മങ്ങിയ പ്രകാശം നിങ്ങളെ മണ്ടനാക്കും!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2018 01:26 PM  |  

Last Updated: 06th February 2018 01:26 PM  |   A+A-   |  

DIM_LIGHT

മങ്ങിയ പ്രകാശം നിങ്ങളെ മണ്ടനാക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിക്കണം. മുറിയിലെ മങ്ങിയ പ്രകാശത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഓര്‍മയെയും പഠനമികവിനെയും അത് ബാധിക്കുമെന്നുമാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

പ്രകാശത്തിലെ വ്യത്യാസങ്ങള്‍ മനുഷ്യരുടെ തലച്ചോറില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ആദ്യമായാണ് കണ്ടെത്തുന്നത്. പുതിയ അറിവുകള്‍ നേടിയെടുക്കുന്നതിനും ഓര്‍മ്മശക്തിക്കും പ്രധാനമായ പങ്കുവഹിക്കുന്ന തലച്ചോറിലെ ഹിപ്പോക്യാംപസ് എന്ന ഭാഗത്തിന്റെ ശേഷി 30ശതമാനം കുറയ്ക്കാന്‍ ഇത് കാരണമാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

തുടര്‍ച്ചയായി മങ്ങിയ പ്രകാശമേല്‍ക്കുന്നത് തലച്ചോറിലെ ബ്രയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ എന്ന ഘടകത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അന്റോണിയോ ന്യൂനെസ് പറഞ്ഞു. ഹിപ്പോക്യാംപസിലെയും ഡെന്‍ഡ്രിറ്റിക് സ്‌പൈനുകളിലെയും ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പെപ്‌റ്റൈഡാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ന്യൂറോണുകള്‍ തമ്മില്‍ 'സംസാരിക്കാന്‍' സഹായിക്കുന്ന ഘടകം. ഇവയ്ക്കിടയിലുള്ള ബന്ധം കുറയാന്‍ മങ്ങിയ വെളിച്ചം കാരണമാകുന്നതുകൊണ്ടുതന്നെ ഓര്‍മയെയും പഠനമികവിനെയും ഈ അവസ്ഥ ദോഷകരമായി ബാധിക്കുമെന്ന് പഠനത്തില്‍ ചൂണ്ടികാട്ടുന്നു.