എലിമാളങ്ങളിലെ കല്‍ക്കരി മനുഷ്യര്‍; മേഘാലയയിലെ ഖനി ഗ്രാമങ്ങളിലെ ജീവിതം (ഡോക്യുമെന്ററി)
By സമകാലികമലയാളം ഡെസ്‌ക് | Published: 27th December 2018 11:22 AM |
Last Updated: 27th December 2018 11:31 AM | A+A A- |

സായ്പുങ്ങ് കല്‍ക്കരി ഖനിയില്‍ പതിനഞ്ച് തൊഴിലാളികള്‍ കുടുങ്ങിയതോടെയാണ് മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനികള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തുള്ള അനധികൃത ഖനനം അവസാനിപ്പിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടും മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നത് ആയിരക്കണക്കിന് അനധികൃത ഖനികളാണ്. അതിലൊന്നാണ് സായ്പുങ്ങിലേത്.
അതിജീവനത്തിന് വേണ്ടി കല്‍ക്കരി ഖനികളുടെ റാറ്റ് ഹോളുകളിലേക്ക് ഇറങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരുണ്ട് ഇവിടങ്ങളില്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ദുരിതക്കുഴികളിലേക്കിറങ്ങി പോകുന്നു, തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ലാതെ... നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളും ആദിവാസികളുമാണ് ഈ ഖനികളില്‍ ജീവന്‍ പണയംവെച്ച് ജോലിചെയ്യുന്നത്. തുച്ഛമായ വേതനത്തിനാണ് ഇവര്‍ റാറ്റ് ഹോള്‍ എന്ന ചെല്ലപ്പേരില്‍ അറിയെപ്പെടുന്ന ഖനികളിലെ ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലേക്ക് ഇറങ്ങിപ്പോകുന്നത്. പ്രിയപ്പെട്ടവര്‍ ഈ റാറ്റ് ഹോളുകളില്‍ പിടഞ്ഞു മരിക്കുന്നത് കണ്‍മുന്നില്‍ കണ്ടാലും വീണ്ടും ഇവിടങ്ങളിലേക്ക് തന്നെ തിരിച്ചിറങ്ങാന്‍ വിധിക്കപ്പെട്ട ജനതയാണിവര്‍...
പലരും ഖനികളിലിറങ്ങിയാല്‍ തിരികെയെത്തുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. മാതാപിതാക്കള്‍ക്കൊപ്പം ഖനികളില്‍ ജോലി ചെയ്യുന്ന കുട്ടികള്‍ ഇവിടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് ഇവര്‍ ഖനികളില്‍ ജോലി ചെയ്യുന്നത്. വായു സഞ്ചാരം തീരെ കുറഞ്ഞ ആഴമേറിയ ഖനികളില്‍ ടോര്‍ച്ച് വെട്ടം മാത്രമാണ് ഇവരുടെ സഹായം.
മഴപെയ്താല്‍, അടുത്തുള്ള പുഴ നിറഞ്ഞാല്‍ ഖനികളില്‍ വെള്ളം നിറയും. പിന്നീട് പുറത്തുകടക്കുന്നത് ദുസ്സഹമാണ്. എത്രയും വേഗം രക്ഷപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് ജീവനോടെ മടകളില്‍ നിന്ന് കയറിവരുമെന്ന് ബന്ധുക്കള്‍ പോലും പ്രതീക്ഷിക്കില്ല.
കുട്ടികളെയെങ്കിലും തങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ത്തണമെന്ന് ഇവരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പത്ത് വയസ്സുമുതല്‍ കുട്ടികള്‍ ഖനികളിലേക്ക് തന്നെയിറങ്ങിത്തുടങ്ങുന്നു. പതിനേഴായിരത്തിലധികം കുട്ടികളാണ് ഖനികളില്‍ പണിയെടുത്തുന്നത് എന്നാണ് ഈയിടെ പുറത്തിറങ്ങിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്.
വ്യാജമദ്യവും മറ്റു ലഹരി വസ്ഥുക്കളും ഇവിടങ്ങളില്‍ സുലഭമാണ്. കൂലിക്ക് പകരം മദ്യം നല്‍കി തൊഴിലാളികളെ പറ്റിക്കുന്ന മുതലാളിമാരും ധാരാളം. മാറിമാറിവരുന്ന സര്‍ക്കാരുകളും ഖനി മുതലാളിമാര്‍ക്ക് അനുകൂലമായ നിലപാടാകളാണ് സ്വീകരിക്കുന്നത്. ഖനികളില്‍ പണിയെടുക്കുന്നവരെ മനുഷ്യരായിപ്പോലും സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും പരിഗണിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവരില്‍ പലരും പലയാനം ചെയ്‌തെത്തിയവരും വോട്ടവകാശമില്ലാത്തവരുമായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ തേടിയെത്താറില്ല.
മേഘാലയയിലെ ഖനി ഗ്രാമങ്ങളിലൂടെ, ഖനികള്‍ക്കുള്ളിലൂടെ,'കല്‍ക്കരി മനുഷ്യരിലൂടെ' സഞ്ചരിച്ച് ആസ്‌ട്രേലിയന്‍ ചാനലായ എസ്ബിഎസ് ഡേറ്റ്‌ലൈന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി കാണാം: