൂക്കിക്കൊന്നേ എന്നു പറഞ്ഞ് അമ്മച്ചി നിലവിളി തുടങ്ങി. കുറച്ചുകഴിഞ്ഞാണ് നാടകമാണെന്ന് അമ്മച്ചിക്കു മനസിലായത്. അതോടെ നിലവിളി ദേഷ്യത്തിന് വഴിമാറി. 

മുറ്റത്തുകിടന്ന ഒരു ഓലമടല്‍ ഒടിച്ചെടുത്ത് അടി തുടങ്ങി. അടിയെന്നാല്‍ മടല്‍ ഒടിയും വരെ അടികിട്ടി.'അമ്മച്ചിക്ക് നാടകം എന്ന് കേള്‍ക്കുന്നതേ കലി ആയിരുന്നു. അതിന് കാരണവുമുണ്ട്. ആന്റണിയുടെ ചേട്ടന്‍ നാടകകൃത്തും നടനും ആയിരുന്നു. നാടകം സംഘടിപ്പിക്കാന്‍ വേണ്ടി വീട്ടിലെ സാധനങ്ങളൊക്കെ ആരും അറിയാതെ വിറ്റുതുലച്ച് ധൂര്‍ത്തപുത്രന്‍ എന്ന പേര് അക്കാലത്തേ ചേട്ടന്‍ കേള്‍പ്പിച്ചിരുന്നു. ചേട്ടന്റെ വഴിയേ അനിയന്‍കൂടി പോയേക്കുമെന്ന് അമ്മ ഭയപ്പെട്ടിരുന്നു. ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് സ്‌കൂളിലായിരുന്നു ആന്റണിയുടെ പഠനം. സ്‌കൂള്‍ കാലത്തുതന്നെ നാടകം ഹൃദയത്തെ കീഴടക്കിയിരുന്നു. തമിഴ് നാടകങ്ങളുടെ ചുവടുപിടിച്ച നാടകങ്ങളുടെ കാലമായിരുന്നു അത്. ചേട്ടന്‍ എഴുതിയ മാനസാന്തരം എന്ന നാടകത്തില്‍ ബാലനടനായാണ് ആന്റണിയുടെ രംഗപ്രവേശം. അക്കാലത്ത് ശശിധരന്‍ എന്ന ഒരു സിനിമ പുറത്തിറങ്ങി. 1950-ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ 'ഇന്നു ഞാന്‍ നാളെ നീ' എന്ന കവിത ഉള്‍പ്പെടുത്തിയിരുന്നു. ആ കവിത ആന്റണി ഹൃദിസ്ഥമാക്കി സ്‌കൂളില്‍ ചൊല്ലി. റൂബി എന്ന ടീച്ചര്‍ക്ക് ചൊല്ലല്‍ ഇഷ്ടപ്പെട്ടു. കലാകാരനായ വിദ്യാര്‍ത്ഥിയോട് അധ്യാപികയ്ക്ക് വാത്‌സല്യമായി. അന്നത്തെ പ്രമുഖ ഗാനരചയിതാവും നാടക സംവിധായകനുമായ നെല്‍സണ്‍ ഫെര്‍ണാണ്ടസിന്റെ സഹോദരിയായിരുന്നു അവര്‍. കലാബോധമുള്ള ടീച്ചര്‍ ശിഷ്യന്റെ കലാവാസനയ്ക്ക് തണല്‍നല്‍കി. ചങ്ങമ്പുഴയുടെ രമണന്‍ റൂബിടീച്ചര്‍ ബോര്‍ഡില്‍ എഴുതിയിട്ട് ആന്റണിയെക്കൊണ്ട് ചൊല്ലിക്കും. ആ തണലാണ് തന്നിലെ കലാകാരനെ തെളിച്ചെടുത്തതെന്ന് ആന്റണി ഓര്‍മിക്കുന്നു. സ്‌കൂള്‍കാലത്തുതന്നെ ബാലനടനായും അറിയപ്പെട്ടു തുടങ്ങി. 

