24 ശസ്ത്രക്രിയകള്‍ക്ക് രോഗം മാറ്റാനായില്ല; ഈ മനുഷ്യന്‍ വീണ്ടും മരമായി വളരുകയാണ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2018 10:51 AM |
Last Updated: 02nd February 2018 10:51 AM | A+A A- |

ധാക്ക: ഇനി തന്റെ ശരീരം മരം പോലെ വളരില്ലെന്ന ആത്മവിശ്വാസത്തിലാണ് അബ്ദുള്‍ ബജന്ദര്‍ 12 മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രി പടികള്‍ ഇറങ്ങുന്നത്. രോഗം പൂര്‍ണമായി മാറിയെന്ന ഡോക്റ്ററിന്റെ വാക്കുകള്‍ വിശ്വസിച്ച് പതിയെ തന്റെ ജീവിതം തിരിച്ചുപിടിച്ചു തുടങ്ങുകയായിരുന്നു ഈ ബംഗ്ലാദേശ് സ്വദേശി. എന്നാല്‍ ബജന്ദറിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് അയാളുടെ കൈകള്‍ വീണ്ടും വളരാന്‍ തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷമായി ശരീരം മുഴുവന്‍ മരത്തോലി പൊലെ വളരുന്ന അവസ്ഥയില്‍ നിന്ന് 12 മാസം മുന്‍പാണ് ബജന്ദര്‍ രക്ഷപ്പെട്ടത്. 24 ശസ്ത്രക്രിയകള്‍ നടത്തിയായിരുന്നു അദ്ദേഹത്തിന്റെ ശരീരത്തില്‍ വളര്‍ന്ന് പന്തലിച്ച മരത്തെ നീക്കിയത്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതമായാണ് ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ഈ സന്തോഷത്തിന് മാസങ്ങളുടെ ആയുസ്സാണ് ഉണ്ടായിരുന്നത്. വീണ്ടും മരമനുഷ്യനായി മാറിക്കൊണ്ടിരിക്കുകയാണ് ബജന്ദര്‍.
കൈകളില്‍ വളര്‍ച്ച കണ്ടുതുടങ്ങിയതോടെ അദ്ദേഹത്തിന്റെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ബജന്ദര്‍ വര്‍ഷങ്ങളായി ജോലിക്ക് പോയിട്ട്. നാല് വയസുകാരിയായ മകളും ഭാര്യയുമായി ആശുപത്രിയില്‍ കഴിയേണ്ട അവസ്ഥയിലാണ് ഈ യുവാവ്. വീണ്ടും രോഗം കണ്ടുതുടങ്ങിയതോടെ ബജന്ദറിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഇതില്‍ നിന്ന് തനിക്ക് മോചനമുണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇനിയും സര്‍ജറികള്‍ നടത്താന്‍ എനിക്ക് ഭയമാണ്. എന്റെ കൈകളും കാലുകളും വീണ്ടും ശരിയാവുമെന്ന് തോന്നുന്നില്ലെന്ന് 27 കാരന്‍ പറഞ്ഞു.
എപ്പിഡര്‍മോഡിസ്പ്ലാസിയ വെറുസിഫോര്‍മിസ് എന്ന് അറിയപ്പെടുന്ന ട്രീ മാന്‍ ഡിസീസ് എന്ന വളരെ അപൂര്‍വമായ രോഗമാണ് ബജന്ദറിനെ ബാധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ധാക്ക മെഡിക്കല്‍ കോളെജ് ഹോസ്പിറ്റലിലെ ഡോക്റ്റര്‍മാര്‍ സൗജന്യമായാണ് ബജേന്ദറിനെ ചികിത്സിച്ചത്. കാലില്‍ നിന്നും കൈയില്‍ നിന്നുമായി അഞ്ച് കിലോയാണ് നീക്കം ചെയ്തത്. ഈ ആഴ്ച 25 ാമത്തെ സര്‍ജറിക്കായി തയാറായിരിക്കുകയാണ് ഇയാള്‍. ബജേന്ദറിനെ ഇതില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള കഠിന ശ്രമത്തിലാണ് ഡോക്റ്റര്‍മാര്‍.