ഇന്ത്യയില്‍ വില്‍ക്കുന്ന 64% ആന്റിബയോട്ടിക്കുകളും അംഗീകാരമില്ലാത്തത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2018 10:36 AM  |  

Last Updated: 05th February 2018 10:36 AM  |   A+A-   |  

antibiotic

രാജ്യാന്തര മരുന്നുകമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വകവെക്കാതെ ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കുന്നത് തുടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യാന്തരതലത്തില്‍ മനുഷ്യരില്‍ മരുന്നുകളോടുള്ള പ്രതിരോധശേഷി ഉയരുന്നത് തടയിടാനുള്ള ശ്രമങ്ങള്‍ക്ക് അള്ളുവെക്കുന്നതുമാണ് മരുന്നുകമ്പനികളുടെനീക്കം.

അംഗീകൃതമല്ലാത്ത മരുന്നുകളുടെ വില്‍പന ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും 2007നും 2012നും ഇടയില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെട്ട മരുന്നുകളില്‍ 64 ശതമാനവും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ഇല്ലാത്തവയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. 

ഇന്ത്യയിലോ യുഎസിലോ യുകെയിലോ അംഗീകൃതമായിട്ടില്ലാത്ത ദശലക്ഷകണക്കിന് ആന്റിബയോട്ടിക് ഗുളികകളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂകാസ്റ്റില്‍ സര്‍വകലാശാലയുടെ കീഴിലുള്ള ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകറാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ഫാര്‍മകോളജി എന്ന ബ്രിട്ടീഷ് ജേര്‍ണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

ലോകത്താകമാനം നോക്കിയാല്‍ ആന്റിബയോട്ടിക് ഉപഭോഗവും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സും ഉയര്‍ന്ന തോതില്‍ കാണാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. രണ്ടോ അതില്‍ അധികമോ മരുന്നുകള്‍ ഒരു ഗുളികയില്‍ ചേര്‍ത്ത് നിര്‍മിക്കുന്ന എഫ്ഡിസി (ഫിക്‌സ്ഡ് ഡോസ് കോംമ്പിനേഷന്‍) എന്ന രീതി വെറും നാല് ശതമാനം മരുന്നുകളുടെ കാര്യത്തില്‍ മാത്രമാണ് അംഗീകൃതമായിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ 3,3000ലധികം ബ്രാന്‍ഡുകളില്‍ ഇത്തരം മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെന്ന് പഠനം പറയുന്നു.