1956-ല്‍ ആദ്യ സ്‌കൂള്‍ യുവജനോത്‌സവം കേരളത്തില്‍ നടന്നു. അക്കാലത്ത് എട്ടാംക്‌ളാസ് വിദ്യാര്‍ത്ഥിയായിരുന്നു ആന്റണി. യുവജനോത്‌സവത്തില്‍ ഒരു നാടകം അവതരിപ്പിക്കാന്‍ ആന്റണിക്കും കൂട്ടുകാര്‍ക്കും ആഗ്രഹം തോന്നി. നാടകകൃത്തായ ചേട്ടനോട് ഒരു നാടകം എഴുതിത്തരുമോയെന്ന് ചോദിച്ചു. അനിയന്റെ ആവശ്യത്തെ പുച്ഛത്തോടെ ചേട്ടന്‍ തള്ളിക്കളഞ്ഞു. ആ വാശിക്ക് ആന്റണിതന്നെ ഒരു നാടകം എഴുതി. ജീവിതം ആരംഭിക്കുന്നു എന്നായിരുന്നു നാടകത്തിന്റെ പേര്. 'കഥതേടി ഞാന്‍ എങ്ങോട്ടും പോയില്ല. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍തന്നെ കഥയാക്കിമാറ്റി. ചേട്ടനും അപ്പനും ഞാനുമായിരുന്നു കഥാപാത്രങ്ങള്‍. ദുഷ്ടനായ ഒരു ചേട്ടന്‍, രോഗിയായ അച്ഛന്‍, നല്ലവനായ അനുജന്‍ ഇതൊക്കെയായിരുന്നു കഥാപാത്രങ്ങളുടെ സ്വഭാവം. നാടകാന്ത്യം ദുഷ്ടനായ ചേട്ടന് മനംമാറ്റം ഉണ്ടാകുന്നതായിരുന്നു കഥാതന്തു. നാടകം എഴുതിക്കഴിഞ്ഞ് ഹെഡ്മാസ്റ്ററെ കൊണ്ടുപോയി കാണിച്ചു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ശരിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ തന്നെ എഴുതിയതാണോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. ആ നാടകം യുവജനോത്‌സവത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെ എനിക്കും നാടകം എഴുതാന്‍ കഴിയുമെന്ന് ആത്മവിശ്വാസം തോന്നി.'ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ കണ്ണുകള്‍ എന്ന ഒരു നാടകം ആന്റണി എഴുതി. ഈ നാടകം ഇഷ്ടപ്പെട്ട ചേട്ടന്‍ നാട്ടിലെ ടാഗോര്‍ കലാകേന്ദ്രം പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞു. അവര്‍ നല്ലൊരു നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ 'കണ്ണുകള്‍' കലാകേന്ദ്രം വേദിയിലെത്തിച്ചു. അന്നത്തെ പ്രധാന നാടക കലാകാരന്മാരായ എം.ജി. മാത്യു, മരട് ജോസഫ്, പി.സി. സോഹന്‍, ജെ. ബാലന്‍, പങ്കജവല്ലി എന്നിവരായിരുന്നു അഭിനേതാക്കള്‍. ഗാനരചന നെല്‍സണ്‍ ഫെര്‍ണാണ്ടസും സംഗീതം എം.കെ. അര്‍ജുനന്‍ മാഷുമാണ് നിര്‍വഹിച്ചത്. 'കണ്ണുകള്‍' ശ്രദ്ധിക്കപ്പെട്ടതോടെ ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുന്ന ആന്റണി, നാടകകലാകാരനായി നാട്ടില്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നു.'കണ്ണുകള്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ എനിക്ക് ദുരനുഭവമാണ് സമ്മാനിച്ചത്. കാരണം പ്രൊഫഷണല്‍ നടന്മാരായിരുന്നു ആ നാടകത്തിലെ അഭിനേതാക്കള്‍. റിഹേഴ്‌സല്‍ ക്യാമ്പുകളൊക്കെ അന്നത്തെ പ്രമുഖ നടനായ എന്‍. ഗോവിന്ദന്‍കുട്ടിയെപ്പോലെയുള്ളവര്‍ വന്ന് കയ്യടക്കി. നാടകകൃത്തിനെ പുറന്തള്ളി ക്യാമ്പുകളില്‍ അവര്‍ ആധിപത്യം ഉറപ്പിച്ചു. ഇത് എനിക്ക് മനോവിഷമം ഉണ്ടാക്കി. വലിയ നടന്മാരെ പുറത്താക്കണമെന്ന് ഞാന്‍ ആവശ്യം ഉയര്‍ത്തി. ഇതേതുടര്‍ന്ന് ഗോവിന്ദന്‍കുട്ടി ഇറങ്ങിപ്പോയി. അക്കൂട്ടത്തില്‍ മറ്റ് അഭിനേതാക്കളും പോയതോടെ ആ നാടകത്തിന്റെ അവതരണം അവസാനിച്ചു. ഇതോടെ പ്രൊഫഷണല്‍ നാടകരംഗത്തോട് എനിക്ക് വല്ലാത്ത അകല്‍ച്ചയായി'-ആന്റണി പറഞ്ഞു. പിന്നീട് വഴിത്തിരിവ്, മനുഷ്യപുത്രന്‍ എന്നീ നാടകങ്ങള്‍ ആന്റണി എഴുതി. ഇതില്‍ മനുഷ്യപുത്രന് ശ്രദ്ധേയവേദികള്‍ ലഭിച്ചതോടെ 1965-ല്‍ അന്നത്തെ പ്രമുഖ പ്രസാധകരായ ശ്രീകൃഷ്ണവിലാസം ബുക്ക് ഡിപ്പോ ആ നാടകം പുസ്തകമാക്കി. 

സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ അംഗീകാരവും ഈ നാടകത്തിന് ലഭിച്ചു. നാടകകമ്പം കൂടിയതോടെ എസ്.എസ്.എല്‍. സിയോടെ ആന്റണിയുടെ പഠനം അവസാനിച്ചു. തുടര്‍ന്ന് കപ്പലില്‍ ചരക്ക് കയറ്റിയിറക്കുകളുടെ റ്റാലി ക്‌ളര്‍ക്കായും ഇന്‍ഡോകെമിക്കല്‍ കമ്പനിയില്‍ പ്‌ളാന്റ് ഓപ്പറേറ്ററായും ജോലി ചെയ്തുവെങ്കിലും മനസില്‍ നാടകസ്വപ്നത്തിന്റെ യവനിക വീണിരുന്നില്ല. രാഷ്ര്ടീയക്കാലം  'ഫോര്‍ട്ടുകൊച്ചി വെളിയില്‍ നിന്ന് പടിഞ്ഞാട്ടുനോക്കിയാല്‍ അന്ന് കടല്‍ പരന്നുകിടക്കുന്നത് കാണാം. കടലിനും എനിക്കും ഇടയില്‍ ശ്മശാനവും വെടിക്കുന്നുമുണ്ട്. അവിടവിടെ വാകമരങ്ങളും, താഴെ പഞ്ചാരമണലില്‍ ചുവന്ന വാകപ്പൂക്കളും. അമ്പതുകളില്‍ ജയിലിലടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാര്‍ മോചിതരായപ്പോള്‍ ഇവിടെ വച്ച് കൊടുത്ത ഒരു സ്വീകരണം ഇന്നും മനസില്‍ ചുവന്നുകിടക്കുന്നുണ്ട്. എനിക്ക് ഫ്രാന്‍സിസ് എന്ന പേരുള്ള ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവന്റെ വീട്ടുകാര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു. അവന്റെ വീട്ടില്‍ ഞാനെപ്പോഴും പോയിരുന്നു. ആ സ്വധീനത്തില്‍ ഞാനും കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അടുത്തു. എന്റെ അമ്മയുടെ ചേട്ടത്തിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പശ്ചിമകൊച്ചിയിലെ തൊഴിലാളി നേതാവായിരുന്നു. അവരുടെ ഭര്‍ത്താവ് ഒരു കയര്‍ഫാക്ടറിയില്‍ മൂപ്പന്‍ ആയിരുന്നു. പ്രസ്തീനയെന്നായിരുന്നു പേര്. നല്ലഉയരവും ഒത്തതടിയും ആയിരുന്നു അവര്‍ക്ക്. അക്കാലത്ത് 18 കേസുകളില്‍ അവര്‍ പ്രതിയായിരുന്നു. ഉണ്ണിയാര്‍ച്ച പ്രസ്തീന എന്നായിരുന്നു അവരെ നാട്ടുകാര്‍ വിളിച്ചിരുന്നത്. ഇതൊക്കെ കണ്ടുവളര്‍ന്ന ഞാന്‍ പിന്നെങ്ങനെ കമ്മ്യൂണിസ്റ്റ് അല്ലാതാകും?' ആന്റണി ചോദിക്കുന്നു.  ആന്റണി ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോഴാണ് ഒരണ സമരം നടക്കുന്നത്. ആ സമരത്തില്‍ പങ്കെടുത്തതിന് കൂട്ടുകാരനായ ജോസിയെ കമ്മ്യൂണിസ്റ്റുകാര്‍ മര്‍ദ്ദിച്ചു. ഇതേതുടര്‍ന്ന് പിറ്റേന്ന് കൂട്ടുകാരനെ മര്‍ദ്ദിച്ച പ്രതിഷേധത്തില്‍ ആന്റണിയും പങ്കെടുത്തു. സമരക്കാരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിലേക്ക് കൊണ്ടുപോയി. കോടതി 13 ദിവസത്ത തടവുശിക്ഷ ആന്റണിക്ക് വിധിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ശിക്ഷ. പിന്നീട് വിമോചനസമരത്തിലും പങ്കെടുത്തു. ഇതിന്റെ പേരില്‍ ആന്റണിയെ കമ്മ്യൂണിസ്റ്റുകാര്‍ അടിക്കാന്‍ പിടിച്ചു. ഇതില്‍ മനംനൊന്ത് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ ചേട്ടനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. അക്കാലത്തുനടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ പശ്ചിമകൊച്ചിയില്‍ മുന്നില്‍ നിന്നത് കോണ്‍ഗ്രസുകാരായിരുന്നു. കള്ളവോട്ട് ചെയ്യുന്നവര്‍ക്ക് കൊടുക്കാനുള്ള കൈക്കൂലിയായ രണ്ടുരൂപയുമായി പോയതൊക്കെ ആന്റണിക്ക് ഓര്‍മയുണ്ട്. ഒരണ സമരത്തോടെ തുടങ്ങിയ കോണ്‍ഗ്രസ് ബന്ധം കള്ളവോട്ടിനുള്ള രണ്ട് രൂപയോടെ അവസാനിപ്പിച്ചു. ആ കള്ളത്തരം പാപബോധമായി മനസില്‍ കറപിടിച്ചപ്പോള്‍, ത്രിവര്‍ണ്ണത്തോട് ഓക്കാനമായെന്ന് ആന്റണി.കെ.എസ്.വൈ.എഫ് ഫോര്‍ട്ടുകൊച്ചി മേഖലാ പ്രസിഡന്റ് എന്ന നിലയിലേക്ക് രാഷ്ര്ടീയ പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോഴും നാടകം തന്നെയായിരുന്നു ആന്റണിയുടെ മുഖ്യരംഗം. 

1971-ല്‍ സി.ഐ.ടി.യു രൂപീകരിച്ചതിന്റെ ഒന്നാംവാര്‍ഷികത്തില്‍ മനുഷ്യപുത്രന്‍ എന്ന നാടകവുമായി ആന്റണി വീണ്ടും അരങ്ങിലെത്തി. വിപല്‍ പ്രസ്ഥാനങ്ങളുടെ പ്രസക്തി ചര്‍ച്ച ചെയ്യുന്ന നാടകമായിരുന്നു അത്. അക്കാലത്തുനടന്ന മിച്ചഭൂമി സമരത്തിന്റെ പശ്ചാത്തലത്തില്‍ ആ നാടകം രാഷ്ര്ടീയമായി ചര്‍ച്ചചെയ്യപ്പെട്ടു. അമച്വര്‍ നാടകങ്ങളില്‍ സജീവമായിരുന്നെങ്കിലും ഉപജീവനത്തിന് കാര്യമായ വരുമാനമൊന്നും നാടകത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല.സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടി ഫോര്‍ട്ടുകൊച്ചിയിലെ വീടും സ്ഥലവും വിറ്റതോടെ അമരാവതി സ്‌കൂളിനു സമീപത്തെ പാര്‍ട്ടി ഓഫീസിലേക്ക് ആന്റണി താമസം മാറ്റി. രാഷ്ടീയ നാടകങ്ങളിലൂടെ പാര്‍ട്ടിയുടെ നാടകകൃത്ത് എന്ന നിലയില്‍ ആന്റണി ശ്രദ്ധ നേടിയതും അക്കാലത്താണ്.  ഫോര്‍ട്ടുകൊച്ചിയില്‍ കെ. എസ്. വൈ.എഫിന്റെ മേഖലാസമ്മേളനം നടക്കുന്ന സമയം പെട്ടെന്ന് ഒരു വണ്ടി പൊലീസെത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നും സമ്മേളനങ്ങള്‍ നടത്തരുതെന്നും പറഞ്ഞത് ആന്റണിക്ക് ഓര്‍മയുണ്ട്. പല പാര്‍ട്ടിപ്രവര്‍ത്തകരും പിന്നീടുള്ള ദിനങ്ങളില്‍ പൊലീസ് പിടിയിലായി. പലരും ഒളിവിലും പോയി. 