അഞ്ചുവര്‍ഷമെടുത്തു അവള്‍ക്ക് സ്വദേശം ഓര്‍ത്തെടുക്കാന്‍; പ്രളയത്തില്‍ കാണാതായി തിരിച്ചെത്തിയ  പതിനേഴുകാരിയുടെ അത്ഭുപ്പെടുത്തുന്ന അതിജീവന കഥ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th December 2018 06:55 AM  |  

Last Updated: 26th December 2018 07:01 AM  |   A+A-   |  

 

അലിഗഡ്: 2013ല്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയ  പ്രളയത്തില്‍ കേദാര്‍നാഥില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അലിഗഡ് സ്വദേശിയായ 17കാരിയാണ് അത്ഭുതകരമായി കുടുംബത്തിനൊപ്പം ചേര്‍ന്നത്. 

മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചല്‍ എന്ന പെണ്‍കുട്ടി 12 വയസ്സുള്ളപ്പോള്‍ കേദാര്‍നാഥില്‍ നിന്നാണ്  വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് കാണാതായത്. മാതാപിതാക്കള്‍ക്കൊപ്പം കേദാര്‍നാഥിലേക്ക് നടത്തിയ തീര്‍ഥയാത്രയ്ക്കിടെയാണ് ഇവര്‍ പ്രളയത്തില്‍ അകപ്പെട്ടത്. അമ്മ മാത്രമാണ് പ്രളയത്തില്‍നിന്ന് രക്ഷപ്പെട്ട് വീടെത്തിയത്. 

പ്രളയത്തില്‍പ്പെട്ട് ചഞ്ചല്‍ മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ചഞ്ചലിനെ കണ്ടെത്തുകയും ജമ്മുവിലുള്ള ഒരു അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. വിലാസമോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരമോ പറയാന്‍ ചഞ്ചലിന് കഴിയാത്തതിനാല്‍ വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

കഴിഞ്ഞ ഏതാനും മാസങ്ങളായി ചഞ്ചല്‍ അലിഗഡ് എന്ന സ്ഥലത്തെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്നതായി അവളുടെ പ്രതികരണങ്ങളില്‍നിന്ന് അനാഥാലയ അധികൃതര്‍ക്ക് മനസ്സിലായി. ചഞ്ചലിന്റെ സ്വദേശം അലിഗഡ് ആയിരിക്കാം എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അലിഗഡിലെ ജനപ്രതിനിധിയായ സഞ്ജീവ് രാജയുമായി അധികൃതര്‍ ബന്ധപ്പെട്ടു. അദ്ദേഹം അലിഗഡിലെ 'ചൈല്‍ഡ് ലൈന്‍ അലിഗഡ്' എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ജ്ഞാനേന്ദ്ര മിശ്രയെ വിവരം ധരിപ്പിച്ചു. മിശ്രയാണ് ചഞ്ചലിന്റെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാത കൊച്ചുമകളെ വീണ്ടും കാണാന്‍ സാധിച്ചത് അവിശ്വസനീയമാണെന്ന് ചഞ്ചലിന്റെ മുത്തച്ഛന്‍ ഹരീഷ് ചന്ദും മുത്തശ്ശി ശകുന്തളാ ദേവിയും പറയുന്നു. പ്രളയത്തില്‍ കാണാതായ ചഞ്ചലിന്റെ പിതാവിനെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. തന്റെ പിതാവിനെക്കുറിച്ച് ചഞ്ചല്‍ ഇപ്പോഴും ഓര്‍മിക്കുന്നുണ്ടെന്ന് ഹരീഷ് ചന്ദ് പറയുന്നു.