ജിബ്രാന്റെ 'പ്രവാചകന്‍' ഇനി ആര്‍ക്കും പബ്ലിഷ് ചെയ്യാം; പകര്‍പ്പവകാശം ഇല്ലാതാകുന്നതില്‍ അഗതാ ക്രിസ്റ്റിയുടേതും ഡിഎച്ച് ലോറന്‍സിന്റേതുമുള്‍പ്പടെ നൂറ് കണക്കിന് പുസ്തകങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2018 01:06 PM  |  

Last Updated: 31st December 2018 01:06 PM  |   A+A-   |  

 

ലീല്‍ ജിബ്രാന്റെ 'പ്രവാചകനും' അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷണ നോവലുകളും തോമസ് മാന്റെ മാജിക് മൗണ്ടനുമെല്ലാം ഇനി വായനക്കാരന് സ്വന്തമായി പ്രസിദ്ധീകരിക്കാനും ഇഷ്ടമുള്ള കവര്‍ ഡിസൈന്‍ ചെയ്യാനും സാധിക്കും. കോപ്പിറൈറ്റ് കാലാവധി അവസാനിക്കുന്നതോടെയാണ് ലോക ക്ലാസിക്കുകള്‍ എന്ന് വാഴ്ത്തപ്പെടുന്ന പുസ്തകങ്ങള്‍ വായനക്കാരനിലേക്ക് പൂര്‍ണമായും എത്തുന്നത്.

1923 ലാണ് പുസ്തക പ്രസാധകനായ ആല്‍ഫ്രഡ് എ നോപ്പ് , അത്രയൊന്നും അറിയപ്പെടാതിരുന്ന ലെബനീസ് അമേരിക്കന്‍ കവിയായിരുന്ന ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ എന്ന കൃതി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. വെറും സാധാരണ പുസ്തകത്തിന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് 1500 കോപ്പികള്‍ പ്രിന്റ് ചെയ്തതെന്ന് നോപ്പ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. നോപ്പിനെ ഞെട്ടിച്ച് 9 ലക്ഷം കോപ്പികളാണ് വടക്കേ അമേരിക്കയില്‍മാത്രം 'ആ നേര്‍ത്ത പുസ്തകം ' വിറ്റഴിഞ്ഞത്. 

ഇതോടെ കോപ്പിറൈറ്റ് അവസാനിച്ച പുസ്തകങ്ങളുടെ കൂടുതല്‍ എഡിഷനുകള്‍ പുറത്ത് വരും. വിലയും കുറയും. ഡിജിറ്റല്‍, ഓഡിയോ, പിഡിഎഫ് പകര്‍പ്പുകള്‍ ആര്‍ക്കും വില്‍ക്കാനും വില്‍പ്പനയ്ക്കായി ആമസോണ്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കാനും സാധിക്കും. ഹെമിങ് വേയുടേയും വിര്‍ജീനിയ വുള്‍ഫിന്റെയും, റുഡ്യാര്‍ഡ് ക്ലിപ്പിങിന്റെയും പുസ്തകങ്ങളും വായനക്കാരന് ഇനി മുതല്‍ സൗജന്യ പിഡിഎഫുകളായി ലഭിച്ചേക്കും.

ചലച്ചിത്രങ്ങളിലേക്കും നാടകങ്ങളിലേക്കും പുസ്തകങ്ങളിലെ ഭാഗങ്ങളും സന്ദര്‍ഭങ്ങളും ഉപയോഗിക്കുന്നതിന് ഇനി പ്രത്യേക അനുമതി വേണ്ടി വരില്ല. ഗൂഗിള്‍ ബുക്‌സ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറികളിലും കോപ്പിറൈറ്റ് അവസാനിക്കുന്ന പുസ്തകങ്ങള്‍ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് കോടിയോളം പുസ്തകങ്ങളാണ് നിലവില്‍ ഗൂഗിളിന്റെ ഡിജിറ്റല്‍ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.