വെറൈറ്റിക്ക് കല്യാണച്ചെക്കനെ ശവപ്പെട്ടിയില്‍ ആക്കി; തമാശ അതിരുവിട്ടപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് ശവമഞ്ചം പൊളിച്ച് തോട്ടിലിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2018 05:21 AM  |  

Last Updated: 25th December 2018 05:21 AM  |   A+A-   |  

marriage

 

ല്യാണത്തിന് നവവരനും വധുവിനും പണികൊടുക്കാനായി സ്‌ക്രിപ്റ്റ് തയാറാക്കി കാത്തിരിക്കുന്നവരാണ് ഫ്രണ്ട്‌സ്. തമാശയൊക്കെ എല്ലാവരും ആസ്വദിക്കും. എന്നാല്‍ ചില സമയങ്ങളില്‍ സുഹൃത്തുക്കളുടെ ഈ കളി കൈവിട്ടുപോകും. അവസാനം നാട്ടുകാരും വീട്ടുകാരും ഇടപെട്ട് കൈയാങ്കളിയുടെ വക്കോളം എത്തുന്ന സംഭവങ്ങളുമുണ്ട്. അടുത്തിടെ കണ്ണൂരില്‍ നടന്ന കല്യാണ ആഘോഷം അവസാനിച്ചത് നാട്ടുകാരുടെ ചീത്തവിളിയിലാണ്. 

കുറച്ച് വ്യത്യസ്തനാവാന്‍ കല്യാണമണ്ഡപത്തിലേക്കുള്ള എന്‍ട്രി ഒന്ന് മാറ്റിപ്പിടിക്കാനാണ് കൂട്ടുകാരും കല്യാണചെക്കനും ചേര്‍ന്ന് തീരുമാനിച്ചത്. ബുള്ളറ്റും ബിഎംഡബ്ല്യൂവും എല്ലാം കണ്ട് പഴകിയതുകൊണ്ട് വെറൈറ്റിയായി ശവപ്പെട്ടിയില്‍ ചെക്കനെ കൊണ്ടുവരാനായിരുന്നു പരിപാടി. വീട്ടുകാര്‍ ഒരുക്കിയ ആഡംബര കാര്‍ വേണ്ടെന്നുവെച്ച് ചെക്കനെ പെയിന്റടിച്ച് സുന്ദരമാക്കിയ ശവപ്പെട്ടിയില്‍ കിടത്തി. വെളളപുതപ്പിച്ച് ശരിക്ക് ശവമാക്കിയായിട്ടായിരുന്നു കല്യാണവീട്ടിലേക്കുള്ള യാത്ര. 

കൂട്ടുകാര്‍ കൊണ്ടുവന്ന വണ്ടിയില്‍ യുവാവും ഹാപ്പിയായിരുന്നു. ഇടയ്ക്ക് എഴുന്നേറ്റ് നാട്ടുകാരെ അഭിവാന്ദ്യം ചെയ്യാനും മറന്നില്ല. എന്നാല്‍ ഇത് അറിഞ്ഞ് പെണ്ണിന്റെ വീട്ടുകാര്‍ പ്രശ്‌നത്തിലായി. അടുത്ത ബന്ധുവിന് ദേഹാസ്വാസ്ഥ്യം കൂടി ഉണ്ടായതോടെ കളിമാറി. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ചേക്കന്റേയും കൂട്ടുകാരുടേയും ചെവിക്ക് പിടിച്ചു. യുവാവിനെ പുറത്തിറക്കി നാട്ടുകാര്‍ ശവപ്പെട്ടി തോട്ടില്‍ എറിഞ്ഞു. ഇതോടെ വളരെ വെറൈറ്റിയായി നടന്നാണ് വിവാഹത്തിനായി വധുവിന്റെ വീട്ടില്‍ എത്തിയത്. എന്തായാലും യുവാക്കളുടെ പരീക്ഷണം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.