'അന്നൊക്കെ രാത്രി പാര്‍ട്ടി ഓഫീസിന് അടുത്തു താമസിക്കുന്ന ഒരാളെക്കൊണ്ട് പൂട്ടിച്ചശേഷമാണ് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്. ഒരു ദിവസം രാത്രി കതകിലൊരു മുട്ട് കേട്ടു. ഉറക്കത്തിലായിരുന്ന ഞാന്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് ലൈറ്റിട്ടതോടെയാണ് പൊലീസാണെന്ന് മനസിലായത്. പാര്‍ട്ടി സെക്രട്ടറി കാര്‍ത്തികേയനെ തിരഞ്ഞാണു അവരെത്തിയത്. വാതിലിന് ചവിട്ടി കുറെ ചീത്തവിളിച്ചു. അകത്ത് കാര്‍ത്തികേയന്‍ അല്ലെന്നറിഞ്ഞതോടെ നാളെവന്ന് നിന്നെ പൊക്കുമെന്ന് പറഞ്ഞ് അവര്‍ പോയി. ഈ ബഹളം കേട്ട് താക്കോല്‍ സൂക്ഷിച്ചിരുന്നയാള്‍ വന്ന് കതകുതുറന്നുതന്നതോടെ ഞാന്‍ രക്ഷപ്പെട്ടു.

' 1976-ല്‍ ഇന്ദിരാഗാന്ധി കേരളത്തിലേക്ക് വന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പൊലീസ് അടിച്ചമര്‍ത്തി നാട് ഭരിക്കുന്ന കാലം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെത്തുന്ന ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. എല്ലാവരും കമ്പുകളില്‍ കെട്ടിയപ്പോള്‍ ആന്റണി കൊടി കെട്ടിയത് ഇരുമ്പുകമ്പിയില്‍ ആയിരുന്നു. ഷിപ്പ്‌യാര്‍ഡില്‍ ഇന്ദിരാഗാന്ധി വന്നതോടെ പുറത്തു കാത്തുനിന്ന പ്രവര്‍ത്തകര്‍ ഇടിച്ചുകയറി. കൊടികെട്ടിയ കമ്പി എടുത്ത് ആന്റണി എറിഞ്ഞു. പൊലീസ് ലാത്തിവീശി അടിച്ചു. കൊടിയ മര്‍ദ്ദനമാണ് ആന്റണിയടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് അന്നേറ്റത്. അക്കാലത്ത് മറ്റൊരു ദിവസം പാതിരാത്രി അടിയസ്ഥരാവസ്ഥയ്‌ക്കെതിരെ ആന്റണി ഫോര്‍ട്ടുകൊച്ചിയില്‍ കരിങ്കൊടി കെട്ടി. ഇക്കാര്യം എങ്ങനെയോ അന്വേഷിച്ചറിഞ്ഞ പൊലീസുകാര്‍ തേടി വന്നു. പൊലീസ് തിരയുന്നുണ്ടെന്നറിഞ്ഞ് മദ്രാസിലേക്ക് വണ്ടികയറി.പുസ്തകവില്‍പ്പനയിലേക്ക്മദ്രാസില്‍ വണ്ടിയിറങ്ങുമ്പോള്‍ സിനിമ എന്നൊരു ലക്ഷ്യവും ഉണ്ടായിരുന്നു. സിലോണ്‍ റേഡിയോയില്‍ ജോലി നോക്കിയിരുന്ന സുഹൃത്ത് ജെ.എം. രാജുവിനെ ചെന്നുകണ്ട് ആഗ്രഹം അറിയിച്ചു. നീ ആദ്യം റേഡിയോ നാടകങ്ങള്‍ എഴുതെന്നായി രാജു. കമ്മ്യൂണിസ്റ്റ് വിരുദ്ധ നാടകങ്ങള്‍ ആയിരിക്കണമെന്ന നിര്‍ബന്ധവും അയാള്‍ മുന്നോട്ടുവച്ചു. ഇതിന് തയാറാകാത്തതിനാല്‍ അവസരങ്ങളുടെ വാതില്‍ ആന്റണിക്കു മുന്നില്‍ കൊട്ടിയടഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ മദ്രാസില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി.