ദിവസേന 8000 കിളികളെ സ്വന്തം വീട്ടില്‍ വിരുന്നൂട്ടുന്ന ചെന്നൈക്കാരന്റെ കഥ 

63 കാരനായ ജോസഫ് തന്റെ ദിവസശമ്പളത്തിന്റെ പകുതിയും തത്തകളുടെ ഭക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്
ദിവസേന 8000 കിളികളെ സ്വന്തം വീട്ടില്‍ വിരുന്നൂട്ടുന്ന ചെന്നൈക്കാരന്റെ കഥ 

ബേര്‍ഡ്മാന്‍ ഓഫ് ചെന്നൈ, ആള് ഫോട്ടോഗ്രാഫര്‍ ഒക്കെയാണെങ്കിലും ഇങ്ങനെ പറയണം ആളുകള്‍ക്ക് ജോസഫ് ശേഖറിനെ പിടികിട്ടണമെങ്കില്‍. ചെന്നൈയില്‍ റോയപേട്ടയില്‍ താമസിക്കുന്ന ജോസഫ് കഴിഞ്ഞ 11 വര്‍ഷമായി ആയിരക്കണക്കിന് തത്തകളെ വിരുന്നൂട്ടുകയാണ്. ഇതാണ് ബേര്‍ഡ്മാന്‍ ഓഫ് ചെന്നൈ എന്ന വിശേഷണം ജോസഫേട്ടനെ തേടിയെത്തിയതിന് പിന്നിലെ കാരണം. 

63 കാരനായ ജോസഫ് തന്റെ ദിവസശമ്പളത്തിന്റെ പകുതിയും തത്തകളുടെ ഭക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്. ഇപ്പോള്‍ ഏകദേശം 8000ത്തോളം കിളികളാണ് ദിവസവും ജോസഫേട്ടന്റെ അടുത്തെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ മുതലാണ് ജോസഫേട്ടന്‍ പക്ഷികള്‍ക്കും ഭക്ഷണം കരുതിവയ്ക്കാന്‍ തുടങ്ങിയത്. അതുവരെ ജോസഫേട്ടന്റെ സന്ദര്‍ശകരില്‍ ഭുരിഭാഗവും കുരുവികളും അണ്ണാനുമൊക്കെ ആയിരുന്നെങ്കിലും സുനാമി കാലം മുതല്‍ ഒരു പ്രത്യേക ഇനം തത്തകള്‍ ഇവിടേക്കെത്തിതുടങ്ങി. 

കൂടുതല്‍ പക്ഷികള്‍ വന്നുതുടങ്ങിയപ്പോള്‍ ഇവയ്ക്കായി കൂടുതല്‍ ഭക്ഷണം കരുതിവയ്ക്കണം എന്ന്  ജോസഫ് തീരുമാനിച്ചു. അങ്ങനെയാണ് വീടിന്റെ ടെറസില്‍ ഇതിനായി സ്ഥലം കണ്ടെത്തുന്നത്. ടെറസില്‍ തടികൊണ്ടുള്ള പലകകള്‍ നിരത്തിവച്ച് അതിലാണ് ജോസഫ്  തത്തകള്‍ക്കായി ഭക്ഷണം വിളമ്പുന്നത്. രാവിലെയും വൈകിട്ടും ജോസഫ് ഇവര്‍ക്കായി ഭക്ഷണം തയ്യാറാക്കി വച്ചിരിക്കും. ആദ്യം ഒരു ജോഡി  തത്തകളാണ് എത്തിയുരുന്നതെങ്കില്‍ പിന്നീട് ഇവ ആയിരങ്ങളായി. അവയുടെ എണ്ണം ദിവസവും കൂടി വന്നു. ടെറസില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണം കഴിച്ച് ഇവര്‍ മടങ്ങും. 

2015ലെ ജലപ്രളയം ജോസഫിന്റെ സന്ദര്‍ശകരുടെ എണ്ണം വീണ്ടു കൂട്ടി. പക്ഷെ 3000 തത്തകളില്‍ കൂടുതല്‍ എത്തിയാല്‍ ടെറസില്‍ സ്ഥലം തികയാതെയാകും. എന്നാല്‍ ജോസഫിന്റെ സന്ദര്‍ശകരോ 5000കവിയാനും തുടങ്ങി. ഒരു സാധാരണ ദിവസം ജോസഫിന് തന്റെ ടെറസ് രണ്ടു തവണ കഴുകി വൃത്തിയാക്കേണ്ടി വരാറുണ്ട്. മഴക്കാലത്ത് ഇത് അഞ്ച് തവണ വേണ്ടിവരുമെന്ന് ജോസഫ് പറയുന്നു. പഴങ്ങള്‍ നല്‍കിയാല്‍ കഴിക്കുമെങ്കിലും ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം ധാന്യങ്ങളോടൊണെന്ന് ജോസഫ് പറയുന്നു. ഇപ്പോള്‍ ജോസഫിന്റെ ടെറസും കവിഞ്ഞ് റോയപേട്ടയുടെ ആകാശത്ത് എവിടെ നോക്കിയാലും  തത്തകള്‍ പറക്കുന്നത് കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com