ചക്രകസേരയിലെ അതിജീവനത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍; സൈമണ്‍ ബ്രിട്ടോയെന്ന കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം

സൈമണ്‍ ബ്രിട്ടോയെന്ന കമ്മ്യൂണിസ്റ്റുകാരന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അതിജീവനത്തിന്റെ ഒരു വലിയ പാഠപുസ്‌കമാണ് മലയാളികള്‍ക്ക് മുന്നില്‍ അടയുന്നത്... 
ചക്രകസേരയിലെ അതിജീവനത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍; സൈമണ്‍ ബ്രിട്ടോയെന്ന കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം

ക്രക്കസേരയിലിരുന്നു രാജ്യം ചുറ്റിയ, മനുഷ്യര്‍ക്ക് വേണ്ടി സംസാരിച്ച സൈമണ്‍ ബ്രിട്ടൊയെന്ന കമ്മ്യൂണിസ്റ്റുകാരന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അതിജീവനത്തിന്റെ ഒരു വലിയ പാഠപുസ്‌കമാണ് മലയാളികള്‍ക്ക് മുന്നില്‍ അടയുന്നത്. 

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കെഎസ്‌യുവിന്റെ കൊല കത്തി തളര്‍ത്തിയ ശരീരവുമായി ബ്രിട്ടൊ ചക്രക്കസേരയില്‍ കറങ്ങി. നിയമസഭയിലെത്തി. പുസ്തകങ്ങളെഴുതി. പാര്‍ട്ടിക്ക് തെറ്റ് സംഭവിക്കുമ്പോഴെല്ലാം തിരുത്താനായി നാവുയര്‍ത്തി. അവസാനം മകനെപ്പോലെ നിഴലായി കൂടെ നിന്ന സഖാവ് തനിക്ക് സംഭവിച്ച ദുരന്തത്തെ അനുസ്മരിച്ച് പിടഞ്ഞു മരിച്ചതും കണ്ടു... 

കൊലക്കത്തിയേറ്റ് ശരീരം തളര്‍ന്നതിന് ശേഷം അതിജീവനത്തിന്റെ മുപ്പത്തിയഞ്ച് വര്‍ഷങ്ങളെക്കുറിച്ച് ബ്രിട്ടോ സമകാലിക മലയാളം.കോമിനോട് ഇങ്ങനെ പറഞ്ഞിരുന്നു: 


കൊലക്കത്തി നട്ടെല്ല് തുളച്ച ആ ദിവസം

1983 ഒക്ടോബര്‍ 14 ന് എറണാകുളം ജില്ലാ ആശുപത്രിയുടെ ഇടനാഴിയില്‍ വെച്ചാണ്  കുത്തേറ്റ് വീഴുന്നത്. ആ സമയത്ത് എറണാകുളം ലോ കോളജിലെ അവസാന വര്‍ഷവിദ്യാര്‍ത്ഥിയായിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. പുല്‍പ്പള്ളി സമരം നടന്ന സമയമാണ്. പുല്‍പ്പള്ളി കോളജില്‍ വര്‍ക്ക് ചെയ്യാന്‍ സംഘടന പറഞ്ഞു. പക്ഷേ പരീക്ഷ എഴുതണം എന്നുള്ളതുകൊണ്ട് പോയില്ല. മഹാരാജാസില്‍ കെഎസ് യുവിന്റെ ഭരണം അവസാനിപ്പിച്ച് എസ്എഫ്‌ഐ യൂണിയന്‍ നേടിയ വര്‍ഷമാണ്. പിടിച്ചു നില്‍ക്കാന്‍ ശക്തമായി വര്‍ക്ക് ചെയ്യുന്ന സമയമാണ്. ഞങ്ങള്‍ക്കെതിരെ കെഎസ്‌യുവിന്റെ സ്ഥിരം ആക്രമണങ്ങളുണ്ടായിരുന്നു.

കുത്തു കിട്ടുന്നതിന് മുമ്പ് മൂന്നു തവണ കെഎസ്‌യുവിന്റെ ഭാഗത്ത് നിന്ന് എനിക്കെതിരെ ആക്രമണമുണ്ടായിരുന്നു. അന്നെല്ലാം രക്ഷപ്പെട്ടു. സ്ഥിരമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുയാണ് ഞങ്ങള്‍. അതിനിടയില്‍ നയനാര്‍ മന്ത്രിസഭ മാറി കെ.കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍ രവി ആഭ്യന്തര മന്ത്രിയുമായി. അപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് ആക്രമണങ്ങളേല്‍ക്കേണ്ടി വന്നു. 

ഒക്ടോബര്‍ പതിനാലിന് മാര്‍ക്ക് ലിസ്റ്റ് നോക്കാന്‍ പോകുന്ന സമയത്താണ് മഹാരാജാസില്‍ സംഘര്‍ഷം നടക്കുന്നതെന്ന് അറിയുന്നത്. സംഘര്‍ഷത്തില്‍പ്പെടാന്‍ താത്പര്യമില്ലാത്തതുകൊണ്ട് എറണാകുളം മാര്‍ക്കറ്റിലെ സിഐടിയുക്കാരുടെ അടുത്തേക്കാണ് പോയത്. പിന്നീട് പാര്‍ട്ടി ഓഫീസിലെത്തുമ്പോള്‍ ധാരാളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിയേറ്റ് ഇരിപ്പുണ്ട്. ഇവരെ ആശ്വസിപ്പിച്ച് ജനറല്‍ ഹോസ്പിറ്റലിന് മുന്നില്‍ സംഘടിച്ചു നില്‍ക്കുന്ന എസ്എഫ്‌ഐക്കാരെ പിരിച്ചുവിടാന്‍ പോയതാണ്. അടികൊണ്ടു ചികിത്സയിലുള്ള പ്രവര്‍ത്തകരെ കണ്ട് കാഷ്വാലിറ്റിക്ക് സമീപത്തെ വരാന്തയിലൂടെ നടന്നു വരികയാണ്. ആ സമയത്ത് ഇടനാഴിയലൂടെ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും വരുന്നുണ്ട്. അവിടെ നിന്ന കെഎസ്‌യുക്കാരന്റെ കയ്യിലെ കത്തി ഞാന്‍ കണ്ടു. അത് പിടിച്ചു വാങ്ങാന്‍ അവിടെ നിന്ന പൊലീസുകാരോട് വിളിച്ചു പറഞ്ഞു. ഇതുകേട്ട് ഇയാള്‍ തിരിഞ്ഞു, ഞാന്‍ കരുതിയത് ജനറല്‍ സെക്രട്ടറിയെ കുത്താനാണ് തിരിയുന്നത് എന്നാണ്. ഞാനവിടെ നിന്നു, ഈ സമയത്ത് രണ്ടുപേര്‍ വന്ന് എന്നെ കയറി പിടിച്ചു. മറ്റേയാള്‍ മുന്നില്‍ വന്ന് തലമുടിക്ക് പിടിച്ച് കുനിച്ച് കുത്തി. അപ്പോഴേക്കും പൊലീസും വിദ്യാര്‍ത്ഥികളും ഓടിയെത്തി. സംഘര്‍ഷത്തിനിടയില്‍ വീണ്ടും മൂന്നുതവണ കുത്തേറ്റു. 

അതിജീവനത്തിന്റെ നാളുകള്‍

പത്തുവര്‍ഷത്തോളം തുടരെ ചികിത്സയും വ്യായാമവുമായി കഴിഞ്ഞു. ഇപ്പോഴും ചികിത്സയുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളില്‍ എഴുന്നേറ്റ് നടക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ  എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. പല പല ചികിത്സകള്‍, ആശുപത്രിയും വീടും മാത്രമായി കഴിഞ്ഞ നാളുകള്‍... തോറ്റുപോകില്ലെന്ന് തീരുമാനിച്ചു. കുത്തിയ ആളെ കുറ്റപ്പെടുത്താനൊന്നും പോയില്ല. ആ കിടപ്പിനോട് പൊരുത്തപ്പെടാനും പോയില്ല. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചു. എന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് തിരിച്ചു പോകാന്‍ ശ്രമിച്ചു. ഇന്ത്യ  ചുറ്റിക്കറങ്ങി, പുസ്തകങ്ങളെഴുതി, നിയമസഭയിലെത്തി... പോരാട്ടാമാണ് ജീവിതം, വീണുപോകാന്‍ തയ്യാറല്ല. ഇനിയിപ്പോള്‍ ആരോഗ്യം കുറഞ്ഞുവരും, കൈകള്‍ക്ക് ബലം കുറയും,പുതിയ രോഗങ്ങള്‍ വരും, ഇനി സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്തും നേരിടാനുള്ള മനക്കരുത്ത് ഇക്കാലയളവില്‍ നേടിയെടുത്തിയിട്ടുണ്ട്. രണ്ടു കാലുകള്‍ തളര്‍ന്നു, ഇപ്പോള്‍ എന്റെയീ കൈകളാണ് സുഹൃത്തുക്കള്‍...

സീനയും നിലാവും

സീനയും മകള്‍ നിലാവും വന്നതിന് ശേഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. കൂട്ടായി, തണലായി കൂടെയുണ്ട് അവര്‍. വീണു കിടക്കുമ്പോള്‍ നാലുവയസ്സുകാരി നിലാവ് താങ്ങിയെടുത്തിട്ടുണ്ട്. ഒരുദിവസം ചെയറില്‍ നിന്ന് കിടക്കയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീണുപോയി. മകള്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. പുറകിലെ തൊലി പൊട്ടാതിരിക്കാന്‍ അവളോട് കമിഴ്ത്തിക്കിടത്താന്‍ പറഞ്ഞു. ബെഡ് തറയിലിടാന്‍ പറഞ്ഞു. അവളാണ് ബെഡിലേക്ക് വലിച്ചു കിടത്തിയത്. അതുകഴിഞ്ഞ് അവളൊരു പൊട്ടിക്കരച്ചിലായിരുന്നു... ഞാന്‍ മരിക്കാന്‍ പോകുന്നു എന്നായിരുന്നു അവളുടെ തോന്നല്‍... 

കൂടെയൊരാളും ഇല്ലായിരുന്ന സമയത്താണ് സീന ജീവതത്തിലേക്ക് സ്വയം കടന്നുവരുന്നത്. പിന്നീട് എല്ലാ കാര്യത്തിലും അവള്‍ കൂടെനിന്നു. വലിയ പ്രയാസങ്ങള്‍ എല്ലാം അതിജീവിക്കാന്‍ സീനയുടെ സാന്നിധ്യം കരുത്തു പകരുന്നുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com