ആന്റണിയുടെ നാല്‍പ്പതാം വയസിലാണ് സ്വന്തം നാടകത്തിലെ നടിയായിരുന്ന ലീന ജീവിതപങ്കാളിയായത്. കല്യാണം കഴിഞ്ഞു നേരെപോയതു അമരാവതിയിലെ പാര്‍ട്ടിഓഫീസിലേക്ക്. തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ചേര്‍ത്തല പൂച്ചാക്കലിലെ ഉളവൈപ്പിലേക്ക് ജീവിതം പറിച്ചുനട്ടു. കമ്യൂണിസ്റ്റ് ഗ്രാമമായ ഇവിടെ മീന്‍പിടിച്ചും മത്‌സ്യകൃഷി നടത്തിയും കഴിയാനായിരുന്നു ഉദ്ദേശ്യം. പക്ഷേ, പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ ഫുള്‍ടൈം നാടകജീവിതത്തിലേക്കുതന്നെ ഇറങ്ങിത്തിരിച്ചു. രാജന്‍ സംഭവത്തെ പശ്ചാത്തലമാക്കി ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം മധ്യകേരളത്തില്‍ അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ നാടകം പുസ്തകരൂപത്തില്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. കടം വാങ്ങിയാണ് നാടകം കളി. രാഷ്ര്ടീയ നാടകത്തിനൊന്നും വേദികള്‍ കിട്ടുന്നില്ല. അമ്പലപ്പറമ്പ് നാടകമെഴുതാന്‍ മനസ് അനുവദിക്കുന്നുമില്ല. വീട് പട്ടിണിയിലാകുമെന്ന അവസ്ഥ. ആകെ അറിയാവുന്നത് നാടകം മാത്രം. ജീവിതം വന്ന് ശ്വാസം മുട്ടിക്കുന്ന നിമിഷം. ഏതുകലാകാരനും തന്നില്‍ വെള്ളം ചേര്‍ത്തു പോകുന്ന നിമിഷം. മക്കളുടെ മുഖം. അവര്‍ വിശന്നു കൂടല്ലോ... എന്തുചെയ്യുമെന്നറിയാതെ ശൂന്യതയിലേയ്ക്ക് നോക്കിപ്പോയ ഒരു നിമിഷം.

ഒരിക്കല്‍ ചെറുകാട് കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തി. ആന്റണി അത് ഓര്‍മിക്കുന്നതിങ്ങനെ: 'ഒരു ചുവന്ന സഞ്ചിയില്‍ കമ്മ്യൂണിസ്റ്റ് ഗ്രന്ഥങ്ങളും തൂക്കിയിട്ട് നടന്നുവരുന്നതായാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എറണാകുളം ടി.ബിയില്‍ അദ്ദേഹം ക്യാമ്പ് ചെയ്തിരിക്കയായിരുന്നു. ഒരുപാട് നേരം സംസാരിച്ചു. അമച്വര്‍ നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു, നീ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ അച്ചടിച്ച് പുസ്തകമാക്കി നീ തന്നെ കൊണ്ടുനടന്ന് വില്‍ക്ക്. നമ്മള്‍ നമ്മുടെ കൃതികള്‍ വിറ്റാല്‍ പിന്നെ നമ്മളെയാരും ചൂഷണം ചെയ്യാന്‍ വരില്ല'. എഴുപതുകളുടെ തുടക്കത്തില്‍ നടന്ന ആ കൂടിക്കാഴ്ചയില്‍ ചെറുകാട് പറഞ്ഞ വാക്കുകള്‍ ആന്റണി മറന്നില്ല. അങ്ങനെയാണ് പുസ്തക പ്രസാധന വില്‍പ്പന രംഗത്തേക്ക് തിരിയുന്നത്. കലാകേന്ദ്ര പ്രസിദ്ധീകരണ ശാല അങ്ങനെ ആരംഭിച്ചു.  പുസ്തകം പ്രിന്റു ചെയ്ത് കിട്ടിയാല്‍ അത് അടുക്കി, തുന്നി, തുരിശ് ചേര്‍ത്ത പശ ഉപയോഗിച്ച് കവറൊട്ടിക്കുന്ന ജോലി വരെ ഭാര്യയും മക്കളും ആന്റണിയും കൂടി ചെയ്യും. അത് പ്രസില്‍ കൊണ്ടുപോയി കട്ട് ചെയ്താണ് വില്‍പ്പന. 

33 വര്‍ഷമായി ആന്റണി നടക്കുകയാണ്. നടന്നു തീര്‍ത്ത കിലോമീറ്ററുകള്‍ അനുഭവങ്ങളായി പിന്നിലുണ്ട്. 'ആദ്യമായി കുരുതിയെന്ന നാടകവുമായി വില്‍പ്പനയ്ക്കിറങ്ങി. ഒരു രൂപയായിരുന്നു വില. അത് ഒരു അധ്യാപകന്‍ വാങ്ങി. മറ്റുവീടുകള്‍ കയറി തിരിച്ചെത്തിയപ്പോള്‍, അയാള്‍ എന്നെയും കാത്ത് നില്‍ക്കുകയായിരുന്നു. അത്ര നേരം കൊണ്ട് അദ്ദേഹം ആ നാടകം വായിച്ചു കഴിഞ്ഞിരുന്നു. നാടകം അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടു. അഞ്ച് രൂപ തന്നിട്ട് അദ്ദേഹം പറഞ്ഞു ഇത് ഈ നാടകം എഴുതിയ ആള്‍ക്ക് കൊടുക്കണമെന്ന്. അത് വലിയ പാരിതോഷികമായി. ഏറ്റവും ദുരിതം പട്ടി കടിക്കുമ്പോഴാണ്. നായയുണ്ട് സൂക്ഷിക്കുക എന്നെഴുതി വെക്കാത്ത വീടുകളുണ്ടാകും. നായയില്ലെന്നു കരുതിയാകും ഗേറ്റ് തുറന്ന് ചെല്ലുന്നത്. അപ്പോള്‍ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്ന നായകള്‍ക്കു മുന്നില്‍ എന്തു ചെയ്യാന്‍'- ആന്റണി ചോദിക്കുന്നു.   ഇക്കാലമത്രയും നടന്നതിന്റെ തഴമ്പായി, ആന്റണിയുടെ കാലുകളില്‍ ചുടുവാതമുണ്ട്. കാലപ്പഴക്കം ചെന്ന ഒരു മരത്തിന്റെ വേരുകള്‍ പോലെതോന്നിക്കും അത്. അതെ, നടക്കുകയാണ് ആ വന്മരമിപ്പോഴും...  മോചനം, കുരുതി, മരണം, ഇരുട്ടറ തുടങ്ങി പത്തോളം നാടകങ്ങളാണ് ഇതിനകം പുസ്തകമാക്കി ആലപ്പുഴ, എറണാകുളം ജില്ലകളിലായി വിറ്റുതീര്‍ത്തത്. അമച്വര്‍ നാടകവേദിയില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഉപജീവനമാര്‍ഗം പുസ്തകവില്‍പ്പന മാത്രമായി. മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റിയത് ഈ തൊഴിലിലൂടെയാണ്. 'കുരുതി' എന്ന നാടകം ഇതിനകം 22,000 കോപ്പികള്‍ വിറ്റുതീര്‍ന്നു. അമ്പിളി, നാന്‍സി, തിരക്കഥാകൃത്തായ ലാസര്‍ഷൈന്‍ എന്നിവരാണ് മക്കള്‍. വില്‍ക്കാന്‍ പുസ്തകം ഇല്ലാതിരുന്ന കാലത്ത് മകന്‍ എഴുതിയ പുഴ കത്തുമ്പോള്‍ മീനുകള്‍ എന്ന കഥാസമാഹാരവും അപ്പന്‍ നടന്ന് വിറ്റിട്ടുണ്ട്.   'ഇനിയെങ്ങോട്ടാണ്?'- ആന്റണിയോട് ചോദിച്ചു. തീവെയിലിലേയ്ക്ക് കുടകളില്ലാതെ പുസ്തക സഞ്ചിയും തൂക്കിയിറങ്ങിയ ആന്റണി പറഞ്ഞു ഇനിയും പുസ്തകം കൊടുക്കാനുണ്ട്. മുന്നിലെ വഴികള്‍ തിരശ്ശീല ഉയര്‍ത്തി, ആന്റണിയുടെ നാടകം വീണ്ടും പ്രേക്ഷകരിലേക്ക്...


കെ.എല്‍ ആന്റണിയെ കുറിച്ച് 2013 നവംബര്‍ എട്ടിന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com